Image

മൂലമറ്റം വൈദ്യുത നിലയത്തിലെ പൊട്ടിത്തെറി : 5 കോടി നഷ്ടം

Published on 21 January, 2020
മൂലമറ്റം വൈദ്യുത നിലയത്തിലെ പൊട്ടിത്തെറി : 5 കോടി നഷ്ടം
തൊടുപുഴ:  രണ്ടാം നമ്പര്‍ ജനറേറ്ററിന്റെ എക്‌സിറ്റര്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നു തിങ്കളാഴ്ച രാത്രി നിര്‍ത്തിവച്ച മൂലമറ്റം വൈദ്യുത നിലയത്തിന്റെ പ്രവര്‍ത്തനം ഇന്നലെ ഉച്ചയോടെ പുനരാരംഭിച്ചു. പൊട്ടിത്തെറിയില്‍ കെഎസ്ഇബിക്ക് 5 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണു പ്രാഥമികനിഗമനം.

പൊട്ടിത്തെറിയുടെ കാരണത്തെക്കുറിച്ച് അറിയാന്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ ജി.വിനോദിന്റെ നേതൃത്വത്തില്‍ വിദഗ്ധസംഘം പരിശോധനയ്‌ക്കെത്തി.  വൈദ്യുത നിലയത്തിലെ രണ്ടാം നമ്പര്‍ ജനറേറ്ററിനോടനുബന്ധിച്ചുള്ള എക്‌സിറ്ററിലാണു തിങ്കളാഴ്ച രാത്രി 9.15നു പൊട്ടിത്തെറി ഉണ്ടായത്. പരിശോധന പൂര്‍ത്തിയാക്കിയാല്‍ മാത്രമേ നഷ്ടത്തിന്റെ വ്യാപ്തി കൃത്യമായി മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ എന്നു കെഎസ്ഇബി വൃത്തങ്ങള്‍ പറഞ്ഞു.

എക്‌സിറ്ററിനു സമീപം എന്‍ജിനീയര്‍മാര്‍ ഇരിക്കുന്ന ക്യാബിനും പൊട്ടിത്തെറിയില്‍ തകര്‍ന്നു. പകല്‍ ഒട്ടേറെ ഉദ്യോഗസ്ഥര്‍ ജോലിചെയ്യുന്ന സ്ഥലത്താണു രാത്രി പൊട്ടിത്തെറി ഉണ്ടായത്. പുക ശ്വസിച്ചു ശ്വാസതടസ്സം ഉണ്ടായതിനാല്‍ അസി. എന്‍ജിനീയര്‍ സമ്പത്ത്, കരാര്‍ ജീവനക്കാരനായ എബിന്‍ രാമചന്ദ്രന്‍ എന്നിവരെ തിങ്കളാഴ്ച രാത്രി മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തകരാര്‍ പരിഹരിക്കാന്‍ 50 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ വേണമെന്നാണു കണക്കാക്കുന്നത്. മന്ത്രി എം.എം.മണി ഇന്നലെ വൈദ്യുത നിലയത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. എത്രയും വേഗം നിലയം പ്രവര്‍ത്തനക്ഷമമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.  45 വര്‍ഷം പഴക്കമുള്ള യന്ത്രഭാഗങ്ങളാണു വൈദ്യുത നിലയത്തിലുള്ളത്.  ഇതില്‍ ചിലതു നവീകരണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിച്ചിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക