Image

സൗദിയില്‍ കൊറോണ വൈറസ്; മുപ്പതോളം പേരെ ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റി

Published on 23 January, 2020
സൗദിയില്‍ കൊറോണ വൈറസ്; മുപ്പതോളം പേരെ ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റി
അബ്ഹ:  ഖമീസ് മുഷയിത്ത് അല്‍ ഹയാത്ത് നാഷനല്‍ ഹോസ്പിറ്റലിലെ മലയാളി നഴ്‌സിനു കൊറോണ വൈറസ് ബാധയേറ്റതായി വിവരം. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് വൈറസ് ബാധിച്ചത്. ഇതേ ആശുപത്രിയിലെ ഫിലിപ്പീനി നഴ്‌സിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. വിദഗ്ധ ചികിത്സക്കായി ഇവരെ അസീര്‍ സെട്രല്‍ ഹോസ്പിറ്റലിലെ ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്.

ചികിത്സക്കായി എത്തിയ ഫിലിപ്പീന്‍സ് സ്വദേശിയായ രോഗിയില്‍ നിന്നാണ് വൈറസ് ബാധിച്ചതെന്നറിയുന്നു. പനിയും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയ ഇവര്‍ക്ക് നാല് ദിവസത്തിന് ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ശുശ്രൂഷിക്കുന്നതിനിടയിലാണ് രോഗം പടര്‍ന്നത്. ആദ്യം രോഗം സ്ഥിരീകരിക്കപ്പെട്ട ഇവര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മലയാളി നഴ്‌സില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് സഹജീവനക്കാരായ മുപ്പതോളം പേരെ ഇതേ ആശുപത്രിയില്‍ ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തായി പാര്‍പ്പിച്ചിരുന്നു.

ഇതു കൂടുതല്‍ പരിഭ്രാന്തി പരത്തിയെങ്കിലും സ്ഥിതിഗതികള്‍ ഗുരുതരമല്ല. സംശയമുള്ളവരുടെ സാംപിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. എംപസിയും നോര്‍ക്കയും ഇടപെട്ടിട്ടുണ്ട്. ചൈനയിലും അമേരിക്കയിലും വൈറസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന്  സൗദി ആരോഗ്യ മന്ത്രാലയം നേരത്തെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. തൊട്ടു പിന്നാലെയാണ് സൗദിയില്‍ നിന്ന് വാര്‍ത്ത വരുന്നത്. ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ വന്നിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക