Image

മരട്:കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ തിങ്കളാഴ്ച മുതല്‍ നീക്കും

Published on 25 January, 2020
മരട്:കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ തിങ്കളാഴ്ച മുതല്‍ നീക്കും
മരട്: മരടില്‍ നിയന്ത്രിത സ്‌ഫോടനത്തില്‍ തകര്‍ത്ത 4 ഫ്‌ലാറ്റുകളുടെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ തിങ്കളാഴ്ച മുതല്‍ നീക്കി തുടങ്ങും. നേരത്തേ നിശ്ചയിച്ച യാഡിലേക്കു തന്നെയാകും അവശിഷ്ടങ്ങള്‍ നീക്കുകയെന്നും ഇതില്‍ അവ്യക്തതയില്ലെന്നും കരാറുകാരായ പ്രോംപ്റ്റ് എന്റര്‍പ്രൈസസ് അറിയിച്ചു. അവശിഷ്ടങ്ങളില്‍ നിന്നു കോണ്‍ക്രീറ്റും കമ്പിയും വേര്‍തിരിക്കുന്ന ജോലി പുരോഗമിക്കുകയാണ്. കോണ്‍ക്രീറ്റ് പൊടിച്ച് എം സാന്‍ഡാക്കി മാറ്റുന്നതിനുള്ള റബിള്‍ മാസ്റ്റര്‍ മൊബൈല്‍ ക്രഷര്‍ 5 ദിവസത്തിനകം എത്തിക്കും.

കോണ്‍ക്രീറ്റ് യാഡിലേക്കു നീക്കിയതിനു ശേഷമാണു യന്ത്രം ഉപയോഗിച്ചു പൊടിക്കുക. യാഡിനു മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ലഭിച്ചു. ഫ്‌ലാറ്റ് പൊളിച്ച സ്ഥലങ്ങള്‍ ജര്‍മന്‍ കമ്പനിയായ 'ഷ്വിങ് സ്റ്റെറ്റര്‍' പ്രതിനിധികളായ ഫിലിപ്പ്, ഫ്രാന്‍സിസ്, കൊച്ചി ഓഫിസില്‍ നിന്നുള്ള സുധാകര്‍, ശ്രീകുമാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. കമ്പിയും കോണ്‍ക്രീറ്റും വേര്‍തിരിക്കുന്ന പ്രക്രിയയില്‍ സംഘം സംതൃപ്തി പ്രകടിപ്പിച്ചു. കോണ്‍ക്രീറ്റില്‍ ലോഹ അവശിഷ്ടങ്ങള്‍ ഉണ്ടാകുന്നതു മൂലം യന്ത്രത്തിനു കേടുപാടുകളുണ്ടാകില്ലെന്ന് ഫിലിപ്പ് പറഞ്ഞു.

മാഗ്‌നറ്റിക് കട്ടറാണു പൊടിക്കുന്നതിന് ഉപയോഗിക്കുന്നത്. ലോഹ കഷണങ്ങള്‍ ഇതു വലിച്ചെടുക്കും. മണിക്കൂറില്‍ 80 മുതല്‍ 150 ടണ്‍ വരെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ യന്ത്രം എംസാന്‍ഡാക്കി മാറ്റും. വേര്‍തിരിക്കല്‍ പൂര്‍ത്തിയായാല്‍ അവശിഷ്ടങ്ങള്‍ നീക്കുന്നതിന് 15 ദിവസം അനുവദിച്ചിട്ടുണ്ടെന്നും ഇതു വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കാനാകുമെന്നും പ്രോംപ്റ്റ് കമ്പനി പ്രതിനിധികളായ അച്യുത് ജോസഫ്, ഇര്‍ഷാദ്, അന്‍സാര്‍ എന്നിവര്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക