image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

പണിക്കവീട്ടിലെഴുതിയ 'സുധീറിന്റെ കഥകള്‍' (അവലോകനം: ജോസഫ് പടന്നമാക്കല്‍)

SAHITHYAM 24-Jan-2020
SAHITHYAM 24-Jan-2020
Share
image
സുധീർ പണിക്കവീട്ടിലെഴുതിയ 'സുധീറിന്റെ കഥകൾ'  ഹൃദ്യവും വായനക്കാരുടെ മനസിനെ സ്പർശിക്കുന്നതും ഹാസ്യഭാവങ്ങൾ നിറഞ്ഞതുമാണ്.  ഓരോ ചെറുകഥയും  വായിച്ചുകഴിഞ്ഞപ്പോൾ  ഈ കഥാസമാഹാരം താത്ത്വികമോ കഥയോ സാമൂഹിക ചിന്തകളോയെന്നു  വേർതിരിക്കാനും പ്രയാസമായിരുന്നു.  പുസ്തകത്തിനുള്ളിലെ  കഥാപാത്രങ്ങൾ എനിക്കുചുറ്റും എവിടെയോ ജീവിച്ചിരുന്നവരാണെന്നുള്ള  അനുഭൂതികളുമുണ്ടായി. അമ്പതു  കഥകളാണ് ഈ വിശിഷ്ടരചനയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഓരോ കഥയിലും തുടക്കം മുതൽ അവസാനമെന്തെന്നു അറിയാനുള്ള ഒരു സന്ദിഗ്ദ്ധാവസ്ഥ വായനക്കാരിൽ സൃഷ്ടിക്കുന്നു. അനുഭൂതികളുണ്ടാക്കുന്നു.  അറിയാതെ തന്നെ പരിസരബോധം നോക്കാതെ പൊട്ടിച്ചിരിക്കുകയും ചെയ്യും.  സുദീർഘമായ ചിന്താധാരയിൽ നിരവധി കഥാപാത്രങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുന്ന ഈ പുസ്തകത്തെപ്പറ്റി ഒരു അവലോകനമെഴുതുകയെന്നതിനും വാക്കുകൾ മതിയാകുന്നില്ല. ഇതിലെ കഥകളും കഥാപാത്രങ്ങളും നമ്മുടെയിടയിൽ നിന്നും ഒപ്പിയെടുത്തതാണെന്ന് ഗ്രന്ഥകാരൻ തന്നെ ആമുഖത്തിൽ പറയുന്നുണ്ട്. ഈ ലേഖകനും അദ്ദേഹത്തിൻറെ കഥാപാത്രങ്ങളിൽ ഉണ്ടെന്നുള്ള  തോന്നലുമുണ്ട്. അനുഭവങ്ങളും പാളീച്ചകളും സുധീറിന്റെ കഥാപാത്രങ്ങളിൽക്കൂടി ജീവിക്കുന്നു.

എഴുപതുകൾക്കുശേഷമാണ് മലയാളികൾ അമേരിക്കയിലേക്ക് കുടിയേറ്റക്കാരായി  വന്നെത്തുവാൻ തുടങ്ങിയത്. അതിനുമുമ്പും ഇവിടെയുള്ള സർവ്വകലാശാലകളിൽ നിരവധിപേർ പഠിക്കുകയും ജോലിചെയ്യുകയും ചെയ്യുന്നുണ്ടായിരുന്നു. ആദ്യകുടിയേറ്റക്കാരായി ഇവിടെയെത്തിയ ഓരോ മലയാളിയും  ഇന്ന് അമേരിക്കയുടെ സാംസ്ക്കാരിക രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. വേനലിലിലും ശിശിരകാലത്തിലും  തണുപ്പിലും കാലഭേദങ്ങളെ ഭേദിച്ചുകൊണ്ട് സായിപ്പിന്റെ നാട്ടിലെ ഈ മണ്ണിൽ ജീവിക്കാൻ പടവെട്ടിയ നാം ഓരോരുത്തരും ചരിത്ര  കഥാപാത്രങ്ങളാണ്.  ചിലർ ജീവിതത്തിൽ വന്ന പാളീച്ചകളും പാകപ്പിഴകളും  മനസിനുള്ളിൽ ഒളിച്ചുവെച്ചു. വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളുമായുള്ള രണ്ടു സാംസാക്കാരങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ നമ്മുടെ മക്കളും ചിന്താക്കുഴപ്പത്തിലാണ് വളർന്നത്.  താറുമാറായ കുടുംബജീവിതം നയിച്ചവരുമുണ്ട്. ഒരേ പാത്രത്തിൽ വെച്ചുവിളമ്പിയ  ബന്ധുമിത്രാദികളിൽ പലരും  കാലത്തിന്റെ പ്രയാണത്തിൽ ഭൂമിയിൽ നിന്നും ഇല്ലാതായി. ഓർക്കുമ്പോൾ നാം ഏകനാണെന്നു തോന്നും.   ശ്രീ പണിക്കവീട്ടിലിന്റെ കഥകളിലെ കഥാപാത്രങ്ങൾ  നമുക്ക് ചുറ്റുമുണ്ടായിരുന്നവർ തന്നെ. അല്ലെങ്കിൽ അവർ എവിടെയോ  ഇന്നും ജീവിച്ചിരിപ്പുണ്ടെന്നു  തോന്നിപ്പോവുന്നു.

ഗ്രന്ഥകാരൻ സ്വന്തം അനുഭവങ്ങളുടെ സാക്ഷ്യങ്ങളും കഥകളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വായനയിൽക്കൂടി ചിലർ അദ്ധ്യാത്‌മികതയുടെ പൂർണ്ണത പ്രാപിക്കാൻ ശ്രമിക്കുന്നു.   പരബ്രഹ്മം ഉണ്ടെന്നും മനുഷ്യ കോശങ്ങളിൽ എവിടെയോ സ്ഥിതിചെയ്യുന്ന 'ആത്മം' ജന്മ ജന്മാന്തരങ്ങളിലൂടെ  പരമാത്മാവിൽ ലയിക്കുമെന്നെല്ലാമുള്ള മൂഢ സ്വർഗത്തിൽ ചിലർ ജീവിക്കുന്നു. സ്വധർമ്മം നിലനിർത്താൻ, അധർമ്മത്തെ  ഇല്ലാതാകാൻ 'കൊല്ലുക' 'കൊല്ലുക' എന്നും  ആത്മീയ പുരാണങ്ങൾ ഉരുവിടുന്നു.  പാപ ബോധം മനസിലുയർത്തി മതപഠനങ്ങളെ കച്ചവടങ്ങളാക്കാനും സെമിറ്റിക് മതങ്ങൾ മത്സരിക്കുന്നു. ഓരോ മതങ്ങളും സ്വകാര്യവൽക്കരിയ്ക്കപ്പെട്ടിരിക്കുന്നു. അന്യന്റെ മതത്തെ പുച്ഛം. പേരുനോക്കി സൗഹാർദം സ്ഥാപിക്കുന്നവരുമുണ്ട്. മുള്ളാമാരുടെയും പൂജാരിമാരുടെയും പുരോഹിതരുടെയും മതബോധനങ്ങൾ കേൾക്കാൻ ഭൂരിഭാഗത്തിനും താൽപ്പര്യമാണ്. സ്വന്തം ഭാഷയോ, ഭാഷയുടെ വൈജ്ഞാനിക ചിന്തകളോ ഗ്രഹിക്കാൻ ഇക്കൂട്ടർ താൽപ്പര്യം കാണിക്കാറില്ല. പള്ളി പ്രസംഗം സത്യമെന്ന് വിശ്വസിച്ചു നടക്കുന്ന വലിയൊരു അമേരിക്കൻ മലയാളി സമൂഹത്തിന് മലയാള സാഹിത്യ കൃതികളോ അമേരിക്കൻ ജീവിതത്തെ പങ്കുവെക്കുന്ന പുസ്തകങ്ങളോ വായിക്കാൻ താല്പര്യം കാണില്ല.

ശ്രീ പണിക്കവീട്ടിലിന്റെ  കൃതിയിൽ ആദ്ധ്യാത്മിക പരിവേഷം അണിഞ്ഞിട്ടുള്ള കപട വിശ്വാസികളെ നോവിച്ചു വിട്ടിട്ടുണ്ട്.  ഒളിച്ചു വെച്ചുകൊണ്ടു  ഒന്നും തന്നെ അദ്ദേഹം എഴുതിയിട്ടില്ല. ആരെയും കൂസാതെ  പരസ്യമായി സത്യം പുലമ്പാനുള്ള ചങ്കൂറ്റവും കഥാകൃത്തിനുണ്ട്.  കഥകളെല്ലാം അനുകരണങ്ങളില്ലാതെ സ്വന്തം മനസ്സിൽ നിന്നും ഉത്തേജിച്ചതുമാണ്.  നിശ്ചിതമായ പ്രശ്നങ്ങളെ വിലയിരുത്തുന്ന ഗ്രന്ഥകാരന്റെ  ആവിഷ്ക്കാര സ്വതന്ത്ര്യത്തിൽ ചിലർ നീരസം പ്രകടിപ്പിച്ചേക്കാം.  ഈ പുസ്തകത്തിലെ ഓരോ താളുകളും ജീവിതാനുഭവങ്ങളുമായി സ്വച്ഛന്ദം സഞ്ചരിക്കുന്നവരുടെ  മനസിന്റെ ഉള്ളിലേക്ക് കടന്നുകയറുമെന്നതിലും സംശയമില്ല. സത്യത്തിന്റെ കാഹളവും മുഴങ്ങുന്നതായി  അനുഭവപ്പെടും.

ഇരുപത്തിയഞ്ചുകാരൻ യുവാവിന്റെ  'പ്രണയ പുഷ്പ്പമേ' എന്ന പാട്ടോടെയാണ് ആദ്യ അദ്ധ്യായത്തിലെ കഥ ആരംഭിക്കുന്നത്. ആർത്തവം നിന്നു  കഴിയുമ്പോൾ അയാളിലെ സഹധർമ്മണിയോടുള്ള ആർദ്രത അവിടെയില്ലാതാവുന്നു. 'എന്റെ കഷ്ടകാലം ആരംഭിച്ചത് നിന്നെ കെട്ടിയ നാളു മുതലെന്നു' അമ്പതുകാരൻ മദ്ധ്യ വയസ്‌ക്കൻ മുറുമുറുക്കാനും തുടങ്ങും. ഇരുപത്തൊന്നു വയസിൽ കാമാഗ്നി കൊണ്ടു ദഹിച്ചിരുന്ന ഭാര്യയും വിട്ടുകൊടുക്കില്ല. 'ഇതിയാൻ എന്റെ തലയിൽ കയറിയല്ലോ ദൈവമെയെന്നും ഇതിയാനെക്കൊണ്ടു  മടുത്തുവെന്നുമുള്ള'  നാല്പത്തിയഞ്ചു വയസുകാരിയായ  ഭാര്യയുടെ മുറുമുറുപ്പും ഈ കഥയിൽ ആലങ്കാരികമായി വർണ്ണിച്ചിട്ടുണ്ട് . അയൽവക്കത്തെ സ്ത്രീയെ കാണുമ്പോഴുള്ള മദ്ധ്യവയസ്‌ക്കന്റെ പ്രേമവും കണ്ണടച്ചുകാണിക്കലും ഭാര്യയിൽ നിന്നുള്ള ഒളിച്ചു കളിയും കഥയിൽ നന്നായി അവതരിപ്പിച്ചിരിക്കുന്നു. പശു പുല്ലു തിന്നുകയില്ല മറ്റുള്ളവരെക്കൊണ്ട് തീറ്റിക്കുകയുമില്ലയെന്ന മനോഭാവമാണ് ഭർത്താവിന് ഭാര്യയോടുള്ളത്.  ഇന്നും നമ്മുടെയിടെയിൽ നിത്യം ജീവിക്കുന്ന ഭാര്യ ഭർത്താക്കന്മാരാണിവർ.

ചാക്കോച്ചന്റെ തെറ്റിദ്ധാരണയിലുണ്ടായ ഒരു  പ്രേമം ഒടുവിൽ ഹാസ്യത്തിൽ അവസാനിക്കുകയാണ്. ഒരാളിന്റെ ചുറ്റുമുള്ള  ഭാവനാ ലോകം തലകീഴായി മറിക്കാൻ ഒരു പെണ്ണൊരുമ്പെട്ടാൽ സാധിക്കുമെന്ന തത്ത്വവും  കഥയിൽ വെളിപ്പെടുത്തുന്നു. സഹപ്രവർത്തകയായ  പെണ്ണിനോടുള്ള ഒരു  പ്രേമ സാമ്രാജ്യം ചാക്കോച്ചൻ കെട്ടിപ്പൊക്കുന്നു. അതിന്  ഒരു കാരണവുമുണ്ട്. അവൾ ചാക്കോച്ചനെ കാണുമ്പോഴൊക്കെ 'കാമ'മുണ്ടെന്നു പറയും. പാവം അത് വിശ്വസിച്ചു. ഒരിക്കൽ  അവളുടെ വിവാഹത്തിനുള്ള ക്ഷണക്കത്ത് കിട്ടി. ചാക്കോച്ചൻ അന്ന് ഞെട്ടിപ്പോയി. വിഷണ്ണനായ ചാക്കോച്ചന്റെ മുമ്പിൽ ലോകം മുഴുവൻ കറങ്ങുന്നതായി തോന്നി.  ജോലിയുണ്ടെന്നർത്ഥത്തിൽ ഹിന്ദിയിലെ വാക്കായ 'കാം' ഉണ്ടെന്നായിരുന്നു ആ പെൺകുട്ടി നിത്യം പറഞ്ഞുകൊണ്ടിരുന്നത്. വാക്കുകളുടെ പദപ്രയോഗങ്ങളിൽ സായിപ്പിന്റെ മുമ്പിൽ തെറ്റുപറ്റാത്തവർ ചുരുക്കമായിരിക്കും. അല്ലെങ്കിൽ ഉച്ഛാരണ ശൈലി വ്യത്യസ്തമായിരിക്കാം.    പാവം ചാക്കോച്ചനും അങ്ങനെയൊരു മൂഢസ്വർഗം പണിതുണ്ടാക്കിയെന്നു മാത്രം.

സപ്ത സ്വരങ്ങളുടെ ലോകത്ത് പാടുന്ന ഒരു തവളയെയും അവതരിപ്പിച്ചിരിക്കുന്നു. കരയിലും വെള്ളത്തിലും ചാടിക്കൊണ്ടുള്ള  അതിന്റെ പാട്ടുകൾ ശ്രവണ മനോഹരമാക്കുന്നു. ഗാനഗന്ധർവനായ  ഈ തവള ഒരു അഹങ്കാര ജീവിയായും കഥയിൽ പറഞ്ഞിരിക്കുന്നു. വണ്ടത്താന്മാരുടെ സംഗീതം, തൊഴുത്തിലെ പശുക്കുട്ടികളുടെ സ്നേഹം, തെക്കൻകാറ്റിലെ മൂളലുകൾ  അങ്ങനെ പ്രകൃതി തന്നെ സ്നേഹഗീതം കൊണ്ട് നിറഞ്ഞിരിക്കുന്നു. ഏട്ടന്റെ പോക്കറ്റിൽ കുങ്കുമം കണ്ട അനുജത്തിയുടെ വിചാരണ പിന്നീട് പൊട്ടിച്ചിരികൾക്ക് കാരണമാകുന്നു. ഏട്ടന്റെ സുജാത അവിടെ രാധയെന്നു സംശയിക്കുകയാണ്. കാലചക്രങ്ങൾ കടന്നുപോയി. ഇന്ന് ആ രാധ എവിടെയെന്നും ഏട്ടനറിയില്ല.

കണ്ഠകോണീശ്വരൻ  എന്ന ഒരു പുതിയ ദൈവത്തെയും  കഥയിൽ അവതരിപ്പിച്ചിരിക്കുന്നു. പാരമ്പര്യ ദൈവങ്ങളുടെ ശക്തി ക്ഷയിക്കുമ്പോഴാണ് അമേരിക്കക്കാർക്കായി ശക്തിയുള്ള ഈ ദൈവത്തിന്റെ പേരിൽ ഒരു അമ്പലം അവിടെ ഉയരുന്നത്. ആഡംബരം ഏറിയ ഈ അമ്പലത്തിൽ ദേവി ദേവന്മാർ പാശ്ചാത്യ വേഷങ്ങളിൽ കാണുന്നു.  പാന്റും ഷർട്ടും ധരിച്ചിരിക്കുന്നു. അതിന്റകത്ത് സ്യുട്ടുധാരിയായ 'ജോർജ് ബുഷെ'ന്ന ദേവനുമുണ്ട്.  ഈ ദേവന് ഓരോ ദിവസവും കഴുത്തിലുള്ള ടൈ മാറി മാറി കെട്ടും. ടൈ കെട്ടുന്ന ദൈവമെന്ന അർത്ഥത്തിൽ ഈ അമ്പലം  'കണ്ഠകോണേശ്വരം'  അമ്പലം എന്നറിയപ്പെടാൻ തുടങ്ങി. സ്യുട്ടിട്ട ഈ ദൈവത്തിന്റെ പേരിൽ  അന്ധവിശ്വാസങ്ങൾ നിറഞ്ഞ നാടോടി കഥകളും പ്രചരിച്ചിട്ടുണ്ട്.   ജോർജ് ബുഷിനേയും നൈഷ്ഠിക ബ്രഹ്മചാരിയാക്കി  മന്ത്രം ചെയ്തു കഴിഞ്ഞാൽ പിന്നീട് അവിടെ സ്ത്രീകൾക്ക് പ്രവേശനമില്ലാതാകും.

'നിങ്കൾ  ഒരു നാരിയല്ലേ' എന്ന കഥയിലും കഥാകൃത്ത്  ഒരു താത്ത്വികനാകുന്നു.   പഴങ്കാലത്തിലെ  ഓല പന്തുകളിയും തുളസിച്ചെടിയും കണ്ണുകെട്ടി കളികളും നമ്മുടെ മനസുകളെ ഇക്കിളികൂട്ടുന്നു. പുറകോട്ടുള്ള  യാത്രകളിലേക്ക് നയിക്കുന്നു. അരക്കിഴവന്മാരുടെയും മുക്കാൽ കിഴവന്മാരുടെയും സദസിൽ ഒരു പെൺകുട്ടിയുടെ പകച്ചു നിൽക്കലും ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു.  കിളവന്മാരുടെ സദസിൽ ഒരു കിളവന്റെ നേരെ  കൈചൂണ്ടിക്കൊണ്ട്   പെൺകുട്ടിയുടെ ചോദ്യം 'നിങ്ങൾ ഒരു നാരിയല്ലേ'യെന്നായിരുന്നു.  ആതിഥേയന്റെ മുഖം വല്ലാതെ ചുവക്കുന്നു. അവളുടെ 'പപ്പാ' വീടിനുള്ളിൽ  നിത്യം ഉപയോഗിക്കുന്ന വാക്കായ 'നാറി' അവളിലൂടെ നാരി യാവുകയായിരുന്നു.  വീട്ടിൽ  കുട്ടികളുടെമുമ്പിൽ മാതാപിതാക്കൾ വാക്കുകൾ ഉപയോഗിക്കുന്നതു സൂക്ഷിക്കണമെന്ന ചിന്തകളാണ് ഈ കഥയിൽ അടങ്ങിയിരിക്കുന്നത്.

അമേരിക്കയിലെ മലയാളികളുടെ 'സ്റ്റാറ്റസ്'  നിർണ്ണയിക്കുന്നതിനും പലതരം മാനദണ്ഡങ്ങളുണ്ട്.  'ചെറിയവനും അവാർഡ്' എന്ന ചെറുകഥ അത് സരസമായി വർണ്ണിച്ചിരിക്കുന്നു. പരദൂഷണ വീര അളിയൻ, ജോലി ചെയ്യാതെ  ഭാര്യയുടെ ചെലവിൽ ജീവിക്കുന്ന  ഭർത്തൃ ഉദ്യോഗസ്ഥൻ, അക്കാദമി അവാർഡ് കാശു കൊടുത്തു വാങ്ങാൻ സാധിക്കുമോയെന്നു തിരയുന്ന എഴുത്തുകാരൻ,  വൃദ്ധനായ ഒരു എഴുത്തുകാരന്റെ താഴ്ന്ന ജാതിക്കാരോടുള്ള പുച്ഛവും പരിഹാസവും എന്നിങ്ങനെ വ്യത്യസ്തമായി അറിയപ്പെടുന്ന  നിരവധി കഥാപാത്രങ്ങൾ ഈ കഥയിലുണ്ട്.  മാവേലിയുടെ വരവും ഒരു കഥയായി മാറി.  മഹാബലിയെ ഭൂമിക്കടിയിൽ താഴ്ത്തി വിട്ട വാമന അവതാരത്തെപ്പറ്റിയുള്ള വാദപ്രദിവാദങ്ങൾ, ഒരു വീട്ടിൽ തന്നെ പല ദൈവങ്ങൾ, പല മതങ്ങൾ, അങ്ങനെ വൈവിധ്യങ്ങളായ നിരവധി സംസ്‌കാരങ്ങളും ഒരേ വീട്ടിനുള്ളിൽ തന്നെ!  ഓണമല്ലേ, വീട്ടു മുറ്റത്ത് ഒരു പൂക്കളം. മറ്റൊരു കൂട്ടർ വന്നു ചൂലുകൊണ്ടു പൂക്കളം അടിച്ചു മാറ്റുന്നു. വീടിനുള്ളിൽ തന്നെ ഒരു കൂട്ടർക്ക് ആഴ്ചയിൽ ഒരു ദിവസം പള്ളിയിൽ  പോവണം. ഓണം ആഘോഷിക്കുന്ന ആ പണം തെരുവ് പിള്ളേർക്കൊ അനാഥർക്കൊ കൊടുക്കുകയെന്ന ഉപദേശവും പള്ളിയിൽ പോവുന്നവർ നൽകുന്നു.  ചവുട്ടി താഴ്ത്താൻ വരുന്ന വാമനന്മാർക്കുമുമ്പിൽ കാലുപൊക്കിയാൽ അവനു തല താഴ്ത്തി കൊടുക്കരുതെന്നാണ് കഥാകൃത്തിന്റെ സാരോപദേശം.

റപ്പായി മാപ്പിളയുടെ വിളിയിൽ ശരിക്കും അമേരിക്കൻ എഴുത്തുകാരുടെ മനഃശാസ്ത്രമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. എഴുത്തുകാരിൽ തന്നെ പലവിധ വിശേഷ ഗുണങ്ങളുണ്ട്. കാശു കൊടുത്തു എഴുതിക്കുന്ന എഴുത്തുകാരനും കഥാകാരനും കവിയും പ്രവാസി മലയാളസാഹിത്യത്തിന് അമൂല്യ സംഭാവനകൾ നൽകുന്നുണ്ട്.  പ്രതിഫലമായി  നാട്ടിലുള്ള എഴുത്തുകാരെ ഡോളർ നീട്ടി പ്രസാദിപ്പിക്കുന്നു. എഴുത്തുകാരെക്കൊണ്ട് അമേരിക്കയിൽ മുട്ടി നടക്കുന്ന ഗതികേടിലാണിപ്പോൾ. ഷോപ്പിങ്ങിനു പോയാലും പള്ളിയിൽ പോയാലും മുറിയെഴുത്തുകാരുടെ ലോകം കാണാം.  കഥകൾക്കും കവിതകൾക്കും അസോസിയേഷനുകൾ സമ്മാനങ്ങളും നൽകാറുണ്ട്.  എഴുത്തുകാർ യവ്വനകാലത്തെ ഫോട്ടോകൾ ഇട്ടുകൊണ്ട് വായനക്കാരെ ആകർഷിക്കുന്നു.  എഴുത്തുകാരോ നിരവധി!  നൂറും ഇരുന്നൂറും എഴുത്തുകാർക്ക് വായനക്കാർ ഏഴുപേർ മാത്രമെന്നുള്ളതും കഥാകൃത്തിന്റെ  വിവര ശേഖരത്തിൽനിന്നുള്ളതാണ്. ചിലർ കഥകൾ എഴുതുമ്പോൾ വായനക്കാർക്ക് മനസിലാകാത്ത സാഹിത്യ ഭാഷകൾ കുത്തി നിറയ്ക്കും. എഴുതുന്നവനും വായിക്കുന്നവനും മനസിലാകണമെന്നില്ല.

'രാമനോ  റഹീമോ' എന്ന കഥയിൽ ദൈവശാസ്ത്രമാണ് വിഷയം. ദൈവം മനുഷ്യനെ തന്റെ  മുഖച്ഛായയിൽ സൃഷ്ടിച്ചുവെന്നു ബൈബിൾ കൊട്ടിഘോഷിക്കുന്നവർ വിശ്വസിക്കുന്നു. എങ്കിൽ ഈ സർവ ചരാചരങ്ങളെയും മനുഷ്യ ജീവനുകളെയും  വൈകൃത ഭാവങ്ങളിൽ സൃഷ്ടിക്കണമായിരുന്നുവോയെന്ന് കഥാകൃത്ത് ചോദിക്കുന്നു. ദൈവത്തിന്റെ പൂർണ്ണമായ മുഖച്ഛായയിൽ  വൈരൂപ്യങ്ങളായവരും  അംഗ വൈകല്യമുള്ളവരുമുണ്ട്. പല നിറഭേദങ്ങളോടെയുള്ളവർ, കഷണ്ടികൾ, ഭ്രാന്തന്മാർ എന്നിവരെയും ദൈവത്തിന്റെ പ്രതിച്ഛായയിൽ കാണാം. ഓരോ മനുഷ്യന്റെയും പ്രാണൻ അറ്റുപോവുമ്പോഴും ദൈവത്തിന്റെ കഴിവുകേടുകൾ അവിടെ ദൃശ്യമാവുകയാണ്. ഒരു ജാതി, ഒരു മതം, ഒരു ദൈവമെന്ന തത്ത്വവും മതങ്ങളുടെ ചുരുളുകളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

'എഴുത്തുകാരുടെ ശല്യം' എന്ന 'കഥ'  കഥാകൃത്തിന്റെ ഹാസ്യഭാവനയിൽ രചിച്ച ഒന്നാണ്.  ദൈവത്തിന്റെ മലയാളനാട്ടിനെ തേടിയുള്ള ഒരു അന്വേഷണവും കഥയിൽ സ്പുരിക്കുന്നു. നിരവധി നിറമുള്ള ദൈവങ്ങളെ തട്ടിയിട്ട് നടക്കാൻ സാധിക്കുന്നില്ല. 'ഹര ഹരോ' എന്നു തുടങ്ങി ബാങ്ക് വിളി, കൂട്ട മണിയടി, കിടന്നുതുള്ളൽ കേട്ട് ദൈവം ഞെട്ടുന്ന വിവരങ്ങൾ ഈ കഥയിൽ അവതരിപ്പിച്ചിട്ടുണ്ട്. തമിഴ് നാട് സിനിമാ താരങ്ങൾ വരെ ജീവിക്കുന്ന ദൈവങ്ങളായി  സഞ്ചരിക്കുന്നു. ദൈവങ്ങളുടെയെല്ലാം നടുവിൽക്കൂടി 'എല്ലാം പുല്ലാണ്, പുല്ലാണെന്നു' വിളിച്ചുകൊണ്ടുള്ള ജാഥ,  പോലീസ് വെടിവെപ്പ്, കണ്ണീർ വാതകം, പിന്നെ  സ്വർഗത്തിലേക്കുള്ള ഒരു യാത്രയും.  സ്വർഗം  എഴുത്തുകാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. ബോറടിയന്മാരായ എഴുത്തുകാരുടെ ശല്യം കൊണ്ട് സ്വർഗ്ഗത്തിലും ജീവിക്കാൻ സാധിക്കുന്നില്ല. എഴുതുന്നവർക്കും കണ്ണ് കാണാൻ വയ്യാതായി. എല്ലാവരും  മദ്ധ്യ വയസു കഴിഞ്ഞവർ. ഗ്യാസ് ട്രബിൾ, പ്രഷർ, ഷുഗർ, ഹാർട്ട് ട്രബിൾ രോഗമുള്ളവർ. നേഴ്‌സുമാരെ കളിയാക്കി കഥകളെഴുതിക്കൊണ്ടിരുന്ന  ഞരമ്പുരോഗികളുടെ സ്വർഗം ദൈവം അവിടെ ശീതീകരിച്ചിട്ടുണ്ട്.

'ഒരു സുന്ദരിയും രണ്ടു തലയിണയും' എന്ന ഹാസ്യ ചെറുകഥയിൽ  തലയിണകളെ  പർവതങ്ങളോടാണ്  ഉപമിച്ചിരിക്കുന്നത്. ഡൽഹി നഗരത്തിൽക്കൂടി മുറി അന്വേഷിച്ചു നടന്ന  പർവതാരോഹകന് രാത്രിയിൽ ശയിക്കാനിടം കിട്ടിയത്  ഒരു 'കാബറേ ഡാൻസുകാരി'യുടെ മുറിയിലായിരുന്നു. ഗാഢനിദ്രയിലായിരുന്ന അവരോടൊപ്പം രണ്ടു തലയിണ മറകൾക്കപ്പുറം  അയാളും അന്ന് രാത്രിയിൽ അന്തിയുറങ്ങാൻ കിടന്നു. അയാൾക്ക്  ഉറക്കം വന്നില്ല.  കൊച്ചുവെളുപ്പാൻ കാലത്ത് അഞ്ചുമണിക്ക് ആ സ്ത്രീ ഉണരുംമുമ്പ് മുറി ഒഴിഞ്ഞു കൊടുക്കണമെന്നായിരുന്നു വ്യവസ്ഥ.  രാത്രിയുടെ മങ്ങിയ വെളിച്ചത്തിൽ  അവളുടെ അഴകാർന്ന അഴിഞ്ഞ തലമുടിയിൽ തലോടണമെന്നു തോന്നിയെങ്കിലും അയാൾ മനസിനെ നിയന്ത്രിച്ചുകൊണ്ടിരുന്നു. അയാളിൽ കാമാവേശം ഉണർത്തി. പ്രഭാതത്തിൽ അവൾ ഉണർന്നു. അവളുടെ മൃദുല സ്പർശനം അയാളിൽ  കോൾമയിർ കൊള്ളിച്ചു. താനൊരു പർവതാരോഹകനെന്നു അവളോടു അയാൾ പറഞ്ഞു.  'ഒരു രാത്രി മുഴുവൻ തന്നോടൊത്തു  ഉണ്ടായിരുന്നിട്ടും ഈ തലയിണകൾ  മറികടക്കാൻ കഴിവില്ലാത്ത താനാണോ പർവതാരോഹകൻ ' എന്ന് നർത്തകി ചോദിക്കുന്നുണ്ട്. കഥ മുഴുവൻ വായിച്ചാലെ അതിലെ നവരസങ്ങൾ വായനക്കാരിൽ പ്രതിഫലിക്കുകയുള്ളൂ.

മുത്തശിയുടെ ഭാവനയിൽ ഉണ്ണിക്കുട്ടന് വെളുത്തു സുന്ദരിയായ ഒരു പെണ്ണുണ്ടായിരുന്നു.  അവളുടെ കഴുത്തിൽ കുരിശു കാണുന്നു. ജാതി വരമ്പുകൾ മറി കടക്കാൻ കഴിവില്ലാത്ത മുത്തശിയുടെ ആഗ്രഹം അവിടെ നടക്കാതെ പോവുകയാണ്.   'ഉണ്ണിക്കുട്ടന്'  വെളുത്ത സുന്ദരിയോടു  അനുരാഗമുണ്ടായിരുന്നു.  കാലഭേദങ്ങൾ ഭേദിച്ച് വീണ്ടും അവർ കാണുന്നു.  അവളായിരിക്കാം സുന്ദരിയായ ആ മേഴ്‌സിയെന്നും അയാൾ സങ്കല്പിക്കുകയാണ്.  എന്നാൽ മേഴ്സിയെ വിവാഹം കഴിച്ചത് ഒരു ഉണക്ക മത്തായിയായിരുന്നു. വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളും ഒരുപോലെ ഏറ്റുമുട്ടുന്ന സുന്ദരമായ ഒരു കഥ. വർത്തമാന കാല ചിന്തകളിൽക്കൂടി സഞ്ചരിക്കുന്ന ഇന്നത്തെ  ലോകത്തിലും  ജാതി ചിന്തകൾ മനുഷ്യരുടെയിടയിൽ മതിലുകൾ പണിതുയർത്തിയിരിക്കുന്നു.

ആർഷ ഭാരത സംസ്ക്കാരവും സ്ത്രീകളുടെ പാതിവൃതവും കഥകളിൽക്കൂടി കഥാകൃത്ത് അവതരിപ്പിച്ചിട്ടുണ്ട്. ഏഴാം കടലിനക്കരെ ജീവിച്ചാലും ഭർത്താവ് ഈശ്വരനു  തുല്യം.  പരപുരുഷനെ നോക്കുന്നത് പാപം. അമേരിക്കൻ സംസ്‌കാരവുമായി ഇടപെഴുകാൻ പാതിവൃതമെന്ന  തത്ത്വ ശാസ്ത്രം മുറുകെ പിടിക്കുന്ന ഭർത്താക്കന്മാർ സമ്മതിക്കില്ല. അന്യ പുരുഷൻ പുറത്തുപോകുമ്പോൾ സ്ത്രീ വാതിൽ തുറന്നു പിടിച്ചാൽ അവളുടെ പാതിവ്രതം നഷ്ടപ്പെടുമെന്നും പുരുഷൻ ചിന്തിക്കുന്നു. 'പെങ്ങളേ! അകത്തോട്ട് കയറ്റാനല്ലല്ലോ വാതിൽ തുറന്നു കൊടുത്തത്, പുറത്തേക്ക് പോകാനല്ലേയെന്ന' കഥാകൃത്തിന്റ  അർഥം വെച്ചുള്ള ചോദ്യവും കഥയുടെ മാറ്റ് കൂട്ടുന്നു.

ചിലർക്കു കോപം  വരുമ്പോൾ മറ്റൊരു മലയാളിയെ പട്ടിയെന്നു വിളിക്കുന്നവരുണ്ട്.  പതിവുകൾക്കു  മാറ്റം വന്നുവെന്നാണ് ഒരു കഥയിൽ പറഞ്ഞിരിക്കുന്നത്. അമേരിക്കൻ പട്ടികൾ ഇവിടെ മനുഷ്യരേക്കാൾ വളരെ ആഡംബരത്തിലാണ്‌ കഴിയുന്നത്.  സുഖസൗകര്യങ്ങളോടെ, മാന്യതയോടെ കഴിയുന്ന  ആ പട്ടികളുടെ പേരു വിളിച്ച് അപരനെ ആക്ഷേപിച്ചാൽ അത് അയാൾക്ക് ആക്ഷേപമാകുമെന്നു തോന്നുകയില്ല. ആ  വിളി കേൾക്കുന്നവനു അഭിമാനം മാത്രമേ തോന്നുള്ളൂ. അതുകൊണ്ട് വിളികൾക്കും കാലോചിതമായി മാറ്റം വരുത്തിക്കൊണ്ട് 'നീ പോടാ നാടൻ പട്ടി അല്ലെങ്കിൽ കില്ലപ്പട്ടി'യെന്നു വിളിക്കാൻ ആരംഭിച്ചിരിക്കുന്നുവെന്നാണ് ഒരു കഥയിലെ പ്രമേയം. മൃഗങ്ങളിലും അന്തഃസത്ത പകർന്നുവെന്നുള്ള ഒരു സന്ദേശവും നൽകുന്നുണ്ട്.

വിരൂപനായ ഭർത്താവിനെ കെട്ടുമ്പോൾ സുന്ദരികളായ സ്ത്രീകളുടെ മനസ്സിൽ വരുന്ന വികാരങ്ങളും തന്മയത്വത്തോടെ ഒരു കഥയിൽ വർണ്ണിച്ചിട്ടുണ്ട്.  'ദൈവമേ ഇയാളെയാണല്ലോ ഞാൻ കെട്ടേണ്ടത്, അയാളോടൊത്തു എങ്ങനെ ശയിക്കും, എന്നിങ്ങനെയുള്ള വികാരഭാവങ്ങളും കഥയിൽക്കൂടി  അവതരിപ്പിച്ചിട്ടുണ്ട്. വിരൂപന്മാരെ കാണുമ്പോൾ അവരുടെ വൈരൂപ്യം സഹിക്കേണ്ടി വരുമല്ലോയെന്ന ഭയവും സ്ത്രീകളെ അലട്ടുന്നു.

'മാസാതിഥിയിൽ'  വിദ്യാഭ്യാസമില്ലാത്ത ഒരു അച്ചായന്റെ ചിന്തകളാണ് പ്രതിഫലിപ്പിച്ചിരിക്കുന്നത്.  എഴുത്തുകാരോടും വായനയോടും  വിരോധമുള്ള ഒരു ഭർത്താവിനെ അവതരിപ്പിച്ചിരിക്കുന്നു.  ലഹരിയും പുകയുമൊക്കെ അച്ചായന്റെ വിനോദം. മക്കളെ ഡോക്ടറാക്കണം, കാശുണ്ടാക്കണമെന്നുള്ള ചിന്തകൾ അച്ചായനെ കൂടുതൽ ലഹരി പിടിപ്പിക്കുന്നു. ദൈവം  യോജിപ്പിച്ചത്  മനുഷ്യൻ വേർപിരിക്കാതെയിരിക്കട്ടെയെന്ന താത്ത്വിക പ്രമാണങ്ങളിലും അച്ചായൻ ജ്ഞാനിയാണ്.  മരണം വരെ ഭാര്യ വെച്ചു വിളമ്പി ചോറു  കൊടുക്കണം! ഡബിൾ ഡ്യൂട്ടിക്ക് പ്രേരിപ്പിക്കും. മറ്റൊരിടത്ത് ഭർത്താവിനെ പങ്കുവെക്കുന്ന ഭാര്യമാരാണ്. ബീവിമാരുടെ  മാസമുറകൾ  അന്വേഷിച്ചു നടക്കുന്ന 'കാക്കാ ഭർത്താവ്'. ഭർത്താവിനെ അവിടെ പങ്കുവെക്കലാണ്.  ഇരു ഭാര്യമാരുള്ള പുരുഷന്റെ  മനസിലെ കോളിളക്കങ്ങളും ഇടിയും മിന്നലും കഥയെ  അലംകൃതമാക്കുന്നു.

അസൂയക്കും കഷണ്ടിക്കും മരുന്നില്ലെന്ന് പഴമക്കാർ പറയാറുണ്ട്. അതിനുള്ള മരുന്ന്  ഒരു സ്വാമി നിർദ്ദേശിക്കുന്നുണ്ട്.  "നിങ്ങൾ അസൂയാവഹമായി പുരോഗമിക്കുന്നുവെങ്കിൽ  ജീവിതം ധന്യമായി തന്നെ മുന്നേറുന്നുണ്ടെങ്കിൽ സന്തോഷിക്കുകയല്ലേ വേണ്ടത്. വിജയത്തിന്റെ പാതയിലേക്ക് കുതിച്ചുയരുന്ന നിങ്ങളുടെ നേരെ  കവല പട്ടികൾ കുരച്ചാൽ നിങ്ങളെന്തിനു  പരവശനാകണം! ആവലാതിപ്പെടണം?"  പോസ്റ്റ് ഗ്രാഡുവേറ്റ് ബിരുദത്തിന് തപാൽ ബിരുദമെന്നാണ് മലയാളം തർജ്ജിമ നൽകിയിരിക്കുന്നത്. സ്ത്രൈണ ഭാവമുള്ള ഒരു പരദൂഷ വീരനും കഥയിലുണ്ട്.  അയാളുടെ കുയിൽനാദം പോലുള്ള സംസാരവും രസിപ്പിക്കുന്നു.  ഇത്തരക്കാരെല്ലാം നാം ദൈനം ദിന ജീവിതത്തിൽ കണ്ടുമുട്ടുന്നവരെന്നുള്ളതും  ഓർമ്മിക്കണം.

സമൂഹത്തിൽ നിലവിലിരിക്കുന്ന അന്ധമായ വിശ്വാസങ്ങളെ  'മയിൽ‌പ്പീലി തുണ്ടു'കളെന്ന ചെറുകഥയിൽ  വർണ്ണിച്ചിരിക്കുന്നു. പിണ്ഡം വെച്ച് പടിയടയ്ക്കുന്ന നമ്പൂതിരി പെണ്ണും ആ കഥയിലുണ്ട്.  കാമവെറി പിടിച്ച കഴുകന്മാർ ഹതഭാഗ്യയായ പെണ്ണിനേയും കൊത്തി പറക്കുന്നു. ആ നങ്ങമ്മയുടെ ആത്മാവ് അലഞ്ഞു നടക്കുന്നുവെന്ന വിശ്വാസവും നമ്പൂതിരി കുടുംബങ്ങൾ പുലർത്തുന്നു.  ചാരിത്രം നശിച്ചുവെന്ന പഴിചാരി അന്ധവിശ്വാസങ്ങൾ കൊണ്ട് നമ്പൂതിരി പെണ്ണുങ്ങളെ തെരുവിലിറക്കി വിടുന്ന 'സ്മാർത്ത വിചാണ'  പത്തൊമ്പതാം നൂറ്റാണ്ടുവരെ കേരളത്തിൽ നടപ്പിലുണ്ടായിരുന്നു.

ഏദനിലെ ആദിരാത്രിയിൽ ആ കനി ഭക്ഷിക്കരുതെന്ന് ദൈവം ഹാവയോട് കൽപ്പിക്കുന്നു.  ദൈവേച്ഛ ധിക്കരിച്ചുകൊണ്ടു ഹാവാ  കനി ഭക്ഷിക്കുന്നു. അന്നുമുതൽ അവളിലെ സ്ത്രീത്വം തിരിച്ചറിയുകയാണ്. അവൾ പച്ചയിലകൾ കൊണ്ട് നഗ്നത മറച്ചു. അവളിൽ മാസമുറകൾ വന്നെത്തി . അവളിൽ നിന്നും തലമുറകളുടെ തുടക്കവുമിടുന്നു. ഹാവായെ പ്രലോഭിപ്പിച്ച 'പാമ്പ്' പുരുഷനായി മാറുകയാണ്. പുരുഷന്റെ സൗന്ദര്യത്തിൽ ഹാവായും മയങ്ങുന്നു. പ്രേമത്തിന്റെ മധുരമായ ഗീതങ്ങൾ അവർ ഒന്നിച്ചു പാടി. ഏദൻ തോട്ടം അജ്ഞതയുടെ ലോകത്തിലെ ആദ്യത്തെ കാമുകി കാമുകന്മാരുടെ ലയനകേന്ദ്രമായിരുന്നു. പാമ്പായി വന്ന മനുഷ്യന്റെ പുത്രൻ കായേനും നല്ലവനായ  ആബേലും നന്മ തിന്മകളെ  വേർതിരിക്കുകയാണ്.

തൊഴിലുകളെ അടിസ്ഥാനപ്പെടുത്തി  അമേരിക്കയിൽ പലരെയും അറിയപ്പെടുന്നു. 'ഹാൻഡ്‌സം' ചാക്കോച്ചനിലെ കഥയിൽ എയർ ലൈൻസ് കുഞ്ഞുഞ്ഞ്, സബ്‌വേ കുട്ടിച്ചായൻ, റീയൽ എസ്റ്റേറ്റ് കോര മുതലായ കഥാപാത്രങ്ങളുമുണ്ട്.  മദാമ്മമാർക്ക് എല്ലാവരെയും 'ഹാൻസം' കൂട്ടി പറയുന്നത് ഹരമാണ്. ചാക്കോച്ചന് ഇംഗ്ലീഷ് പരിജ്ഞാനം കുറവായിരുന്നെങ്കിലും മദാമ്മായുടെ 'ഹാൻസം' വിളിയിൽ ചാക്കോച്ചനെ ഇക്കിളിപ്പെടുത്തിയിരുന്നു. ആ വിളി കേൾക്കുമ്പോൾ ചാക്കോച്ചൻ ചക്കര നീരിറക്കുമായിരുന്നു. ഒടുവിൽ ഹാൻസം ചാക്കോച്ചനെന്ന പേര് സ്ഥിരമാവുകയും ചെയ്തു.  'പിച്ചാത്തിയിലെ കൊച്ചാപ്പി' നമുക്കു ചുറ്റും ജീവിക്കുന്ന മനുഷ്യൻ തന്നെയാണ്. കള്ളു കുടിച്ചാൽ കൊച്ചാപ്പി കുഴപ്പക്കാരനാണ്.  തന്റെ ഉറ്റമിത്രവും സഹായിയുമായ നമ്പൂതിരിയെ  തെറിയും തുടങ്ങും.   കൊച്ചാപ്പി, കത്തി നിവർത്തി ഭീഷണികൾ  മുഴക്കുമെങ്കിലും ആളൊരു പേടിത്തൊണ്ടനാണ്. അടുത്തു വന്ന നമ്പൂതിരിയെ കണ്ടു കൊച്ചാപ്പിയുടെ മടുക്കുത്ത് താനേ വീഴുന്നു. കത്തിയും താഴുന്നു. കൊച്ചാപ്പിക്ക് മാമ്പുഴ പുളിശേരി കൊടുക്കാൻ അവിടെ ജോലിക്കു നിൽക്കുന്ന അമ്മുക്കുട്ടിയോട് നമ്പൂതിരി ആജ്ഞാപിക്കുന്നുമുണ്ട്. കൊച്ചാപ്പിയുടെ മനസ്സിൽ തിരുമേനിയുടെ നന്മയുടെ വിളക്കുകൾ അപ്പോഴാണ് പ്രകാശിക്കുന്നത്. ദ്രോഹം ചെയ്യാതെ നമ്പുതിരിയെ ഉപദ്രവിക്കാൻ ചെന്നുവെന്നറിഞ്ഞ ഭാര്യ കൊച്ചാപ്പിക്ക് നല്ല ശകാരവും കൊടുക്കുന്നുണ്ട്.

ജോണിവാക്കറിനെ സ്നേഹിക്കുന്ന 'ഒരു ഔസേപ്പച്ചനെ കാണാനില്ലാ'യെന്ന കഥയും ശ്രദ്ധേയമാണ്. ഔസേപ്പച്ചൻ ഒരു സാഹിത്യകാരനാണ്. അമേരിക്കൻ മലയാളിയിൽ സാധാരണമായ  ഷുഗർ, കൊളസ്‌ട്രോൾ , പ്രഷർ മുതലായ എല്ലാ അസുഖങ്ങളും ഔസേപ്പച്ചനുമുണ്ട്.  കാലത്തിനും പുറകോട്ടു  ചിന്തിക്കുന്ന ഈ എഴുത്തുകാരന്റെ കൃതികളിൽ പുഞ്ചൻ വയലുകളും മലയോരങ്ങളിലെ റബർ മരങ്ങളും കാണും.  തന്റെയുള്ളിലെ കവിത വിരിയുന്നതും മണിമലയാറിന്റെ തീരത്തു നിൽക്കുന്ന പ്രതീതിയോടെയാണ്. പുഴക്കരയിലെ 'ഏലമ്മയും' അവളെ അറിയാതെ മനസിനുള്ളിൽ ലഡു പൊട്ടിച്ചതും  നേഴ്‌സിനെ കെട്ടി അമേരിക്കയിൽ പറന്നതുമായ ഓർമ്മകൾ ഔസേപ്പച്ചനെ  വാർദ്ധക്യത്തിൽ  നിന്നും വിമുക്തനാക്കുന്നു.  എങ്കിലും തലമുടികൾ വെള്ളയായി ചിരിക്കുന്നതു  അങ്കലാപ്പിലാക്കുന്നുമുണ്ട്.  ഡബിൾ ഡ്യൂട്ടിയും കഴിഞ്ഞു ജോലി കഴിഞ്ഞു വരുന്ന ഭാര്യ, അലക്കു കല്ലിൽ തുണി കഴുകുന്ന 'ഏലമ്മ' ഇതെല്ലാം കള്ളിന്റെ ലഹരിയിലും ഔസേപ്പച്ചനെ  മത്തു പിടിപ്പിക്കും. പ്രാർത്ഥനയുടെ ശക്തിക്കായും അത്ഭുതത്തിനായും പ്രതീക്ഷിക്കുന്ന ഒരു കുടുംബമാണ് ഔസേപ്പച്ചന്റേത്!

ഗ്രാമത്തിന്റെ ഭംഗിയും തുള്ളിച്ചാടി വരുന്ന പശുക്കുട്ടികളും കുളിർകാറ്റും പൂക്കളും വണ്ടുകളും കൊണ്ട്  'മനസിനകത്തുള്ള പെണ്ണിൽ' എന്ന ഒരു കഥയിൽ  നിറഞ്ഞിരിക്കുന്നു. പ്രകൃതിയുടെ ആരവവും  കിളികളുടെ ശബ്ദവും  പുല്ലുവെട്ടുന്ന യന്ത്രമായ 'ലോൺ മോവറിന്റെ' ശബ്‌ദാരവത്തിൽ ലയിച്ചു പോവുന്നു. പഴയ ഓർമ്മകളുടെ തീരത്തുകൂടി കഥാകൃത്തിനൊപ്പം നാമും സഞ്ചരിക്കുന്നു.   കുഞ്ഞിക്കിളികൾ പറന്നുയരുന്നതും അണ്ണാറക്കണ്ണന്റെ ചാടലുകളും നാം ജനിച്ചു വളർന്ന ഗ്രാമത്തിലേക്ക് കൊണ്ടുപോവുകയാണ്.  മനസിനകത്തൊരു പെണ്ണുണ്ടെങ്കിൽ കവികളും കാമുകന്മാരും ഭ്രാന്തന്മാരാകും. ഈ കഥ കാൽപ്പനികതയുടെ ഒരു പ്രതിച്ഛായ സൃഷ്ടിക്കുന്നു.  പൊള്ളലേറ്റ ദാമ്പത്യത്തിന്റെ അനുരജ്ഞനത്തിൽ ഭാര്യ ഭർത്താക്കന്മാരുടെ മദ്ധ്യേ  കഥാകൃത്ത്  കഥ തുടങ്ങുന്നു.  ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള യുദ്ധത്തിൽ ഒരു വെടി നിർത്തൽ പ്രയാസമാണ്. സ്നേഹമാണ് വെടിനിർത്തലിന്റെ മരുന്നെന്ന് ഈ കഥയിൽ  നിർദേശിക്കുന്നു. പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ പരസ്പ്പരം സ്നേഹം വേണം. വിശ്വാസം  വേണം.  അതു തന്നെയായിരിക്കാം ആശാന്റെ "സ്‌നേഹം താന്‍ ശക്തി ജഗത്തില്‍, സ്‌നേഹം താനാനന്ദമാര്‍ക്കും"എന്നതും! സ്നേഹം പരാജയപ്പെടുമ്പോൾ യുദ്ധ കാഹളങ്ങളും മുഴങ്ങുന്നു.  പണിക്കവീട്ടിൽ ഇവിടെ ഏവർക്കും ഒരു സന്തുഷ്ട കുടുംബത്തിനുള്ള ഭാവുകങ്ങൾ നേരുകയാണ്.  ഭർത്താവ് എത്ര കള്ളു കുടിച്ചു വന്നാലും അയാളുടെ ഒരു 'ജനഗണമന'യിൽ ഒതുങ്ങുന്ന ഭാര്യമാരാണ് കൂടുതൽ സ്ത്രീകളും.

ചിലർ ഈശ്വരനെ തേടി അലയുന്നു. യുക്തി അവിടെ ജനിക്കുന്നുവെങ്കിൽ ഈശ്വരൻ മരിക്കുന്നു. സത്യമെന്നുള്ളത് മായയാണ്. അത് അദൃശ്യമാണ്. ഈശ്വരനെന്നുള്ളത് പഞ്ചഭൂത ഇന്ദ്രിയങ്ങളിൽ രുചിക്കാനുള്ളതല്ല. ഈശ്വരന്റെ പേരിൽ എത്രയെത്ര മനുഷ്യ ജീവിതങ്ങൾ ഭൂമിയിൽ ഇല്ലാതായിരിക്കുന്നു.  രക്തപ്പുഴകൾ ഒഴുക്കിയിരിക്കുന്നു. അതുതന്നെ ഈശ്വരനു  ജന്മം കൊടുക്കലും ഈശ്വരനെ കണ്ടെത്തലിലും എത്തിക്കുന്നു

സുധീറിന്റെ  ഓരോ കഥകളും ജീവിത യാഥാർഥ്യങ്ങളെ പച്ചയായി അവതരിപ്പിക്കുന്നതായി കാണാം. കഥകൾ ഹാസ്യ രൂപത്തിലെങ്കിലും കഥയിലെ ആത്മാവിൽ ജീവിത സത്യങ്ങളുമുണ്ട്. താത്ത്വിക  ദർശനങ്ങളും കഥകളിലുണ്ട്.  കഥകൾ പലതും  കാവ്യാത്മകതയും ഉൾക്കൊണ്ടതാണ്.  ജീവിതവുമായുള്ള ഏറ്റുമുട്ടലുകളും ബന്ധങ്ങളുടെ ഉലച്ചിലുകളും സാമൂഹിക ഉച്ഛനീചത്വങ്ങളും കഥകളിൽ  അലിഞ്ഞുചേർന്നിരിക്കുന്നു.   കഥാകൃത്തിന്റെ  സ്വതസിദ്ധമായ ശൈലിയിലുള്ള ഭാഷാപ്രയോഗങ്ങളും വളരെ മനോഹരമാണ്.  കഥകളെല്ലാം പൂർണ്ണമായി വിശകലനം ചെയ്യാൻ സ്ഥലപരിമിതി അനുവദിക്കുന്നില്ല.  മനോഹരമായ കവർ പേജിൽ, എടുപ്പോടെ, ഗാംഭീര്യതയുടെ ഭാഷയിൽ, സരളമായ ശൈലിയിൽ 'സുധീറിന്റെ കഥകൾ'  പ്രസിദ്ധീകരിച്ച ശ്രീ സുധീർ പണിക്കവീട്ടിലിന് എന്റെ അനുമോദനങ്ങൾ അർപ്പിക്കുന്നു.  അങ്ങയുടെ കുടുംബത്തിനും നന്മ നേരുന്നു. 


image
Facebook Comments
Share
Comments.
image
Joseph
2020-01-28 13:01:29
എന്റെ ലേഖനം വായിച്ചു അഭിപ്രായമെഴുതിയ ശ്രീ ഫ്രാൻസീസിനും മറ്റു പ്രതികരണങ്ങൾ എഴുതിയവർക്കും വളരെ നന്ദി. നല്ല പുസ്തകങ്ങൾ വായിക്കുമ്പോൾ മനസിനുള്ളിൽ പ്രത്യേകം സന്തോഷം വരും. നല്ല എഴുത്തുകാർ എന്നും നമ്മുടെ സുഹൃത്തുക്കളായിരിക്കും. 'ഫ്രാൻസീസ് തടത്തിൽ' എന്ന എഴുത്തുകാരനും അമേരിക്കൻ മലയാളികളുടെ അഭിമാനമെന്നറിയാം. അദ്ദേഹത്തിൻറെ ഈ പ്രതികരണത്തിൽ വളരെ സന്തോഷിക്കുന്നു. ജേർണലിസ്റ്റായാൽ മാത്രം പോരാ; അത് സ്വന്തം ജീവിതത്തിൽ മറ്റുള്ളവർക്കുകൂടി പ്രയോജനപ്പെടണം! യുവത്വത്തിൽതന്നെ നിരവധി അനുഭവങ്ങൾ നേടിയ, ജേർണലിസ്റ്റുകളുടെ ജേർണലിസ്റ്റായ ഫ്രാൻസീസിന്റെ ഈ അഭിപ്രായം ശ്രീ പണിക്കവീട്ടിലിനുള്ളതാണ്. വളരെ സന്തോഷം, നന്ദി, ഫ്രാൻസീസ്.
image
Sudhir Panikkaveetil
2020-01-28 12:02:53
ശ്രീ ഫ്രാൻസിസ് തടത്തിൽ സാർ - നല്ല വാക്കുകൾക്ക് നന്ദി. എന്റെ പുസ്തകത്തിന്റെ കോപ്പി സാറിനു അയച്ചുതരാം. ശ്രീ പടന്നമാക്കൽ സാറിനു ഒരിക്കൽ കൂടി നന്ദി പറയുന്നു.
image
Francis Thadathil
2020-01-27 23:33:46
ഇവിടെ കഥാകൃത്തിനെയോ  നിരൂപകനെയോ ആരെയാണ് ആദ്യം അഭിനന്ദിക്കേണ്ടത്. ആദ്യം നിരൂപകനിൽ നിന്ന് തുടങ്ങട്ടെ. ഇത്ര സത്യസന്ധമായ നിരൂപണം ആദ്യമായാണ് വായിക്കുന്നത്.സുധീർ എഴുതിയ 50 കഥകളുടെ സമാഹാരത്തിലൂടെ പൂർണമായും സഞ്ചരിച്ച ജോസഫ് പടന്നമാക്കൽ ഓരോ കഥകളുടെയും സാരാംശം ഒപ്പിയെടുത്തിട്ടുണ്ട്.  ഒരു പുസ്‌തകത്തിലെ ഓരോ കഥകളുടെയും നിരൂപണം നടത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. പടന്നമാക്കൽ സാറിനെ സംബന്ധിച്ചു നിരൂപണം ഒരു തപസ്യയാണ്. ഓരോ അധ്യായങ്ങളിലെയും വായനയിലൂടെ കണ്ടെത്തിയ ഉദ്വേഗജനകമായ കാര്യങ്ങൾ അതി സൂഷ്‌മമായി നിരീക്ഷിക്കുയായിരുന്നു അദ്ദേഹമെന്ന് ഈ നിരൂപണത്തിലൂടെ മനസിലാകും.  ഏറെ ക്രീയാൽമകമായ ഒരു നിരൂപണമാണ് ശ്രീ ജോസഫ് പടന്നമാക്കൽ ഈ കഥാ സമാഹാരത്തിൽ നടത്തിയിട്ടുള്ളത്.  സുധീറിന്റെ ഓരോ കഥകളുടെയും സാരാംശങ്ങൾ സ്ഥൂലത്തിൽ നിന്ന് ആരംഭിച്ചു സൂക്ഷ്മത്തിലേക്കുള്ള യാത്രയിൽ ആകാംക്ഷയോടെ വായനക്കുള്ള ജാലകം അദ്ദേഹം തുറന്നിട്ടു കഴിഞ്ഞു. അനുവാചകർക്ക്‌ ഇനി വായന നടത്തുകയെ വേണ്ടു. പുസ്‌തകം വായിക്കപ്പെടേണ്ട ഒന്നാണെന്ന് തെളിയിച്ചു കഴിഞ്ഞു. ഇനി അത് എവിടെ കിട്ടുമെന്ന് മാത്രം അറിയുകയേ വേണ്ടു.  സുധീറിന്റെ കൃതികൾ എല്ലാം തന്നെ ഇമലയാളിയിൽ വായിക്കാറുണ്ട്. ഈ പുസ്‌തകം വായിക്കാൻ കാത്തിരിക്കുകയാണ്. സുധീർ,ഇതിലും വലിയൊരു അംഗീകാരം താങ്കൾക്ക് ലഭിക്കാനുണ്ടോ? കഥാകാരനും നിരൂപകനും  എല്ലാ ഭാവുകങ്ങളും നേരുന്നു. സ്നേഹപൂർവ്വം ഫ്രാൻസിസ് തടത്തിൽ
image
josecheripuram
2020-01-25 18:34:42
I have no doubt that my long time friend Sudhir is a great writer,has profound knowledge in subjects what he writes.I would like the persons who write the comments to use their real names so that he can understand who they are.
image
വിദ്യാധരൻ
2020-01-25 17:36:57
ഫലകത്തേയും പൊന്നാടയേയും നിങ്ങൾ ഭയപ്പെടുന്നതിൽ അതുഭുതമില്ല . നിങ്ങളെ ഇന്നത്തെ കച്ചവട സാഹിത്യത്തിന്റ ഭാഗമാക്കി, ഫലകം കൊണ്ടടിച്ചു കൊലപ്പെടുത്തി , പൊന്നാടകൊണ്ട് മുഖം മൂടാനാണ് . ഒരു എഴുത്തുകാരന് അപരിചിതരായ വായനക്കാർ നൽകുന്ന അംഗീകാരമാണ് ഏറ്റവും വലുത് . അത് എന്നും ഓർമ്മയിൽ സൂക്ഷിച്ചുകൊള്ളുക. നിങ്ങളുടെ കാലശേഷവും ജീവിക്കുന്ന രചനകൾ നടത്തുക .
image
Sudhir Panikkaveetil
2020-01-25 15:08:19
എല്ലാവർക്കും നന്ദി. ശ്രീ പടന്നമാക്കൽ സാർ അഭിപ്രായപ്പെട്ടപോലെ എനിക്ക് കിട്ടിയ പുരസ്കാരമാണിത്. പൊന്നാടയേക്കാൾ , ഫലകങ്ങളെക്കാൾ ഇത്തരം അംഗീകാരങ്ങൾ മഹത്തരമാണ്. ഒരിക്കൽ കൂടി നന്ദി, നന്ദി.
image
Joseph
2020-01-25 14:14:35
ആൻഡ്രു, എൽസി ശങ്കരത്തിൽ, ജോർജ് പുത്തൻകുരിശ്ശ്, തോമസ് കൂവള്ളൂർ, മുതൽ പ്രസിദ്ധരായ എഴുത്തുകാരുടെ ശക്തമായ അഭിപ്രായങ്ങൾക്ക് നന്ദി. അമേരിക്കൻ മൊലക്കായുടെ ഹാസ്യപ്രതികരണവും നന്നായിരിക്കുന്നു. അദ്ദേഹത്തെ എനിക്ക് 'മൗലാന' എന്നും വിളിക്കാൻ തോന്നുന്നുണ്ട്. അലിയാർക്കും അമേരിക്കൻ മൊലാക്കാക്കും 'വ അലൈക്കും അസ്‌ലാം'. അമേരിക്കയിലെ സാഹിത്യ സാമ്രാട്ടാണ് ശ്രീ പണിക്കവീട്ടിൽ. കവിതകൾ , ലേഖനങ്ങൾ, കഥകൾ, ഹാസ്യഭാവനകൾ എന്നിങ്ങനെ മലയാള സാഹിത്യത്തിന്റെ എല്ലാ മേഖലകളിലെയും ഉറ്റതോഴനാണ് അദ്ദേഹം. എങ്കിലും അദ്ദേഹത്തെ തിരിച്ചറിയാൻ ഇവിടെയുള്ള സാഹിത്യപ്രേമികൾക്കു കഴിഞ്ഞില്ലെന്നും പലപ്പോഴും തോന്നിയിട്ടുണ്ട്. എന്റെ ലേഖനത്തെ വിലയിരുത്തി പ്രതികരിച്ചറിവർക്ക് ഒരിക്കൽ കൂടി നന്ദി. അത് ശ്രീ പണിക്കവീട്ടിലിനുള്ള പുരസ്‌ക്കാരവുമാണ്.
image
ഇ മലയാളിയുടെ മസാല
2020-01-25 07:33:45
Sri. Sudhir Panikkaveetil is a talented writer. He can make a feast with words. His stories are videography of real incidents with little artistic ‘masala’ added for taste. Some of his stories are filled with aromatic hidden Sarcasm, some has moral lessons, some are romantic & entertaining. E- Malayalee management & readers need to recognize & reward writers like Sri. Sudhir. Sad to see sometimes & most often e-malayalee is polluted with religious articles or articles praising some religious individual; they are literary trash; those articles must be distributed in their religious functions. We can also see writings of some who never read e- Malayalee or its comments. They simply cast their shit on us. If the management is getting money from them, ok!; you do as you wish. Then there are writers who write false political propaganda; they translate English killing the real meaning, even if e- Malayalee has only finger -few readers; they know how to read & understand English. When a writer translates English wrongly; it is either his ignorance & inability to comprehend English or he is biased, we should not publish or promote falsehood. Also, it might be a good idea to have a thumbs up & down & a counter next to the article to see how many read it & how many like or dislike it. The comment column is the ‘Life’ of the e- Malayalee, it must be very live, sometimes it takes hours to see the comments posted. Mr. Sudhir is a regular writer, reader & commenter of e-malayalee. I wish to see him in the Editorial board of e-malayalee. Wishing you all; e- malayee, Mr.Sudhir, the readers, commenters & above all the writers – Best Wishes.- andrew Thanks to Joseph Sir for this great analysis
image
ജോർജ് പുത്തൻകുരിശ്
2020-01-24 22:15:03
ശ്രീ. സുധീർ പണിക്കവീട്ടിലിന്റ കഥകളും, കവിതകളും , ലേഖനങ്ങളും മനുഷ്യ ഗന്ധികളാണ് . മത രാഷ്ട്രീയ സാഹിത്യ മണ്ഡലങ്ങളിലെ കാപട്യത്തിന്റെ നേരെ അദ്ദേഹം ആഞ്ഞടിക്കുന്നത് കാണാം . അതുപോലെ നല്ല വർണ്ണക്കടലാസ്സിൽ പൊതിഞ്ഞു നിന്ദാസ്തുതി നടത്തുന്നതിലും അദ്ദേഹം പിന്നോക്കമല്ല . അതോടൊപ്പം മറ്റുള്ളവരുടെ സാഹിത്യ പ്രതിഭയെ അഭിനന്ദിക്കുന്നതിൽ ഉദാരമതിയുമാണ് . മലയാള ഭാഷക്ക് ക്ഷതം ഏറ്റുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, മനോഹരമായ പദപ്രോയോഗങ്ങൾ കൊണ്ട് അദ്ദേഹം ഭാഷയുടെ സൗകുമാര്യത്തെ നിലനിര്ത്തുന്നു . അദ്ദേഹത്തിന്റ കൃതികൾ മനുഷ്യ മനസ്സുകളെ ചിന്തിപ്പിച്ചു ജീവിതത്തെ ധന്യമാക്കട്ടെ എന്ന് ആശംസിക്കുന്നു . ശ്രീ ജോസഫ് പടന്നമാക്കലിന്റെ കയ്യിൽ 'സുധീറിന്റെ കഥയുടെ' അപഗ്രഥനം സുരക്ഷിതം . രണ്ടുപേർക്കും അഭിനന്ദനങൾ
image
Elcy Yohannan Sankarathil
2020-01-24 19:53:59
Mr. Sudhir Panikkaveettil’s ‘Sudhiririnte kadhakal’ is romantic, jovial, educative, narrative, quite readable, I read it as ‘ oru sankeerthanam pole’, I am so delighted to possess a copy of which I keept as a treasure in my library. Mr. Sudhir is always seen writing for others, writing beautiful reviews on books , has given so much to the enrichment of Malayalam literature, but our media are not concerned of giving Mr Sudhir an award so far, actually he is not concerned of awards, is like roots under the soil giving nourishment, but never seen up front. So much congratulations to Mr. Padannamakkal for giving a detailed account of Mr. Sudhir’s recent publication, Congrats to Mr. Sudhir, regards !
image
Thomas Koovalloor
2020-01-24 17:58:19
What a beautiful Book Review. The review touched almost all chapters of the Book. By reading the review I could guess the width of knowledge of the Author Sudhir Sir. He is a man of wisdom. Otherwise he could not write all aspects of life in one Book. Congratulations to the Author Sudhir Panikkaveetil Sir and also the Reviewer Joseph Mathew Padannamakel. Both are special gifts for the American Malayalee Literature!
image
ആലിയാര്
2020-01-24 16:30:58
ഇങ്ങക്ക് കഥ ബായിക്കാൻ എബിടെ സമയം മൊല്ലാക്ക ? ഇങ്ങള് ഒന്ന് രണ്ടു ബീബിമാരെ മൊഴി ചൊല്ല് എന്നിട്ട് കഥ ബായിക്ക് . നടു ബെടക്കാക്കി കളയാതെ സൂക്ഷിക്കേം ചെയ്യാം . അപ്പോൾ മാലേക്കും അസലാം
image
amerikkan mollakka
2020-01-24 14:29:27
അത് ഞമ്മളാണോ? 'മറ്റൊരിടത്ത് ഭർത്താവിനെ പങ്കുവെക്കുന്ന ഭാര്യമാരാണ്. ബീവിമാരുടെ മാസമുറകൾ അന്വേഷിച്ചു നടക്കുന്ന 'കാക്കാ ഭർത്താവ്'. ഭർത്താവിനെ അവിടെ പങ്കുവെക്കലാണ്. ഇരു ഭാര്യമാരുള്ള പുരുഷന്റെ മനസിലെ കോളിളക്കങ്ങളും ഇടിയും മിന്നലും കഥയെ അലംകൃതമാക്കുന്നു.' =പടന്നമാക്കൽ സാഹിബ്. അത് ഞമ്മളാണോ. ഞമ്മക്ക് മൂന്നു ബീവിമാരുണ്ട്. സുധീർ സാഹേബ് കഥയും കഥാപാത്രങ്ങളും കണ്ടെത്തിയത് ഇമ്മടെ ചുറ്റുപാടിൽ നിന്നാണ് എന്ന് പടന്നമാക്കൽ സാഹിബ്എയ്തുന്നു. ഞമ്മള് മൂന്നു ബീവിമാരുണ്ടെന്നൊക്കെ എയ്താണത് സുധീർ സാഹേബ് ബായിച്ചിരിക്കും. ഞമ്മള് പക്ഷെ ബീവിമാരുമായി ഒരു understanding ഉണ്ട്. അബരുടെ ശാരീരിക ബിബരങ്ങൾ ഞമ്മക്കറിയാം, എന്തായാലും ഞമ്മക്ക് ആ കിത്താബ് ഒന്ന് ബായിക്കണം. പടന്നമാക്കൽ സാഹിബിനു നന്ദി. ഇങ്ങനെയൊക്കെ എയ്തിയത് കൊണ്ട് കിത്താബ് ബായിക്കാൻ മോഹം.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
അത്ഭുതമായ രഹസ്യം കൂട്ട് (സന്ധ്യ എം)
പുലരീ...നീയെത്രസുന്ദരി..!!! (കവിത: ജയിംസ് മാത്യു)
ഞാനൊരു നിലാവിന്റെ പക്ഷിയാണ് (കവിത: രമ പിഷാരടി)
എന്താ മെയ്യഴക്? ( കഥ: സൂസൻ പാലാത്ര )
തോല്‍ക്കാതെ (കവിത: ആറ്റുമാലി)
കിഴക്കോട്ട് പോയ കഥ ഓർമ്മിച്ച് സക്കറിയ; ഉള്ളിലെ അപരനെപ്പറ്റി രാമനുണ്ണി; കഥകളുടെ ആഴം തേടി റോസ്മേരി 
റാബിയ (കവിത: ഷീന വര്‍ഗീസ്)
പാമ്പും കോണിയും - നിർമ്മല - നോവൽ - 35
നീലച്ചിറകുള്ള മൂക്കുത്തികൾ 54 (അവസാനഭാഗം) സന റബ്‌സ്
പൊന്നരഞ്ഞാണം (കഥ: ഷാജന്‍ ആനിത്തോട്ടം)
വെനീസിലെ പെണ്‍കുട്ടി (ചെറുകഥ: സാംസി കൊടുമണ്‍)
സര്‍പ്രൈസ്, പാക്കിസ്ഥാനി സ്റ്റൈല്‍ (കഥ.: സാം നിലമ്പള്ളില്‍
ആരും കേൾക്കാത്ത നിലവിളികൾ: കഥ; മിനി സുരേഷ്
വരുന്നു ഞങ്ങള്‍ കര്‍ഷക അതിജീവന രണാങ്കണത്തില്‍ (എ.സി. ജോര്‍ജ്ജ്)
കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -4: കാരൂര്‍ സോമന്‍)
മായാത്ത കറുപ്പ് (കവിത - ബിന്ദു ടിജി)
ഒരു കഥയില്ലാക്കഥ. (കഥ : രമണി അമ്മാൾ )
അടുത്തടുത്ത വീടുകളിൽ ( കവിത : ആൻസി സാജൻ )
വെറുതെ ഒരുസ്വപ്നം ( കഥ : സൂസൻ പാലാത്ര )
മാതൃഭാഷാദിനം (കവിത: രേഖാ ഷാജി മുംബൈ)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut