Image

കുങ്ഫുവാണ് മാസ്റ്റര്‍

Published on 24 January, 2020
കുങ്ഫുവാണ് മാസ്റ്റര്‍
1983, ആക്ഷന്‍ ഹീറോ ബിജു, പൂമരം അതിനു ശേഷം ഏററവും ഒടുവിലായി ഇതാ കുങ് ഫു മാസ്റ്റവും. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ഈ സിനിമകളുടെയെല്ലാം പ്രമേയം പരിശോധിക്കുമ്പോള്‍ തന്നെ അറിയാം അതിന്റെ വ്യത്യസ്തത. സംവിധായകനാകും മുമ്പ് ഫോട്ടോഗ്രാഫര്‍ ആയിരുന്നതിന്റെ ഗുണമായിരിക്കണം അദ്ദേഹം ഓരോ സിനിമ ചെയ്യുമ്പോഴും പ്രമേയപരമായി വ്യത്യസ്തങ്ങളായ ഫ്രെയിമുകള്‍ തേടാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്.

കുങ് ഫു മാസ്റ്റര്‍ എന്നു കേള്‍ക്കുമ്പോള്‍ ഏതെങ്കിലും ചൈനീസ് പടം ഓര്‍മ്മയില്‍ വരുന്നെങ്കില്‍ തെറ്റില്ല. പക്ഷേ മലയാളത്തില്‍ ഇന്നേ വരെ പരീക്ഷിച്ചിട്ടില്ലാത്ത ഈ കഥയും കഥാപരിസരവും അതിന്റെ ട്രീറ്റ്‌മെന്റും പ്രേക്ഷകനെ രസിപ്പിക്കുക തന്നെ ചെയ്യും. കുങ്ഫു എന്ന ആയോധനകലയുടെ എല്ലാ സൗന്ദര്യവും ഇതില്‍ പ്രകടമാക്കിയിട്ടുണ്ട്.

മലയാള സിനിമയില്‍ കുങ് ഫു എന്ന ആയോധന കലയ്ക്ക് പ്രാധാന്യം നല്കി ഒരുക്കിയിട്ടുള്ള ചിത്രങ്ങള്‍ ഇല്ല എന്നു പറയാം. ഈ സിനിമ വ്യത്യസ്തമാകുന്നതിന്റെ ആദ്യകാരണം അതാണ്. രണ്ടാമത് കുങ് ഫു ചെയ്യുന്നത് ഒരു യുവതിയാണ് എന്നതാണ്. അവളാണ് ചിത്രത്തിലെ നായിക. അതാണ് മറ്റൊരു കൗതുകം. ഇതിനോടൊപ്പം ഉത്തരാഖണ്ഡില്‍ ചിത്രീകരിച്ച തികച്ചും വ്യത്സ്തമായ ശൈലിയില്‍ ക്വട്ടേഷന്‍ ഗ്യാങ്ങിന്റെയും മയക്കുമരുന്നു മാഫിയയുടെയും ഭീഷണികളും അവര്‍ക്കിടയില്‍ നിന്നു കൊണ്ട് അതിജീവനത്തിനായി പോരാടുന്ന ഒരു കുടുംബത്തിന്റെയും കഥ പറയുന്ന ചിത്രമാണ് ദി കുങ് ഫു മാസ്റ്റര്‍. ഹോളിവുഡ് സിനിമകളില്‍ കാണുന്നതു പോലെ തന്നെ കുങ് ഫു ആക്ഷന്‍ കൊറിയോഗ്രാഫിയുടെ മനോഹാരിത അതേ പോലെ അല്ലെങ്കില്‍ അതിനേക്കാള്‍ പെര്‍ഫെക്ടായി ഈ ചിത്രത്തില്‍ കാണാം.

തന്റെ മുന്‍ചിത്രങ്ങളില്‍ പറഞ്ഞ കഥകളേക്കാള്‍ വ്യത്യസ്തമായി ഇതൊരു പ്രതികാര കഥയാണ് സംവിധായകനായ എബ്രിഡ് ഷൈന്‍ പറയുന്നത്. ഉത്തരാഖണ്ഡിലെ ഒരു മലയാളി കുടുംബം.  ആ കുടുംബത്തിന്റെ സാധാരണ ജീവിത പരിസരത്തു നിന്നുമാണ് സിനിമ തുടങ്ങുന്നത്. കുങ് ഫു അഭ്യസിച്ചിട്ടുള്ള ഒരു ചേട്ടന്റെയും അനിയത്തിയുടെയും കഥ പറയുന്ന സിനിമ. സാധാരണ കുടുംബ ജീവിതം നയിച്ച് അവര്‍ സന്തോഷമായി കഴിയുന്നു. എന്നാല്‍ ആ പ്രദേശമാകട്ടെ ലഹരി മരുന്നു രാജാക്കന്‍മാരുടെ തേര്‍വാഴ്ച നടക്കുന്ന ഇടം കൂടിയായിരുന്നു. ഈ ലഹരി മരുന്നു മാഫിയ തലവന്‍മാര്‍ക്കൊപ്പമുള്ളത് കായികാഭ്യാസികളായ ഗുണ്ടകളാണ്. ഇവരില്‍ നിന്നും ഈ കുടുംബത്തിനു നേരിടേണ്ടി വരുന്ന വെല്ലുവിളികളും അതിനെ അതിജീവിക്കാന്‍ അവര്‍ നടത്തുന്ന പോരാട്ടങ്ങളുമാണ് കുങ് ഫു മാസ്റ്റര്‍ പറയുന്നത്. 

വളരെ രസകരമായ രീതിയില്‍  തന്നെ ആദ്യ പകുതി കടന്നു പോകുന്നു. പ്രേക്ഷകനില്‍ ആകാംക്ഷ വളര്‍ത്തിക്കൊണ്ടു തന്നെയാണ് ആദ്യ പകുതി അവസാനിക്കുന്നതും. ഇടവേളയ്ക്കു ശേഷം ത്രില്ലടിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍കൊണ്ട് സമ്പന്നമാണ് ചിത്രം. പൂമരത്തിലെ നായികയായ നീത പിള്ളയാണ് ഈ ചിത്രത്തലെ പെണ്‍കുട്ടിയെന്ന് വിശ്വസിക്കാന്‍ കഴിയില്ല.  അത്ര മെയ്‌വഴക്കത്തോടെ തികഞ്ഞ അഭ്യാസിയേ പ്പോലെയാണ് ആക്ഷന്‍ രംഗങ്ങളില്‍ നീത കസറിയത്. മഞ്ഞുമൂടിയ മലനിരകളിലും മറ്റും ഒരു ഡ്യൂപ്പിന്റെയും സഹായമില്ലാതെ നൂരു ശതമാനം ഒറിജിനലായി  ചെയ്ത ആക്ഷന്‍ രംഗങ്ങള്‍ പ്രേക്ഷകനെ ത്രസിപ്പിക്കാന്‍ പോന്നതാണ്. വില്ലനായെത്തിയ സനൂപ്, പുതുമുഖം ജിജി സ്കറിയ  എന്നിവരും കഥാപാത്രങ്ങളെ മികച്ചതാക്കി. 

പ്രേക്ഷകന് കണ്ടും കേട്ടും പരിചയമുള്ള ഒരു കഥയെ വ്യത്യസ്തമായ ഒരു പശ്ചാത്തലത്തില്‍ ഏറെ മനോഹരമായതെങ്കിലും പ്രയാസകരവും ചടുലവുമായ ഒരു ആയോധന കലയുമായി സമന്വയിപ്പിച്ചു കൊണ്ട് പ്രമേയത്തെ അവതരിപ്പിച്ച രീതിയ്ക്ക് എബ്രിഡ് ഷൈന്‍ എന്ന സംവിധായകന്‍ നൂറില്‍ നൂറു മാര്‍ക്കും അര്‍ഹിക്കുന്നു. പ്രേക്ഷകന് അത്രയൊന്നും പരിചിതരല്ലാത്ത കേന്ദ്ര കഥാപാത്രങ്ങള്‍ക്കൊപ്പം ഒരു പറ്റം പുതുമുഖ താരങ്ങളെ അണിനിരത്തി ഇതു പോലൊരു ചിത്രമൊരുക്കാന്‍ അദ്ദേഹം കാട്ടിയ ധൈര്യത്തിനും കൊടുക്കണം നല്ലൊരു കൈയ്യടി. പ്രത്യേകിച്ചും നായികയെ കൊണ്ട് കുങ് ഫു പോലൊരു മാര്‍ഷ്യല്‍ ആര്‍ട്ട് ഫുള്‍ ആക്ഷന്‍ അവതരിപ്പിക്കാനുള്ള ധൈര്യം. മലയാളത്തില്‍ എത്ര മുന്‍നിര നായികമാര്‍ക്ക് ഇതിനുള്ള ധൈര്യമുണ്ടാകും എന്നു പറയാന്‍ കഴിയില്ല. ആരും കൊതിച്ചു പോകുന്ന പെര്‍ഫെക്ട് ആക്ഷന്‍ സീനുകളാണ് നീത പിളളയുടേത്. അത് പ്രേകഷകനെ അമ്പരപ്പിക്കും വിധം പ്രകടിപ്പിക്കാന്‍ നീതയ്ക്ക് സാധിച്ചിട്ടുണ്ട്. തിയേറ്ററില്‍  നീതയെന്ന യുവതാരത്തിന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ പ്രേക്ഷകന്റെ കൈയ്യടി നേടുമെന്ന കാര്യത്തില്‍ സംശയമില്ല.

മഞ്ഞുമൂടിയ വലിയ മലനിരകളും ചെങ്കുത്തായ കയറ്റിറക്കങ്ങളും എല്ലാം കൂടി ചേരുന്ന ഉത്തരാഖണ്ഡിന്റെ വശ്യമനോഹാരിത മുഴുവന്‍ ഓരോ ഫ്രയിമിലും ആവാഹിക്കാന്‍ ഛായാഗ്രാഹകന്‍ അര്‍ജുന്‍ രവിക്ക് സാധിച്ചിട്ടുണ്ട്. കുടുംബത്തനൊപ്പവും കൂട്ടുകാര്‍ക്കൊപ്പവും ഇതു രണ്ടുമല്ലെങ്കില്‍ തനിച്ചു പോയും കാണാന്‍ കഴിയുന്ന ഒരുഗ്രന്‍ സിനിമയാണ് ദ് കുങ്ഫു മാസ്റ്റര്‍. ഡോണ്ട് മിസ്സ് ഇറ്റ്.      

കുങ്ഫുവാണ് മാസ്റ്റര്‍കുങ്ഫുവാണ് മാസ്റ്റര്‍കുങ്ഫുവാണ് മാസ്റ്റര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക