Image

ഗവര്‍ണറെ തിരിച്ച്‌ വിളിക്കാന്‍ രാഷ്ട്രപതിയോട്‌ ആവശ്യപ്പെടുന്ന പ്രമേയത്തിന്‌ അനുമതി തേടി പ്രതിപക്ഷ നേതാവ്‌

Published on 25 January, 2020
ഗവര്‍ണറെ തിരിച്ച്‌ വിളിക്കാന്‍ രാഷ്ട്രപതിയോട്‌ ആവശ്യപ്പെടുന്ന പ്രമേയത്തിന്‌ അനുമതി തേടി പ്രതിപക്ഷ നേതാവ്‌

സംസ്ഥാന ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാനെ തിരിച്ച്‌ വിളിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം.

 കേരള നിയമസഭയുടെ അന്തസിനെ തന്നെ ചോദ്യം ചെയ്യുന്ന ഗവര്‍ണറെ തിരിച്ച്‌ വിളിക്കാന്‍ രാഷ്ട്രപതിയോട്‌ ആവശ്യപ്പെടുന്ന പ്രമേയം സഭയില്‍ അവതരിപ്പിക്കാന്‍ അനുമതി തേടി പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണന്‌ നോട്ടീസ്‌ നല്‍കി. 

നിയമസഭയുടെ ഭാഗമാണ്‌ ഗവര്‍ണര്‍ എന്നിരിക്കെ നിയമസഭാ നടപടിയെ വെല്ലുവിളിക്കുകയും നിയമസഭയുടെ അന്തസിനെ തന്നെ ചോദ്യം ചെയ്യുകയും ചെയ്യുന്ന നിലപാട്‌ സ്വീകാര്യമല്ല.

 അതുകൊണ്ട്‌ ഗവര്‍ണറെ തിരിച്ച്‌ വിളിക്കാന്‍ രാഷ്ട്രപതി തയ്യാറാകണമെന്ന പ്രമേയം നിയസഭയില്‍ അവതരിപ്പിച്ച്‌ പാസാക്കണമെന്നാണ്‌ പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്‌.

സംസ്ഥാന നിയമസഭ ഇതിന്‌ മുമ്പും പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ട്‌. അപ്പോഴൊന്നും ഇല്ലാത്ത പ്രശ്‌നമാണ്‌ പൗരത്വ നിയമത്തിനെതിരായ പ്രമേയത്തില്‍ ഗവര്‍ണര്‍ സ്വീകരിക്കുന്നത്‌.

 നിയമസഭ പ്രമേയം പാസാക്കിയ നടപടി ചട്ടവിരുദ്ധവും തെറ്റുമാണെന്ന ഗവര്‍ണറുടെ നിലപാട്‌ അനുചിതമാണ്‌. സ്‌പീക്കറുടെ അനുമതിയോടെയാണ്‌ നിയമസഭ പ്രമേയം പരിഗണനക്ക്‌ എടുത്തതും ഐക്യകണ്‌ഠേന പാസാക്കിയതും 

അത്‌ കേരളത്തിലെ ജനങ്ങളുടെ വികാരമാണ്‌. കേരള നിയമസഭയുടെ ഭാഗമായ ഗവര്‍ണര്‍ പ്രമേയത്തെ തള്ളിയും നിയമസഭാ നടപടിയെ അവഹേളിച്ചതും തെറ്റാണ്‌. 

അതൃപ്‌തിയുണ്ടെങ്കില്‍ അത്‌ ഗവര്‍ണര്‍ സ്‌പീക്കറെ രേഖാമൂലം അറിയിക്കണമായിരുന്നു എന്നും പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞതായി ഏഷ്യാനെറ്റ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു.

മുഖ്യമന്ത്രി പിണറായി വിജയന്‌ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാനെ ഭയമാണെന്നാണ്‌ തോന്നുന്നതെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു. നിയമസഭയേയും സര്‍ക്കാരിനെയും ഇത്രമേല്‍ അവഹേളിച്ചിട്ടും മുഖ്യമന്ത്രി മൗനം തുടരുന്നത്‌ അത്ഭുതമാണ്‌.

 ഗവര്‍ണറെ കണ്ട്‌ പ്രതിഷേധം അറിയിക്കാനോ കാര്യങ്ങള്‍ ഗവര്‍ണറെ ബോധ്യപ്പെടുത്താനോ പോലും മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്നും രമേശ്‌ ചെന്നിത്തല കുറ്റപ്പെടുത്തി



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക