Image

പ്രവീണും രഞ്ജിത്തുമില്ലാത്ത കൂട്ടായ്മ ഇനി വേണ്ടെന്ന് സുഹൃത്തുക്കള്‍

Published on 25 January, 2020
പ്രവീണും രഞ്ജിത്തുമില്ലാത്ത കൂട്ടായ്മ ഇനി വേണ്ടെന്ന് സുഹൃത്തുക്കള്‍

തിരുവനന്തപുരം: 56 പേര്‍ അടങ്ങുന്ന ആ സൗഹൃദ കൂട്ടായ്മയില്‍ ഇനി പ്രവീണും രഞ്ജിത്തുമില്ല. അവര്‍ രണ്ടുപേരുമില്ലാത്ത സൗഹൃദ കൂട്ടായ്മ ഇനി വേണ്ടെന്ന് സുഹൃത്തുക്കളും. നേപ്പാളിലേക്കാണ് പോകുന്നതെന്നും വെള്ളിയാഴ്ച മടങ്ങിയെത്തുമെന്നും സുഹൃത്തുക്കളെ അറിയിച്ച ശേഷമാണ് പ്രവീണും, രഞ്ജിത്തും അടങ്ങുന്ന സംഘം നേപ്പാളിലേക്ക് യാത്ര തിരിച്ചത്. പ്രവീണ്‍ വാക്കുപറഞ്ഞപോലെ അവര്‍ വെള്ളിയാഴ്ച തന്നെ മടങ്ങിയെത്തി ചേതനയറ്റ മൃതശരീരങ്ങളായി. പ്രവീണിന്റെയും, രഞ്ജിത്തിന്റെയും കാര്യം പറയുമ്ബോള്‍ സുഹൃത്തുക്കളുടെ ശബ്ദം ഇടറി, വാക്കുകള്‍ മുറിഞ്ഞു, കണ്ണുനീര്‍ അണപൊട്ടിയൊഴുകി. തങ്ങളുടെ ഉറ്റ സുഹൃത്തുക്കള്‍ ഇനി മടങ്ങിയെത്തില്ലെന്ന യാഥാര്‍ഥ്യം നെഞ്ച് വിങ്ങിപ്പൊട്ടുന്ന വേദനയോടെ അവര്‍ ഉള്‍ക്കൊണ്ടു. പാപ്പനംകോട് ശ്രീചിത്തിര തിരുനാള്‍ എന്‍ജിനിയറിംഗ്് കോളജില്‍ നിന്നും തുടങ്ങിയ ഇരുപത് വര്‍ഷത്തിലേറെ ആഴമുള്ള സൗഹൃദബന്ധമായിരുന്നു ഇവര്‍ക്കിടയിലുണ്ടായിരുന്നത്.


കലാലയ ജീവിതത്തിന് ശേഷവും ഈ 56 പേരടങ്ങുന്ന സുഹൃദ്‌വലയം അവരുടെ സൗഹൃദം വാട്സാപ്പ് വഴിയും ഫോണ്‍ കോളുകളിലൂടെയും നിലനിര്‍ത്തി. പലപ്പോഴും ഒത്തുകൂടലുകളും ഒത്തുചേരലിനൊടുവില്‍ കുടുംബവുമായി യാത്രകളും പതിവായിരുന്നു. ഇക്കുറി പലര്‍ക്കും ഒന്നിച്ചെത്താനായില്ല. അതുകൊണ്ട് തന്നെ പലരും പല സംഘമായി പലപ്പോഴായാണ് ഒത്തുകൂടിയത്. സഹപാഠിയും ഡാര്‍ജിലിംഗില്‍ എഫ്.സി.ഐയിലെ ഉദ്യോഗസ്ഥനുമായ രാംകുമാറിനെ കണ്ടശേഷമാണ് പ്രവീണും രഞ്ജിത്തും അടങ്ങുന്ന സംഘം നേപ്പാളിലേക്ക് യാത്ര തിരിച്ചത്. സംഘത്തിലുണ്ടായിരുന്നവര്‍ വാട്സാപ്പിലൂടെ വിവരം അറിയിച്ചപ്പോഴാണ് നാട്ടിലുള്ള സുഹൃത്തുക്കള്‍ അപകട വിവരം അറിഞ്ഞത്. പാപ്പനംകോട് ശ്രീചിത്തിര തിരുനാള്‍ എന്‍ജിനിയറിംഗ്് കോളജിലെ 2000-2004 ബാച്ചിലെ അംഗങ്ങളായിയുന്നു ഇവര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക