Image

വിചാരണ കൂടാതെ പ്രതിപ്പട്ടികയില്‍ നിന്ന്‌ ഒഴിവാക്കണം; വിടുതല്‍ ഹര്‍ജിയുമായി ബിഷപ്‌ ഫ്രാങ്കോ

Published on 25 January, 2020
വിചാരണ കൂടാതെ പ്രതിപ്പട്ടികയില്‍ നിന്ന്‌ ഒഴിവാക്കണം;  വിടുതല്‍ ഹര്‍ജിയുമായി ബിഷപ്‌ ഫ്രാങ്കോ


കന്യാസ്‌ത്രീയെ ബലാത്സംഗം ചെയ്‌തുവെന്ന കേസില്‍ വിടുതല്‍ ഹര്‍ജിയുമായി ബിഷപ്പ്‌ ഫ്രാങ്കോ മുളക്കല്‍. 

വിചാരണ കൂടാതെ പ്രതിപ്പട്ടികയില്‍ നിന്ന്‌ ഒഴിവാക്കണമെന്നാണ്‌ ആവശ്യം. ബിഷപ്‌ഫ്രാങ്കോയുടെ ഹര്‍ജിയില്‍ ഫെബ്രുവരി നാലിന്‌ കോടതി വാദം കേള്‍ക്കും. 

കുറുവിലങ്ങാട്‌ മഠത്തില്‍ വച്ച്‌ 2014-16 കാലയളവില്‍ ബിഷപ്പ്‌ ലൈംഗികമായി പീഡിപ്പിച്ചെന്ന്‌ കഴിഞ്ഞ വര്‍ഷം ജൂണ്‍ 27 നാണ്‌ കന്യാസ്‌ത്രീ പരാതി നല്‍കിയത്‌. 

കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ കോടതിയിലാണ്‌ ബിഷപ്‌ ഫ്രാങ്കോയുടെ കേസ്‌ പരിഗണിക്കുന്നത്‌. കേസില്‍ ബിഷപ്‌ ഇന്ന്‌ കോടതിയില്‍ ഹാജരായിരുന്നില്ല.

കഴിഞ്ഞ ഏപ്രില്‍ ഒന്‍പതിനാണ്‌ കേസിലെ കുറ്റപത്രം സമര്‍പ്പിച്ചത്‌. ആയിരം പേജുള്ള കുറ്റപത്രത്തില്‍ മൂന്ന്‌ ബിഷപ്പ്‌മാരും 11 വൈദികരും 24 നഴ്‌സുമാരും ഉള്‍പ്പടെ 84 സാക്ഷികളുണ്ട്‌. 

ബലാത്സംഗം, അന്യായമായി തടവില്‍ വയ്‌ക്കല്‍, അധികാരം ഉപയോഗിച്ച്‌ സ്‌ത്രീയെ ലൈംഗീകമായി പീഡിപ്പിക്കല്‍ ഉള്‍പ്പടെ ആറു വകുപ്പുകളാണ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്‌.

ബിഷപ്‌ ഫ്രാങ്കോയെ പിന്തുണച്ച്‌ ജലന്ധറില്‍ നിന്നും ഒരുപറ്റം വൈദികര്‍ ഇന്നും കോട്ടയത്ത്‌ എത്തിയിരുന്നു. 

വിടുതല്‍ ഹര്‍ജി കോടതി അംഗീകരിച്ചാല്‍ തനിക്കെതിരായ കേസ്‌ അവസാനിക്കുമെന്നും കോടതി ഹര്‍ജി തള്ളിയാല്‍ മറ്റു മാര്‍ഗങ്ങള്‍ നോക്കുമെന്നും ബിഷപ്‌ ഫ്രാങ്കോ ജലന്ധറിലെ വൈദികര്‍ക്ക്‌ അയച്ച സന്ദേശത്തില്‍ പറയുന്നു.

അതേസമയം കേസില്‍ മൊഴി മാറ്റാന്‍ സമ്മര്‍ദ്ദം ഉണ്ടെന്ന്‌ മുഖ്യസാക്ഷി സിസ്റ്റര്‍ ലിസി വടക്കേല്‍ നേരത്തെ ആരോപിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക