Image

3592 കോടിയുടെ ബാങ്ക് തട്ടിപ്പ്; കടമെടുത്ത് മുങ്ങിയ കമ്പനി ഡയറക്ടര്‍മാര്‍ക്കെതിരേ കേസ്

Published on 21 January, 2020
3592 കോടിയുടെ ബാങ്ക് തട്ടിപ്പ്; കടമെടുത്ത് മുങ്ങിയ കമ്പനി ഡയറക്ടര്‍മാര്‍ക്കെതിരേ കേസ്
ന്യൂഡല്‍ഹി :ബാങ്കുകളെ കബളിപ്പിച്ച് 3592 കോടി രൂപ തട്ടിയെടുത്ത ഫ്രോസ്റ്റ് ഇന്റര്‍നാഷനലിനും അതിന്റെ ഡയറക്ടര്‍മാര്‍ക്കുമെതിരെ സിബിഐ കേസെടുത്തു. മുംബൈ, ഡല്‍ഹി, കാന്‍പുര്‍ അടക്കം 13 ഇടത്ത് സിബിഐ തിരച്ചില്‍ നടത്തി.

വായ്പ തിരിച്ചടയ്ക്കാതെ വന്നതിനെ തുടര്‍ന്ന് ബാങ്ക് ഓഫ് ഇന്ത്യയുടെ കാന്‍പുര്‍ ശാഖ നല്‍കിയ പരാതി പ്രകാരമാണ്  കേസെടുത്തത്. 14 ബാങ്കുകളടങ്ങിയ കണ്‍സോര്‍ഷ്യമാണ് വായ്പ നല്‍കിയത്. ഫ്രോസ്റ്റ് ഇന്റര്‍നാഷനലിന് ജാമ്യക്കാരായി നിന്ന ആര്‍.കെ. ബില്‍ഡേഴ്‌സ്, ഗ്ലോബിസ് എക്‌സിം തുടങ്ങിയ 11 സ്ഥാപനങ്ങള്‍ക്കെതിരെയും കേസെടുത്തു.

ബിസിനസ് നടത്തുകയാണെന്ന വ്യാജേന കൃത്രിമരേഖകള്‍ ഹാജരാക്കിയാണ് വായ്പയെടുത്തത്. 1995 ല്‍ തുടങ്ങിയ സ്ഥാപനം പിറ്റേ വര്‍ഷം മുതല്‍ ബാങ്കുകളുമായി ഇടപാടുകള്‍ നടത്തിവന്നിരുന്നു. ചൈന, യുഎസ് തുടങ്ങിയ രാജ്യങ്ങളുമായി വരെ ഇടപാട് നടത്തിയിരുന്നതായി രേഖകളുണ്ട്. കയറ്റുമതി നടത്തിയിട്ടില്ലെന്നും അനുബന്ധ സ്ഥാപനങ്ങള്‍ക്കായി പണം തിരിമറി നടത്തിയെന്നും ബാങ്ക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. 2018 മുതലാണ് തിരിച്ചടവ് മുടങ്ങിയത്.

ഫ്രോസ്റ്റ് ഇന്റര്‍നാഷനലിന്റെ ഡയറക്ടര്‍മാരായ ഉദയ് ദേശായ്, സുജയ് ദേശായ്, സുനില്‍ വര്‍മ എന്നിവരടക്കമുള്ള ഡയറക്ടര്‍മാരും മുന്‍ ഡയറക്ടര്‍മാരുമാണ് പ്രതികള്‍. 2019 ജനുവരിയില്‍ തന്നെ ഡയറക്ടര്‍മാര്‍ക്കായി തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക