Image

ബോംബുണ്ടാക്കി ബോറടിച്ച അലന്‍ (മനോജ്. കെ. ജോണ്‍ ന്യൂജേഴ്‌സി)

Published on 22 January, 2020
ബോംബുണ്ടാക്കി ബോറടിച്ച അലന്‍ (മനോജ്. കെ. ജോണ്‍ ന്യൂജേഴ്‌സി)
മോഹന്‍ലാല്‍ ഒരു ചാനലില്‍ മറ്റൊരാള്‍ പാടിയ പാട്ടു താന്‍ പാടിയതാണെന്നു അവകാശപ്പെടുന്നു. പ്രത്യേകിച്ച് ഒരവാര്‍ഡും ഇനി കിട്ടാന്‍ ബാക്കിയില്ലാത്ത ലാലിന് ഇതിന്റെ വല്ല ആവശ്യമുണ്ടോയെന്നു നമ്മള്‍ വണ്ടറടിക്കുന്നു.

മോഡി താന്‍ മുതലകളുമായി നീന്താറുണ്ടായിരുന്നെന്നു ഒബാമയുടെയടുത്തു വീമ്പിളക്കുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഇതിന്റെ വല്ല കാര്യമുണ്ടോയെന്നും നമ്മളാലോചിക്കുന്നു.

ഇതേപോലെ സമാനമായതു ഒരുപാടുണ്ട്.

റൊണാള്‍ഡ് റെയ്ഗന്‍ ഇലെക്ഷന്‍ കാമ്പയിനുകളില്‍, നാസികളില്‍ നിന്നും പുള്ളി ജൂതരെ രക്ഷിച്ച കഥകള്‍ പറയാറുണ്ടായിരുന്നു. പിന്നീട് റെയ്ഗനു തന്നെ മനസ്സിലായി ഇപ്പറഞ്ഞ കഥകള്‍ ചെറുപ്പകാലത്തു താന്‍ കണ്ട ഇഷ്ടപെട്ട ഒരു സിനിമയുടെ സീനുകളാണെന്നു.

പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ ഫാക്ട് ഏതാ ഫിക്ഷന്‍ ഏതാണെന്നു കണ്‍ഫ്യൂഷന്‍ അടിക്കുന്നത് മനുഷ്യര്‍ക്ക് എന്ത് കോമണ്‍ ആണെന്ന് അറിഞ്ഞാല്‍ നമ്മള്‍ അത്ഭുതപ്പെടും.

കുറച്ചു നാള്‍ മുന്‍പ് എന്തോ ടൈപ്പ് ചെയ്യാനിരുന്നപ്പോള്‍ അദ്വാനിയുടെ രഥയാത്ര നേരിട്ട് കണ്ടതൊക്കെ ഓര്‍ത്തു. കൊട്ടാരക്കര ടൗണിലൂടെ പോയത് കുട്ടികള്‍ ഞങ്ങള്‍ റോഡരുകില്‍ നിന്ന് കണ്ടത്. പക്ഷെ ഒരു ചെറിയ സംശയം തോന്നി കൂട്ടുകാരനെ വിളിച്ചു.

നിനക്കോര്‍മയുണ്ടോ പണ്ട് കൊട്ടാരക്കരയിലൂടെ രഥയാത്ര പോയത്. അതാരാണെന്ന് ഓര്‍മ്മയുണ്ടോ?

പിന്നേ..ട്രാഫിക് ജംഗ്ഷനില്‍ നിന്ന് നമ്മള്‍ കണ്ടതല്ലേ..അദ്വാനിയെ.

അത് മുരളീ മനോഹര്‍ ജോഷിയാണോ, അതോ അദ്വാനിയാണോ?

അദ്വാനി. ഞാന്‍ കണ്ടതല്ലേ.

സംശയം അങ്ങോട്ട് മാറുന്നില്ല. ഗൂഗിള്‍ അടിച്ചു നോക്കിയിട്ടും രക്ഷ ഇല്ല.

ഗള്‍ഫിലുള്ള വേറൊരു കൂട്ടുകാരനോട് ചോദിക്കുന്നു.
അവനും ഉറപ്പിക്കുന്നു. അദ്വാനിയെ അവനും കണ്ടതാണ്.

ശേഷം, ജേഷ്ഠ സഹോദരനെ വിളിച്ചു ചോദിച്ചപ്പോള്‍, നിനക്ക് പ്രാന്താണോയെന്നു ചോദിച്ചു യാത്രയുടെ പേര് ഏകതാ യാത്രയാണെന്നും, അത് മനോഹര്‍ ജോഷിയാണെന്നും, വര്‍ഷം സഹിതം ഇങ്ങോട്ടു പറഞ്ഞു തന്നു.

പക്ഷെ ഞങ്ങള്‍ എല്ലാം നേരിട്ട് കണ്ട കാര്യമാണ്. അദ്വാനിയുടെ രഥയാത്ര.

കാള്‍ സാഗന്റെ ഒരു ഫെയ്മസ് ബുക്കാണ്, ദി ഡെമന്‍ ഹോണ്ടഡ് വേള്‍ഡ്.

അതില്‍ മനുഷ്യനെന്തുകൊണ്ടാണ് ഒരു തെളിവുമില്ലാതെ, വിശ്വാസയോഗ്യമല്ലാത്തതൊക്കെ വിശ്വസിക്കുന്നത്, ഓര്‍മകളുടെ, ടെസ്റ്റിമണികളുടെ വിശ്വാസീയതകുറവ്, ഇതൊക്കെ ഉദാഹരണ സഹിതം വിവരിക്കുന്നുണ്ട്.

രസകരമായ ഒരു സംഭവം അതില്‍ പറയുന്നതിതാണ്.

Los Alamos National Laboratory, ജപ്പാനില്‍ ഇട്ട ന്യൂക്ലിയര്‍ ബോംബിന്റെ റിസേര്‍ച്ചും നിര്‍മ്മാണവും ഒക്കെ നടന്ന സ്ഥലമാണ്.

അവിടെ ഒരു ചെറുപ്പക്കാരനായ സയന്റിസ്റ്റ് ആണ് അലന്‍. ആള് ബ്രില്ലിയന്റാണ്. പക്ഷെ അലന്റെ ചില ഡെലൂഷനുകള്‍ ഗവണ്മെന്റ് പ്രോജക്ടുകളുടെ രഹസ്യ സ്വഭാവത്തെ ബാധിക്കുന്നു.

ഇത് പരിഹരിക്കാന്‍ ലബോറട്ടറി അന്നത്തെ പ്രശസ്തനായ സൈക്കോ അനലിസ്റ്റായ റോബര്‍ട്ട് ലിന്‍ഡ്നറിനെ അപ്പോയ്ന്റ് ചെയ്യുന്നു.

ലിന്‍ഡ്നര്‍ അന്വേഷിച്ചപ്പോള്‍ അലന് ബോംബുണ്ടാക്കുന്നതു കൂടാതെ വേറൊരു ജീവിതവും കൂടിയുണ്ട്.

ദൂരെ ഭാവിയില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുന്‍പില്‍ ഒരു ഇന്റര്‍സ്റ്റെല്ലാര്‍ സ്‌പെയ്‌സ് ക്രാഫ്റ്റിന്റെ പൈലറ്റ് ആണ് അലന്‍. നക്ഷത്രങ്ങളുടെയും, ഗ്രഹങ്ങളുടെയും ഇടയിലൂടെ ഇതിങ്ങനെ പറത്തി നടക്കുന്നതാണ് ലഹരി. കൂടാതെ ചില ഗ്രഹങ്ങള്‍ സ്വന്തമായുണ്ട്. അതിലെ ലോര്‍ഡ് ഓഫ് ദി ലോര്‍ഡാണ് അലന്‍.

ഇതൊക്കെ ഓര്‍ക്കാന്‍ പറ്റുന്നത് മാത്രമല്ല, അലന് എപ്പോള്‍ വേണമെങ്കിലും ഈ ഭാവിയിലെ ലോകത്തിലോട്ടു കയറുകയും ചെയ്യാം. മനസ്സിനെ ഒന്ന് പാകപ്പെടുത്തിയാല്‍ മതി. വില്‍ പവര്‍.

12,000 പേജില്‍ ഈ ഭാവി ലോകത്തിലെ ജീവിതവും, അവിടുത്തെ രാഷ്ട്രീയം, ജ്യോഗ്രഫി, ജീവജാലങ്ങള്‍, ജീനിയോളജി അങ്ങനെ എല്ലാം ഡോക്കുമെന്റേഷന്‍ ചെയ്തു വച്ചിട്ടുമുണ്ട്.

'The Unique Brain Development of the Chrystopeds of Srom Norba X', 'Fire Worship and Sacrifice on Srom Sodrat II', 'History of the Intergalactic Scientific Institute. ഇതെല്ലാമാണ് വര്‍ക്കുകള്‍. ഇതൊക്കെ ലിന്‍ഡ്നറിനെ കാണിക്കുന്നതിനു ഒരു മടിയുമില്ലാരുന്നു.

ഏതായാലും ബോംബുണ്ടാക്കി ബോറടിച്ച അലന്‍, ബോസ്സുമാരുടെ വിരട്ടലായപ്പോള്‍ ഭൂമിയില്‍ കൂടുതല്‍ സമയം ചിലവഴിച്ചോളാമെന്നു സമ്മതിച്ചു.

ലിന്‍ഡ്നര്‍ നോക്കിയപ്പോള്‍ അലന്‍ നല്ല ക്ഷമയും, മര്യാദയും സാധാരണ മനുഷ്യര്‍ ചെയ്യുന്നതെല്ലാം ചെയ്യുന്ന ഒരു നോര്‍മല്‍ മനുഷ്യനാണ്. പക്ഷെ ആഴ്ചകള്‍ കഴിഞ്ഞിട്ടും ബുദ്ധികൊണ്ടും, മനക്കട്ടികൊണ്ടും ഉഗ്രനായ അലന്റെ അടുത്ത് ഒരു തെറാപ്പിയും ഏശുന്നില്ല.

തര്‍ക്കിച്ചു തര്‍ക്കിച്ചു അലന് മാനസികവിഭ്രമം ആണെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നതിനു പകരം, ഒരു സയന്റിസ്റ്റാവാനുള്ള അടിസ്ഥാന യോഗ്യതയായ അലന്റെ ക്യൂരിയോസിറ്റിയില്‍ കയറിപിടിക്കാന്‍ ലിന്‍ഡ്നര്‍ തീരുമാനിച്ചു.

അലന്‍ പറയുന്നതെല്ലാം ലിന്‍ഡ്നര്‍ സമ്മതിച്ചു കൊടുത്തു.

ലിന്‍ഡ്നര്‍ പറയുന്നു.

'ഞാന്‍ വിചാരിച്ചു അലന്റെ ഫാന്റസിക്കുള്ളില്‍ കയറി, അവിടെ നിന്നുകൊണ്ട് അവനെ നേരിടാമെന്നു, അവിടെ എത്തി കഴിഞ്ഞു അവന്റെ സ്വപ്ന ലോകത്തു നിന്ന് അവനെ വിടുവിക്കാമെന്നു'.

ലിന്‍ഡ്നര്‍ അലന്റെ ഡോക്കുമെന്റസ് വായിക്കാന്‍ തുടങ്ങി. അതിലെ പരസ്പര വിരുദ്ധ കാര്യങ്ങള്‍ കാണിച്ചിട്ടു അത് തിരുത്തി കൊണ്ടു വരുവാന്‍ പറയുന്നതായി പിന്നെയുള്ള ഓരോ തെറാപ്പി സെഷനും.

ഇതിനു പക്ഷെ അലനു ഭാവിയിലുള്ള ലോകത്തു കയറിയേ പറ്റൂ. ഒരു പ്രശ്‌നവുമില്ലാതെ പിറ്റേന്ന് തന്നെ അലന്‍ അത് ശ്രദ്ധയോടെ പരിഹരിച്ചു നല്ല വൃത്തിയുള്ള അക്ഷരത്തില്‍ എഴുതി കൊണ്ട് വരികയും ചെയ്യും.

പിന്നെ സംഭവിച്ചത് ഇതാണ്. എല്ലാ ദിവസവും ലിന്‍ഡ്നര്‍ അലന്‍ വരുന്നതും കാത്തു ഇരിപ്പായി. പുതിയ ജീവജാലങ്ങളും, ഇന്റലിജന്‍സുമൊക്കെയുള്ള ഈ ഇന്റര്‍ ഗാലക്‌സി ടൂര്‍ ലിന്‍ഡ്നറിനും ലഹരിയായി. രണ്ടുപേരും കൂടെ ഒരുമിച്ചു ഡോക്കുമെന്റിലുള്ള പല വൈരുദ്ധ്യങ്ങളും സോള്‍വ് ചെയ്തു.

ലിന്‍ഡ്നറിന്റെ വാക്കുകളില്‍..

'The materials of Allen's psychosis and the Achilles heel of my personality met and meshed like a gears of a clock'.

ലിന്‍ഡ്നറും അലനും പരസ്പരം റോള്‍ തിരിഞ്ഞു.

ലാസ്റ്റ് സംഭവിച്ചത്. ലിന്‍ഡ്നറിന്റെ ഈ ഭാവവ്യത്യാസം കണ്ടു, ബോധം പോകുന്നത് കണ്ടു, അലന് സിംപതിയായി.

ഇതെല്ലാം വെറുതെ ഉണ്ടാക്കി പറഞ്ഞതാണെന്ന് അലന്‍ ഏറ്റുപറഞ്ഞു.

പ്രശ്‌നങ്ങളിലൂടെ പോയ ബാല്യകാലം മറി കടക്കുന്നതിനിടയില്‍ യാഥാര്‍ഥ്യവും ഭാവനയും തമ്മിലുള്ള അതിര്‍ത്തി അലന്‍ മറന്നു പോയത്രെ.

എന്തിനാണ് തന്നോടിങ്ങനെ ചെയ്‌തെന്നു ലിന്‍ഡ്നര്‍ ചോദിച്ചപ്പോള്‍ പറഞ്ഞത്.

'എനിക്ക് തോന്നി, നിങ്ങളത് ആവശ്യപ്പെടുകയാണെന്നു'. .

ലിന്‍ഡ്നര്‍ വീണ്ടും പറയുന്നു.

തെറാപ്പിയെന്നത്, പ്രവചനാതീതവും, രസകരമാണെങ്കിലും എല്ലാ തെറാപ്പികസ്റ്റുകളും ഭയക്കുന്ന ഗര്‍ത്തത്തിലേക്ക് ഞാന്‍ കൂപ്പു കുത്തി.
എന്റെ മാനസിക സ്ഥിരതയെ പറ്റി എനിക്ക് ഒരിക്കലും സംശയമില്ലായിരുന്നു. പ്രശ്‌നങ്ങള്‍ എപ്പോഴും മറ്റുള്ളവര്‍ക്കുള്ളതായിരുന്നു. ആ അഹങ്കാരം പോയിക്കിട്ടി. ഈ കസേരയില്‍ ഇരുന്നു പേഷ്യന്റിനെ കേള്‍ക്കുമ്പോള്‍, ഞങ്ങള്‍ തമ്മിലുള്ള വിടവ് നേര്‍ത്തതാണെന്നറിയാം. ആര്‍ക്കാണ് ശുഭകരമായ സാഹചര്യങ്ങള്‍, ഈ ആക്‌സിഡന്റുകളുടെ എണ്ണമാണ്, ഈ കസേരയില്‍ ഇരിക്കണോ, ആ കസേരയില്‍ ഇരിക്കണോ എന്ന് തീരുമാനിക്കുന്നത്.

ചോദ്യകര്‍ത്താക്കളുടെ, ഇന്റര്‍വ്യൂ ചെയ്യുന്നവരുടെ, തെറാപ്പിസ്റ്റുകളുടെ ഭാവനക്ക് അനുസരിച്ചു തങ്ങളുടെ ഓര്‍മകളെ മാറ്റി അത് നടന്ന കാര്യമാണെന്ന് തെറ്റിദ്ധരിക്കുന്നതൊക്കെ സംഭവിക്കുന്ന കാര്യങ്ങളാണ്.

ബുക്കില്‍ വേറൊരു സംഭവും പറയുന്നുണ്ട്. പെന്‍സില്‍വാനിയയില്‍ നടന്നത്. പിതാവ് തന്നെ പീഡിപ്പിച്ചെന്നും, തനിക്കുണ്ടായ മൂന്ന് മക്കള്‍ കൊല്ലപ്പെട്ടെന്നും, റെസ്റ്റോറന്റില്‍ വച്ച് റെയ്പ് ചെയ്യപ്പെട്ടെന്നും ഒക്കെ പറഞ്ഞു സ്‌കൂള്‍ കൗണ്‍സിലര്‍ മുഖേന ഒരു പെണ്‍കുട്ടി പോലീസില്‍ പരാതിപ്പെട്ടു. പിതാവിനെ ചോദ്യം ചെയ്തപ്പോള്‍ കുറ്റക്കാരനാണെന്നു കണ്ടെത്തി, പിതാവ് ജയിലില്‍ പോകുകയും ചെയ്തു.

ഒരു വര്‍ഷത്തിന് ശേഷം കുട്ടി കള്ളം പറഞ്ഞതാണെന്ന് തെളിഞ്ഞു. പിതാവിനെ ഇന്റര്‍വ്യൂ ചെയ്തവര്‍ ശരിക്കവരുടെ ജോലി ചെയ്യാഞ്ഞതിനു ജയിലില്‍ പോകുകയും ചെയ്തു.

ഡി.എന്‍.എ ടെസ്റ്റുകള്‍ വ്യാപകം ആയതില്‍ പിന്നെ മുപ്പതും നാല്പതും വര്‍ഷത്തിന് ശേഷം നിരപരാധിയാണെന്ന് തെളിഞ്ഞു എന്ന വാര്‍ത്ത ഇപ്പോള്‍ ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്. പലരും സ്വയം കുറ്റം സമ്മതിച്ചവരുമാണ്. അമേരിക്കയില്‍ മൂന്നു മുതല്‍ അഞ്ചു ശതമാനം വരെ നിരപരാധികളാണ് ജയിലില്‍ കിടക്കുന്നതെന്നാണ്. മൊത്തം ഇരുപത്തഞ്ചു ലക്ഷം ആളുകള്‍ ജയില്‍ കിടക്കുമ്പോള്‍ നിരപരാധികളുടെ എണ്ണം അപ്പോള്‍ ഒരു ലക്ഷത്തില്‍ പുറത്താണ്. ചിലരൊക്കെ വധശിക്ഷക്ക് വിധിക്കപെട്ടവരും.

ശാസ്ത്രീയമായ കുറ്റാന്വേഷണ രീതികളില്‍ മുന്‍പന്തിയിലുള്ള ഒരു രാജ്യത്തിലെ കഥയാണിത്.
ബോംബുണ്ടാക്കി ബോറടിച്ച അലന്‍ (മനോജ്. കെ. ജോണ്‍ ന്യൂജേഴ്‌സി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക