Image

ആല്‍ഫൈനെ കൊന്നത് ബ്രെഡ്ഡില്‍ സയനൈഡ് ചേര്‍ത്ത് നല്‍കി; കൂടത്തായി കേസില്‍ മൂന്നാം കുറ്റപത്രം

Published on 25 January, 2020
ആല്‍ഫൈനെ കൊന്നത് ബ്രെഡ്ഡില്‍ സയനൈഡ് ചേര്‍ത്ത് നല്‍കി; കൂടത്തായി കേസില്‍ മൂന്നാം കുറ്റപത്രം

വടകര: കൂടത്തായി കൂട്ട കൊലപാതക കേസില്‍ മൂന്നാമത്തെ കുറ്റപത്രം. മുഖ്യ പ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ മകള്‍ ആല്‍ഫൈന്‍ വധക്കേസിലാണ് ഇന്ന് താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 500 ഓളം പേജുള്ളതാണ് കുറ്റപത്രം. 

ഷാജുവിനെ വിവാഹം ചെയ്യുമ്പോള്‍ പെണ്‍കുഞ്ഞ് എന്ന നിലയില്‍ ആല്‍ഫെന്‍ ബാധ്യതയാകും എന്ന ചിന്തയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കെ.ജി സൈമണ്‍ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ഷാജുവിന്റെ മകന്റെ ആദ്യ കുര്‍ബാന ചടങ്ങ് നടക്കുന്നതിനിടെ ബ്രഡില്‍ സയനൈഡ് ചേര്‍ത്തുനല്‍കിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.

കുട്ടിക്ക് സയനൈഡ് കൊടുത്ത ജോളിയമ്മ ജോസഫ് എന്ന ജോളി ഒന്നാംപ്രതിയും മാത്യുവും പ്രജികുമാറും രണ്ടും മൂന്നും പ്രതികളാണ്.  129 സാക്ഷികളും 130 രേഖകളും അടങ്ങുന്നതാണ് കുറ്റപത്രം. കേസില്‍ റോയി തോമസിന്റെ സഹോദരന്‍ റോജോ തോമസ് മുഖ്യസാക്ഷിയാണ്. സ്ഥിരമായി സയനൈഡ് കൊണ്ടുനടക്കുന്ന ജോളി തന്റെ ബാഗില്‍ കരുതിയ സയനൈഡ് കുപ്പിയില്‍ വിരല്‍ തൊട്ട് ബ്രെഡില്‍ തേച്ച് നല്‍കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യാഗസ്ഥര്‍ വ്യക്തമാക്കി. ബ്രഡ് കഴിച്ച് അല്‍പ്പം നടക്കുന്നതിനിടെ കുഞ്ഞ് കുഴഞ്ഞുവീണെങ്കിലും ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയുള്ള അസ്വസ്ഥതയാണെന്ന് പറഞ്ഞ് ആശുപ്രത്രിയില്‍ എത്തിക്കുകയായിരുന്നു.

ആല്‍ഫൈന് ഭക്ഷണം നല്‍കാന്‍ ആവശ്യപ്പെട്ട സിലിയുടെ സഹോദരി ആന്‍സിയുടെ മൊഴിയാണ് കേസില്‍ വഴിത്തിരിവായത്. സയനൈഡ് ഉള്ളില്‍ ചെന്ന് ആല്‍ഫൈന്‍ മരിച്ച ദിവസം ഷാജുവിന്റെ പുലിക്കയത്തെ വീട്ടിലുണ്ടായിരുന്ന സിലിയുടെ ബന്ധുക്കളും ഡോക്ടര്‍മാരുമാണ് സാക്ഷികളില്‍ പ്രധാനപ്പെട്ടവര്‍. റോയിയുടെ സഹോദരന്‍ റോജോയുടെ മൊഴിയും നിര്‍ണായകമായി. ആല്‍ഫൈനിന് ഭക്ഷണം എടുത്ത് കൊടുക്കുന്നത് കണ്ടവര്‍, കുട്ടി മറിഞ്ഞ് വീഴുന്നത് കണ്ടവര്‍, കൃത്യം നടത്തിയ ശേഷം ജോളി കൈകഴുകുന്നത് കണ്ടവര്‍ എന്നിവരെല്ലാം ചോദ്യംചെയ്യലിന്റെ ഭാഗമായി എത്തുകയും കൃത്യമായി മൊഴി നല്‍കുകയും ചെയ്തുവെന്ന് റൂറല്‍ എസ്.പി കെ.ജി സൈമണ്‍ ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക