Image

അധ്യാപികയുടെ മരണം; കാണാതായ ഫോണ്‍ കണ്ടെടുത്തു; അന്വേഷണം ക്രൈംബ്രാഞ്ചിന്

Published on 23 January, 2020
അധ്യാപികയുടെ മരണം; കാണാതായ ഫോണ്‍ കണ്ടെടുത്തു; അന്വേഷണം ക്രൈംബ്രാഞ്ചിന്
കാസര്‍കോട് : മിയ്യപദവ് വിദ്യാവര്‍ധക സ്കൂളിലെ അധ്യാപിക ചിഗറുപദവിയിലെ ബി.കെ.രൂപശ്രീയുടെ ദുരൂഹമരണം സംബന്ധിച്ച കേസ് ജില്ലാ ക്രൈംബ്രാഞ്ചിനു വിട്ടു. ഡിവൈഎസ്പി എ.സതീഷ്കുമാര്‍,  മഞ്ചേശ്വരം അഡീഷനല്‍ എസ്‌ഐ പി.ബാലചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം തുടങ്ങി. പൊലീസ് മേധാവിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണു കേസ് കൈമാറിയത്.

കേസില്‍ വനിതാ കമ്മിഷന്‍ ഇന്നലെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.അന്വേഷണത്തിന്റെ ഭാഗമായി സഹഅധ്യാപകനെ വീണ്ടും ചോദ്യം ചെയ്തു. ഈ അധ്യാപകന്‍ ലക്ഷക്കണക്കിനു രൂപ വായ്പ എടുത്തിരുന്നതായും അതിനു ജാമ്യം നിന്നത് രൂപശ്രീ ആയിരുന്നുവെന്നു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. രൂപശ്രീയുടേതു മുങ്ങി മരണമാണെന്നാണു ഫോറന്‍സിക് വിദഗ്ധരുടെ കണ്ടെത്തല്‍.

എന്നാല്‍ കൊലപാതകമാണെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണു ബന്ധുക്കളും നാട്ടുകാരും. ഈ മാസം 16 നു സ്കൂളിലേക്കു പോകുന്നുവെന്നു പറഞ്ഞാണു രൂപശ്രീ ഭര്‍തൃ വീട്ടില്‍ നിന്നിറങ്ങിയത്. ഉച്ചയ്ക്കു ശേഷം സ്കൂളില്‍ നിന്നു സ്വന്തം സ്കൂട്ടറില്‍ മടങ്ങുകയും ചെയ്തു.  വൈകുന്നേരമായിട്ടും വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു കാണാതായ വിവരം അറിയുന്നത്. 18ന് രാവിലെയാണു മൃതദേഹം പെര്‍വാഡ് കടപ്പുറത്ത് കാണപ്പെട്ടത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക