Image

ഗ്രീസിനു കാവല്‍ പ്രധാനമന്ത്രി; ജൂണ്‍ 17ന് തെരഞ്ഞെടുപ്പ്

Published on 16 May, 2012
ഗ്രീസിനു കാവല്‍ പ്രധാനമന്ത്രി; ജൂണ്‍ 17ന് തെരഞ്ഞെടുപ്പ്
റോം: സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ ഗ്രീസില്‍ ജൂണ്‍ 17ന് വീണ്ടും തെരഞ്ഞെടുപ്പു നടക്കും. ഈ മാസം ആറിനു നടന്ന വോട്ടെടുപ്പില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടിയിരുന്നില്ല. മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി വിവിധ പാര്‍ട്ടികള്‍ ഒമ്പതു ദിവസമായി നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും വോട്ടെടുപ്പു നടത്താന്‍ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് വരെയുള്ള ഇടക്കാലസര്‍ക്കാറിന്റെ തലവനായി ജഡ്ജി പനാജിയോട്ടിസ് പിക്രമെനോസിനെ നിയമിച്ചിട്ടുണ്ട്. സഖ്യസര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവസാനശ്രമവും പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ബുധനാഴ്ചയാണ് പാര്‍ട്ടി നേതാക്കള്‍ പ്രസിഡന്റ് കാര്‍ലോസ് പാപുലിയാസിനെ കണ്ട് പുതിയ തെരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചത്. രാഷ്ട്രീയക്കാര്‍ക്കു പകരം വിവിധ രംഗങ്ങളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ രൂപീകരിക്കണമെന്ന പ്രസിഡന്റ് കാര്‍ലോസ് പപ്പുലിയസിന്റെനിര്‍ദേശം വോട്ടെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ ഇടതുപക്ഷ സിരിസാ പാര്‍ട്ടി അംഗീകരിച്ചില്ല. ഇതേത്തടുര്‍ന്നാണ് കാവല്‍ സര്‍ക്കാരിനു രൂപംനല്‍കാന്‍ തീരുമാനിച്ചത്. യൂറോപ്യന്‍ യൂണിയന്റെ ചെലവുചുരുക്കല്‍ പരിപാടിയെ പിന്തുണച്ച പാസോക്ക്, ന്യൂ ഡെമോക്രസി പാര്‍ട്ടികള്‍ക്ക് ഇക്കഴിഞ്ഞ വോട്ടെടുപ്പില്‍ ജനം തിരിച്ചടി നല്‍കി. രണ്ടു പാര്‍ട്ടികള്‍ക്കുംകൂടി 77% വോട്ടുണ്ടായിരുന്നത് ഇത്തവണ 33% ആയി കുറഞ്ഞു. ഇടതുപക്ഷ സിരിസാ പാര്‍ട്ടിക്കാണ് രണ്ടാംസ്ഥാനം. ജൂണിലെ തെരഞ്ഞെടുപ്പില്‍ സിരിസാ പാര്‍ട്ടി ഒന്നാം സ്ഥാനത്തെത്തുമെന്നു കരുതപ്പെടുന്നു. ഇതേസമയം, അടുത്ത തെരഞ്ഞെടുപ്പിലും ആര്‍ക്കും ഭൂരിപക്ഷം കിട്ടാനിടയില്ലെന്നും തെരഞ്ഞെടുപ്പു പ്രക്രിയ ആവര്‍ത്തിക്കേണ്ടിവരുമെന്നും നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. ഗ്രീസിലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച പരാജയപ്പെട്ടെന്ന വാര്‍ത്ത ഓഹരിവിപണികളെ ഉലച്ചിരുന്നു. യൂറോ മേഖലയില്‍നിന്നു ഗ്രീസ് പുറത്താകുമെന്ന് ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക