Image

ജഡ്ജിയുടെ ഉത്തരവ് അവഗണിച്ച് ഇറാനിയന്‍ വിദ്യാര്‍ത്ഥിയെ നാടു കടത്തി

മൊയ്തീന്‍ പുത്തന്‍ചിറ Published on 22 January, 2020
 ജഡ്ജിയുടെ ഉത്തരവ് അവഗണിച്ച് ഇറാനിയന്‍ വിദ്യാര്‍ത്ഥിയെ നാടു കടത്തി
ബോസ്റ്റണ്‍: ബോസ്റ്റണിലെ നോര്‍ത്ത് ഈസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ ഇറാനിയന്‍ വിദ്യാര്‍ത്ഥിയ്ക്ക് യു എസിലേക്കുള്ള പ്രവേശനം നിഷേധിക്കുകയും നാടുകടത്തുകയും ചെയ്തതായി ആരോപണം.

ബോസ്റ്റണ്‍ ലോഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇറാനിയന്‍ വിദ്യാര്‍ത്ഥി ഷഹാബ് ദെഗാനിയെ (24) യാണ് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സിബിപി) കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച രാത്രി യുഎസ് ഡിസ്ട്രിക്ട് ജഡ്ജി അലിസണ്‍ ബറോസ് വിദ്യാര്‍ത്ഥിയുടെ നാടുകടത്തലിന് 48 മണിക്കൂര്‍ സ്‌റ്റേ അനുവദിച്ചിരുന്നു. എന്നാല്‍, ജഡ്ജിയെ ധിക്കരിച്ച് സിബിപി നാടുകടത്തിയെന്ന് ഷഹാബിന്റെ അഭിഭാഷകരിലൊരാളായ സൂസന്‍ ചര്‍ച്ച് ആരോപിച്ചു.

ഞായറാഴ്ച രാത്രി  9:30/9:40 ന് വിമാനത്തില്‍ നിന്ന് തന്നെ ഷഹാബിനെ നീക്കം ചെയ്തതായി സിബിപി ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച രാവിലെയാണ് പറഞ്ഞതെന്ന് സൂസന്‍ ചര്‍ച്ച് പറഞ്ഞു. എന്നാല്‍, രാത്രി 9:27 ന് ജഡ്ജിയുടെ സ്‌റ്റേ ഉത്തരവിനു ശേഷം രാത്രി 10:03 നാണ് ഷഹാബിനെ നാടുകടത്തിയതെന്ന് അവര്‍ പറഞ്ഞു.

മസാച്യുസെറ്റ്‌സിലെ ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ നിന്ന് നോര്‍ത്ത് ഈസ്‌റ്റേണ്‍ സര്‍വ്വകലാശാലയിലേക്ക് പഠനം മാറ്റിയ ഷഹാബ് ദെഗാനി, 2018 ഡിസംബറില്‍ ഇറാനിലേക്ക് മടങ്ങുന്നതിന് മുമ്പ് കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും അമേരിക്കയിലായിരുന്നുവെന്ന് സൂസന്‍ ചര്‍ച്ച് പറഞ്ഞു. അമേരിക്കയില്‍ വീണ്ടും പ്രവേശിക്കുന്നതിനുമുമ്പ്, സ്റ്റുഡന്റ് വിസയ്ക്കായി ഷഹാബ് ശ്രമിച്ചിരുന്നു. വിസ അനുവദിച്ചുകിട്ടാന്‍ ഏകദേശം ഒന്‍പത് മാസമെടുത്തു എന്ന് സൂസന്‍ ചര്‍ച്ച് പറഞ്ഞു.

ഞായറാഴ്ചയാണ് എഫ്1 (സ്റ്റുഡന്റ് വിസ) വിസയുമായി ഷഹാബ് ബോസ്റ്റണ്‍ ലോഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയത്.  

തിങ്കളാഴ്ച തന്റെ കക്ഷിയുടെ അവസ്ഥയെക്കുറിച്ച് അന്വേഷിക്കാന്‍ സിബിപി ഓഫീസുകളില്‍ പോയെങ്കിലും കാണാന്‍ കഴിഞ്ഞില്ല. അപ്പോഴാണ് അയാളെ നാടുകടത്തിയതായി അറിയാന്‍ കഴിഞ്ഞത്. മസാച്യുസെറ്റ്‌സ് സെനറ്റര്‍ എഡ് മാര്‍ക്കിയെ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്നും അഭിഭാഷക പറഞ്ഞു.

ജഡ്ജിയുടെ ഉത്തരവ് അവഗണിച്ച് അവര്‍ അവനെ നാടുകടത്തിയതിലൂടെ അവന്റെ കോളേജ് ജീവിതം താറുമാറായെന്ന് സൂസന്‍ ചര്‍ച്ച് പറഞ്ഞു. ജഡ്ജിയുടെ ഉത്തരവ് വകവയ്ക്കാതെ എന്തുകൊണ്ടാണ് ഷഹാബ് ദെഗാനിക്ക് യു എസിലേക്കുള്ള പ്രവേശനം നിഷേധിച്ചതെന്നതിന് സിബിപി ഒരു ഉത്തരവും നല്‍കിയിട്ടില്ലെന്നും, ഷഹാബിനെ നീക്കം ചെയ്യുന്നതിലെ പൊരുത്തക്കേട് അംഗീകരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും സെനറ്റര്‍ എഡ് മാര്‍ക്കി പറഞ്ഞു.

'നിയമം അവഗണിച്ച് ഇറാനിയന്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിടുന്നതില്‍ ട്രംപ് ഭരണകൂടത്തില്‍ നിന്നുള്ള അസ്വസ്ഥജനകമായ  മാതൃകയാണ് ഈ കേസ് എന്ന് എഡ് മാര്‍ക്കി പറഞ്ഞു. 'ട്രംപ് ഭരണകൂടത്തിന്റെ പക്ഷപാതപരമായ പെരുമാറ്റം  അവസാനിപ്പിക്കേണ്ടതുണ്ട്. ശരിയായ നടപടിക്രമങ്ങളില്ലാതെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന രീതിയെ ന്യായീകരിക്കാനാവില്ല.' അദ്ദേഹം പറഞ്ഞു.

ഇറാനിയന്‍ വിദ്യാര്‍ത്ഥിയുടെ നാടുകടത്തല്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി തിങ്കളാഴ്ച ട്വീറ്റ് ചെയ്തു. ട്രംപ് ഭരണകൂടത്തിന്റെ വംശീയ നയങ്ങള്‍ക്കെതിരെ പോരാടണമെന്നും അവര്‍ പറഞ്ഞു.

ചൊവ്വാഴ്ച കോടതിയില്‍ നടന്ന വിചാരണയ്ക്കു ശേഷം താനും അറ്റോര്‍ണി കെറി ഡോയലും ഷഹാബ് ദെഗാനിയെ തിരിച്ച് യു എസിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള സാധ്യതകളെക്കുറിച്ച് പരിശോധിക്കുകയാണെന്ന് സൂസന്‍ ചര്‍ച്ച് പറഞ്ഞു. അടിയന്തര സ്‌റ്റേ ഉത്തരവിട്ട ജഡ്ജി അലിസണ്‍ ബറോസിന് അപേക്ഷ സമര്‍പ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

'ഇതൊരു ഒറ്റപ്പെട്ട കേസ് അല്ല, നിരവധി ഇറാനിയന്‍ വിദ്യാര്‍ത്ഥികള്‍ ഇതുപോലെയുള്ള സാഹചര്യങ്ങള്‍ നേരിടുന്നുണ്ട്. ഒരു വിദ്യാര്‍ത്ഥിയുടെ ജീവിതം തന്നെ മാറ്റിമറിയ്ക്കാന്‍ ഇത്തരം സംഭവങ്ങള്‍ കാരണമായേക്കാം,' സൂസന്‍ ചര്‍ച്ച് പറഞ്ഞു.

 ജഡ്ജിയുടെ ഉത്തരവ് അവഗണിച്ച് ഇറാനിയന്‍ വിദ്യാര്‍ത്ഥിയെ നാടു കടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക