Image

ഫേസ്ബുക്കില്‍ ഫോട്ടോ പ്രചരിപ്പിച്ച വിദ്യാര്‍ഥിയെ സഹപാഠി കുത്തി

Published on 16 May, 2012
ഫേസ്ബുക്കില്‍ ഫോട്ടോ പ്രചരിപ്പിച്ച വിദ്യാര്‍ഥിയെ സഹപാഠി കുത്തി
ന്യൂഡല്‍ഹി: ഫേസ്ബുക്കില്‍ ഫോട്ടോ പ്രചരിപ്പിച്ചതിന്റെ പേരില്‍ പത്താം ക്ളാസുകാരന്‍ സഹപാഠിയെ കുത്തി പരിക്കേല്‍പ്പിച്ചു. സെന്‍ട്രല്‍ ഡല്‍ഹിയിലെ ഒരു പ്രമുഖ സ്കൂളിലാണ് സംഭവം. ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ് ചെയ്തതിന്റെ പേരില്‍ ശത്രുതയിലായിരുന്ന വിദ്യാര്‍ഥി പേപ്പര്‍ കട്ടര്‍ ഉപയോഗിച്ചാണ് സഹപാഠിയെ കുത്തി പരിക്കേല്‍പ്പിച്ചത്. ആക്രമണത്തിനു ഇരയായ വിദ്യാര്‍ഥിയുടെ ശരീരത്തില്‍ ആറു തവണ കുത്തേറ്റതിന്റെ മുറിവുകളാണുള്ളത്. കൈയ്യിലെ ഞരമ്പ് മുറിച്ച നിലയില്‍ അവശനിലയിലായ വിദ്യാര്‍ഥിയെ രാജേന്ദ്രനഗറിലെ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയെ അടിയന്ത്ര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെന്നും ഇനി ആശങ്കപ്പെടാനൊന്നുമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അടുത്തിടെ നടന്ന ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കവേയാണ് പ്രശ്നങ്ങളുടെ തുടക്കം. ആക്രമണത്തിനു ഇരയായ വിദ്യാര്‍ഥി, സഹപാഠിയുടെ അടക്കമുള്ളവരുടെ ഫോട്ടോ കാമറയില്‍ പകര്‍ത്തി. ഗ്രൂപ്പ് ഫോട്ടോ പിന്നീട് ക്രോപ്പ് ചെയ്ത് മറ്റൊരു വിദ്യാര്‍ഥിയുടെ ഒപ്പം ചേര്‍ത്ത് ഫേസ്ബുക്കില്‍ പോസ്റ് ചെയ്തു. ഇതു ചോദ്യം ചെയ്ത വിദ്യാര്‍ഥി സഹപാഠിയെ ഭീഷണിപ്പെടുത്തി. സ്കൂളില്‍വച്ച് ആക്രമിക്കുമെന്നായിരുന്നു ഭീഷണി. എന്നാല്‍ ഇതു കാര്യമാക്കാതിരുന്ന വിദ്യാര്‍ഥി ഇക്കാര്യം മാതാപിതാക്കളെയോ സ്കൂള്‍ അധികൃതരെയോ അറിയിച്ചിരുന്നില്ല. ഇതിനു പിന്നാലെ ഇന്നലെ സ്കൂളിലെത്തിയ വിദ്യാര്‍ഥിയെ സഹപാഠി പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇരുവരും പത്താം ക്ളാസ് വിദ്യാര്‍ഥികളാണെങ്കിലും വെവ്വേറെ ഡിവിഷനുകളിലാണ് പഠിക്കുന്നത്. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക