Image

റോയല്‍ മാസ്സക്ര്‍ (ഭാഗം 2: ജയ്. എന്‍ കെ)

Published on 22 January, 2020
റോയല്‍ മാസ്സക്ര്‍ (ഭാഗം 2: ജയ്. എന്‍ കെ)
രാത്രി ഒൻപതരയായിട്ടും കാഠ്മണ്ഡുവിലെ രാജവീഥിയിലെ വാഹനത്തിരക്ക് കുറഞ്ഞിരുന്നില്ല . ഹോൺ തുടർച്ചയായി മുഴക്കി കേണൽ സുന്ദർ പ്രതാപ് സിംഗ് റാണയുടെ കാർ മിലിട്ടറി ഹോസ്പിറ്റലിലേക്ക് പാഞ്ഞു. കാറിന്റെ പിന്നിരിപ്പിടത്തിൽ നൂൽപ്പാലത്തിലെ ജീവനുമായി നേപ്പാളിന്റെ പ്രഭ രക്തത്തിൽകുളിച്ച് കിടപ്പുണ്ട്. ആ പ്രഭ കെടാതെ നോക്കണം. മഹാരാജാവ് ബീരേന്ദ്രയാണ് ചലനമറ്റ് കിടക്കുന്നത്.

എന്താണ് സംഭവിച്ചതെന്ന് കേണൽ റാണയ്ക്കപ്പോഴും മനസ്സിലായിരുന്നില്ല. ഒരു കാര്യം മാത്രമറിയാം, ഇത് തന്റെ പരാജയമാണ്. സ്വന്തം ജീവൻ വെടിഞ്ഞും മഹാരാജാവിന്റെ ജീവൻ സംരക്ഷിക്കപെടാൻ നിയോഗിക്കപ്പെട്ട എ ഡി സി* യാണ് താൻ. പക്ഷെ വെടിയുണ്ടകൾ തന്റെ സുരക്ഷയെ മറി കടന്ന് മഹാരാജാവിന്റെ പൊന്നുമേനിയെ മുറിവേൽപ്പിച്ചിരിക്കുന്നു. ഇരുപത്തി രണ്ടു വർഷമായിരിക്കുന്നു നിഴൽ പോലെ മഹാരാജാവിന്റെ കൂടെ കഴിയാൻ തുടങ്ങിയിട്ട്, മഹാരാജാവിന്റെ വിശ്വസ്തനായ ഭൃത്യനായി, അംഗരക്ഷകനായി. ഈ പരാജയത്തിന് കാലം തനിക്ക് മാപ്പ് തരില്ല..

കാർ മൂന്നരക്കിലോമീറ്റർ പിന്നിട്ട് ചൗനിയിലെ ശ്രീബീരേന്ദ്ര മിലിട്ടറി ഹോസ്പിറ്റലിന് മുൻപിലെത്തിയപ്പോഴേക്കും ഡോക്ടർ ലെഫ്റ്റനന്റ് സദീക്ഷ്യസിംഗും സംഘവും പടികളിറങ്ങി ഓടി വരുന്നത് കേണൽ റാണ കണ്ടു. കൊട്ടാരത്തിൽ നിന്നും ഒരു വിവിഐപി ആശുപത്രിയിലേക്കെത്തുന്നു എന്ന് ടെലിഫോണിൽ സന്ദേശം അവർക്ക് ലഭിച്ചിട്ട് മിനിട്ടുകൾ കഴിഞ്ഞിരുന്നില്ല. കാറിന്റെ പിന്നിരിപ്പിടത്തിൽ നിന്ന് അനക്കമറ്റ ശരീരം പരിശോധനട്രോളിയിലേക്ക് കിടത്തവേ ആ സൈനികൻ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു:

“നമ്മുടെ മഹാരാജാവാണ്, എന്ത് വില കൊടുത്തും രക്ഷിക്കണം..”
മഹാരാജാവിന്റെ നിന്നും മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം ഒലിച്ചിറങ്ങുന്നത് ഡോക്ടർ സദീക്ഷ്യ കണ്ടു. രോഗിയുടെ ഔന്നത്യം അവരെ പതറിപ്പിച്ചുവെങ്കിലും ആ ജൂനിയർ ഡോക്ടർ പകയ്ക്കാതെ കർമ്മ നിരതയായി. ട്രോമ കെയർ ഹാളിലേക്ക് ട്രോളി തള്ളിക്കൊണ്ട് പോകവേ അവർ മഹാരാജാവിന്റെ ശ്വസോച്ഛാസവും ഹൃദയമിടിപ്പും പരിശോധിച്ചു. വളരെ നേരിയ തുടിപ്പുണ്ടോ? ഉറപ്പിക്കാനാവുന്നില്ല.

ഏറെക്കുറെ നിശ്ചലമായ രാജാവിന്റെ നെഞ്ചകത്തിൽ ഡോക്ടർ ശക്തമായി അമർത്തി സിപിആർ കൊടുക്കുവാൻ തുടങ്ങി. ഓരോ തവണ അമർത്തുമ്പോഴും അൽപ്പാൽപ്പമായി രക്തം വായിലൂടെ പുറത്തേക്കൊലിച്ചു. ഒരു നേഴ്സ് ഐ വി ഫ്ലൂയിഡ് മഹാരാജാവിന്റെ കൈത്തണ്ടയിൽ ഘടിപ്പിച്ചു.

ഡോക്‌ടർ മഹാരാജാവിന്റെ കൈത്തണ്ടയിൽ തള്ളവിരൽ അമർത്തിപ്പിടിച്ചു പൾസ് വീണ്ടും നോക്കി. ജീവന്റെ ഒരു നുള്ളെങ്കിലും മിടിക്കുന്നുണ്ടുവോ? ഇല്ല ഇത് പ്രഖ്യാപിക്കുവാൻ തനിക്കാവില്ല, താൻ വെറുമൊരു ജൂനിയർ ഡോക്ടർ മാത്രം.

തീയേറ്ററിന്റെ വാതിൽക്കൽ മറ്റൊരു സ്ട്രെച്ചർ എത്തിക്കഴിഞ്ഞു, അതിലൊരു സുന്ദരിയായ സ്ത്രീയാണ് എന്ന് ഡോക്ടർ നടുക്കത്തോടെ തിരിച്ചറിഞ്ഞു.സ്ട്രെച്ചർ തള്ളിക്കൊണ്ട് വന്നവരിൽ ഒരാൾ ചോരയിൽക്കുളിച്ചാണ് നിൽക്കുന്നത്! എന്താണിത്? കൊട്ടാരത്തിൽ എന്താണ് സംഭവിച്ചത്? മഹാരാജാവിന്റെ ആരാണ് ഇവരെല്ലാം?

സ്ത്രീയുടെ ശരീരത്തിൽ ജീവന്റെ ലക്ഷണം കാണാനുണ്ട്. മഹാരാജാവിനെ നഴ്സ്മാരുടെ കയ്യിലേൽപ്പിച്ച് വനിതാ ഡോക്ടർ ആ സ്ത്രീയെ പരിശോധിക്കാനാരംഭിച്ചു. ഹൃദയമിടിപ്പ് വളരെ താഴെയാണ്. പുറമെ പരിക്കുകളൊന്നും കാണുന്നില്ല.

മഹാരാജാവിന്റെ ഏക മകൾ പ്രിൻസസ് ശ്രുതി ആയിരുന്നുവത്. ഡോക്ടർ ഐ വി ലൈൻ ശ്രുതിയിലും ഘടിപ്പിച്ചു. ശക്തമായി മാറിടത്തിൽ അമർത്തുവാൻ തുടങ്ങി. ഈ ജീവനെങ്കിലും തനിക്ക് രക്ഷിക്കണം. ജോലി കഴിഞ്ഞ് തിരികെ പ്പോയിരിക്കുന്ന മുതിർന്ന ഡോക്ടർമാർ എത്തുന്ന സമയത്തോളം ഈ സാഹചര്യത്തെ താൻ കൈകാര്യം ചെയ്തേ പറ്റൂ.

“ സിസ്റ്റർ , ഒരു അഡ്രിനാലിനും എറ്റ്രോപൈനും.. ഫാസ്റ്റ് ..”

സി പി ആർ നല്കിക്കൊണ്ടിരിക്കുമ്പോഴാണ് ‘ശ്രുതീ ശ്രുതീ’ എന്ന് ജീവൻ തിരിച്ചുപിടിക്കാനെന്ന വണ്ണം വിളിക്കുന്ന തന്റെ മുൻപിൽ ചോരയിൽക്കുളിച്ചു നിൽക്കുന്ന ആളെ ഡോക്ടർ ശ്രദ്ധിച്ചത്. അയാളുടെ നെഞ്ചിൽ നാല് ചോരപ്പൂക്കൾ അവർ കണ്ടു. കട്ടിപിടിക്കാനാരംഭിച്ചിരിക്കു
ന്നുവെങ്കിലും കൊഴുത്ത രക്തക്കട്ടകൾ ഇളകുന്നു. മുറിവമർത്തിപ്പിടച്ച അയാളുടെ വലതുകൈയിലെ തള്ള വിരൽ ചിതറിപ്പോയിരിക്കുന്നു.

രാജകുമാരി ശ്രുതിയുടെ ഭർത്താവ് ഗോരഖ് ഷംഷേർ റാണ ആയിരുന്നുവത്. തന്റെ പ്രീയപത്നിയെ വിളിച്ചുണർത്താൻ ശ്രമിച്ച അയാൾ തളർന്നു താഴേക്ക് വീണു. നൊടിയിടയിൽ മഹാരാജാവിന്റെ മരുമകന്റെ മുഖത്തും ശ്വാസോച്ഛാസ ഉപകരണങ്ങൾ ഘടിക്കപ്പെട്ടു. അബോധാവസ്ഥയിലേക്കു വീഴവേ അയാളിലെ ജീവനോടുള്ള കൊതി ശബ്ദമായി പുറത്ത് വന്നു: “എന്റെ രക്തം ഏ ബി പോസിറ്റിവ് ആണ് …”

വേറെയും വാഹനങ്ങൾ ആശുപത്രിയിലേക്ക് ഇരമ്പിപ്പാഞ്ഞു വന്നു കൊണ്ടിരുന്നു. അതിൽ പലതിൽ നിന്നും ചോരത്തുള്ളികൾ ഇറ്റിറ്റു വീണു കൊണ്ടിരുന്നു.

പ്രിൻസസ് ശാരദ, പ്രിൻസസ് ജയന്തി, പ്രിൻസസ് ശാന്തി, പ്രിൻസസ് കോമൾ, പ്രിൻസ് ധീരേന്ദ്ര, ജെ ബി റാണ, കേതകി ചെസ്റ്റർ.. യുവരാജാവ് ദീപേന്ദ്ര.. അല്പജീവനുമായി മരണത്തോട് പൊരുതുന്നവരുടെ എണ്ണം കൂടുകയാണ്.

************
ഡോക്ടർ ഉപേന്ദ്ര ദേവ്കോട്ട തന്റെ സ്വന്തം ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയിട്ട് അര മണിക്കൂർ മാത്രമേ ആയിരുന്നുള്ളു. അന്ന് വൈകുന്നേരവും അദ്ദേഹത്തിന് ഒരു അടിയന്തിരശസ്ത്രക്രീയ ചെയ്യാനുണ്ടാനയിരുന്നു,. നേപ്പാളിലെ ഏറ്റവും പ്രശസ്തനായ ന്യൂറോ സർജന് വിശ്രമിക്കാൻ സമയം കിട്ടുക തന്നെ അപൂർവം.. ലണ്ടനിലെ അറ്റ്കിൻസൺ മോർലി ഹോസ്പിറ്റലിൽ നിന്ന് അഡ്വാൻസ്ഡ് ന്യുറോ സർജറിയിൽ പരിശീലനം നേടിയ നേപ്പാളിലെ ഏക ഭിഷഗ്വരനാണ് ഡോ: ദേവ്കോട്ട. തനിക്ക് ഏറ്റവും പ്രീയപ്പെട്ട സ്കോച് വിസ്കി പകർന്ന് കൊണ്ടിരിക്കവയെ ആണ് മിലിട്ടറി ഹോസ്പിറ്റലിൽ നിന്ന് ഡോക്ടർ ദേവ്‌കോട്ടയ്ക്ക് ഫോൺസന്ദേശം ലഭിച്ചത്.

മറുതലയ്ക്കൽ റോയൽ പാലസ് ഡോക്ടറായ ഖഗേന്ദ്ര ശ്രേഷ്‌ഠയായിരുന്നു. അദ്ദേഹത്തെ വളരെക്കാലമായി പരിചയമുണ്ട്.

“ ഡോക്ടർ, പ്ലീസ്സ് ഗെറ്റ് റെഡി..
ഹിയർ ഈസ് ആൻ എമർജൻസി..” ഡോ:ഖഗേന്ദ്ര അത്രയും മാത്രമേ ഡോ:ദേവ്‌കോട്ടയോട് പറഞ്ഞതുള്ളൂ. കൊട്ടാരം ഡോക്ടർക്ക് രാത്രിയിൽ മിലിട്ടറി ഹോസ്പിറ്റലിൽ എന്താണ് എമർജൻസിയെന്ന് ഒരു വേള അദ്ദേഹം അമ്പരന്നു. ഡോക്ടർ കുപ്പായം മാറി തയ്യാറായി കഴിഞ്ഞപ്പോൾതന്നെ അദ്ദേഹത്തിന് വേണ്ടി ഒരു വാഹനം തുറന്നു വച്ചിരുന്നു:

“ ഡോക്ടർ, ഞാൻ മേജർ അനന്ത് സിംഹ, രാജ്ഞിയുടെ ഏ ഡി സി” ഡ്രൈവർ സ്വയം പരിചയപ്പെടുത്തി.

വാഹനം രാജപാതയിലൂടെ കുതിച്ചു. അതിന് വഴിയൊരുക്കിക്കൊണ്ട് ഒരു പട്ടാള വാഹനം മുൻപേ പാഞ്ഞിരുന്നു. ഒരു നിമിഷം പോലും നഷ്ടപ്പെടുത്തുവാൻ ഇല്ല.

“ ഡോക്ടർ, നമ്മുടെ യുവരാജാവിന് വെടിയേറ്റു…പാലസിൽ വച്ച്...” അത് മാത്രമാണ് പത്തു മിനുട്ട് നീണ്ട ആ യാത്രയിലുണ്ടായ ഏക സംഭാഷണം. അതിനപ്പുറം ആ എഡിസിക്കും ഒന്നുമറിയില്ല.

മിലിട്ടറി ആശുപത്രിയിലെ ട്രോമാ ഹാളിലേക്ക് കടക്കവേ മൂന്നോ നാലോ ശരീരങ്ങൾ രക്തത്തിലാണ്ടു കിടക്കുന്നത് കണ്ടു ഡോ: ഉപേന്ദ്ര ദേവ്കോട്ട നടുങ്ങി. എന്താണ് കൊട്ടാരത്തിൽ നടന്നത്.? ഒരു പുരുഷ ശരീരത്തിന്റെ പൾസ് അദ്ദേഹം പിടിച്ച് നോക്കി. ഇല്ല ജീവനില്ല. അടുത്ത സ്ത്രീ ശരീരത്തിന് നേരെ നീങ്ങവേ റോയൽ ഡോക്ടർ ഖഗേന്ദ്ര ദേവ്‌കോട്ടയെ വഴി കാട്ടി.

“ ഉപേന്ദ്ര... പ്ലീസ്… ഇത് വഴി…എവെരി വൺ ഓഫ് റോയൽ ഫാമിലി ഹാസ് ബീൻ ഷോട്ട് ... ഐ നെവർ സീൻ സച്ച് എ ഡിസാസ്റ്റർ..” വൃദ്ധഡോക്ടറുടെ ശബ്ദം പതറി.

മുകൾനിലയിലെ ട്രോമാ കെയർ റൂമിൽ അർദ്ധനഗ്നനായി ആ ചെറുപ്പക്കാരൻ കിടപ്പുണ്ടായിരുന്നു. ആദ്യ ദൃഷ്ടിയിൽ തന്നെ അയാളുടെ ശിരസ്സിന്റെ പിൻഭാഗത്തെ ചെറുദ്വാരമാണ് ഡോ: ഉപേന്ദ്രയുടെ കണ്ണിൽ പെട്ടത്. അദ്ദേഹം ആ ചെറുപ്പക്കാരന്റെ പൾസ് പരിശോധിച്ചു , കുഴപ്പമില്ല , രക്തമർദ്ദവും സാധാരണ ഗതിയിലാണ്. പക്ഷെ തുറന്നിരിക്കുന്ന അയാളുടെ കണ്ണുകൾ നിർജീവമാണ്, അനങ്ങുന്നതേയില്ല. അയാളുടെ നെഞ്ചിൻകൂടിൽ ഡോക്ടർ ശക്തിയായി അമർത്തി നോക്കി. അതിന് പ്രതികരണമായി ചെറുപ്പക്കാരന്റെ കൈകൾ ഒന്ന് ചലിച്ചു.

“ ദൈവമേ… മസ്തിഷ്ക മരണം സംഭവിച്ചിട്ടില്ല..” ഡോക്ടർ പിറുപിറുത്തു. പക്ഷെ നില ഗുരുതരമാണ്..

കുലീനനായ ആ ചെറുപ്പക്കാരനെ ഡോക്ടർ തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ നടുക്കം പ്രകടമായിരുന്നു. യുവരാജാവ് ദീപേന്ദ്ര. നേപ്പാളിലെ ഏറ്റവും സമ്മോഹനനായ യുവാവ്! നേപ്പാളിന്റെ ഭാവിവാഗ്‌ദാനം!

ശസ്ത്രക്രീയ അടിയന്തരമായി ചെയ്യണം, പക്ഷെ ഈ ആശുപത്രീയിൽ അതിനുള്ള സംവിധാനങ്ങൾ ഉണ്ടോ.? യുവരാജാവിന്റെ ചികിത്സക്കു വേണ്ട നിർദ്ദേശങ്ങൾ മറ്റു ഡോക്ടർമാർക്ക് നൽകിക്കൊണ്ട് ഡോ: ദേവ്കോട്ട ഇടനാഴിയിലേക്ക് തിരിഞ്ഞു. ചലനമറ്റു കിടക്കുന്ന ഒരു വ്യക്തിയെ ചൂണ്ടി റോയൽ ഡോക്ടർ, ദേവ്കോട്ടയോട് പറഞ്ഞു:

“ നമ്മുടെ മഹാരാജാവ് …. പോയി”

അപ്പോഴാണ് ആ വ്യക്തിയെ ഡോ:ദേവ്കോട്ട ശ്രദ്ധിച്ചത്. താൻ കടന്ന് വന്നപ്പോൾ ഈ ശരീരം ഇവിടെക്കിടപ്പുണ്ടായിരുന്നു. താൻ ശ്രദ്ധിച്ചില്ല. ഏതൊരു മനുഷ്യന്റെ ചിത്രമാണോ തന്റെ സ്വീകരണമുറിയിലും പരിശോധനമുറിയിലും ആരാധനയോടെ വച്ചിരിക്കുന്നത് ആ മനുഷ്യനെയാണ് കുറച്ചു മുൻപ് തിരിച്ചറിയാതെ അവഗണിച്ച് കടന്ന് വന്നത്. എന്നെന്നും തന്റെ പ്രചോദനവും സഹായവുമായിരുന്ന ദൈവാവതാരം. എത്രയോ സാധാരണക്കാർ കിടന്നിരുന്ന അതേ സ്ട്രച്ചറിൽത്തന്നെ നേപ്പാളിന്റെ ഉടയോനും തണുത്തുവിറങ്ങലിക്കാൻ തുടങ്ങുന്നു.

ആപ്പോഴും രക്തമൊലിക്കുന്ന ശരീരങ്ങളുമായി വാഹനങ്ങൾ വന്നു കൊണ്ടിരുന്നു. ഏറ്റവും അവസാനമാണ് മഹാറാണി ഐശ്വര്യയുടെയും ഇളയ രാജകുമാരൻ നിരജ്ഞന്റെയും ശരീരങ്ങളെത്തിയത്. രാജ്ഞി ഐശ്വര്യലക്ഷ്മിയെ നോക്കിയവർ നടുക്കത്തോടെ മുഖം തിരിച്ചു. രാജ്ഞിയുടെ ശരീരത്തിന് മുഖമേ ഉണ്ടായിരുന്നില്ല. കഴുത്തിനും നെറ്റിക്കുമിടയിൽ മുഖം ചിതറിത്തെറിച്ചിരിക്കുന്നു.

“ യുവരാജാവ് ദീപേന്ദ്ര….. അങ്ങെന്തിനിത് ചെയ്തു ?…” തോളിൽ വെടിയേറ്റ് കൈ ചലിപ്പിക്കാനാവാത്ത ഒരു വൃദ്ധൻ പിറുപിറുക്കുന്നത് ഡോ: ദേവ്കോട്ടയുടെ കാതിൽപ്പതിഞ്ഞു.

യുവരാജാവാണ് ഇതിന് പിന്നിലെന്നോ? വിശ്വസിക്കാനാവുന്നില്ല. എന്തിന്?

(തുടരും)
എ ഡി സി - Aide-de-camp (രാജാവ്, പ്രസിഡന്റ്, മിലിട്ടറി ജനറലുമാർ തുടങ്ങിയവരുടെ പ്രധാനസേവകരായി നിയോഗിക്കപ്പെട്ട പട്ടാള ഉദ്യോഗസ്ഥൻ)

Photo Courtesy: Google, The Hindu.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക