Image

ഭര്‍ത്താവിന്റെ മരണം കൊലപാതകം: കാമുകനും സ്ത്രീയും അറസ്റ്റില്‍

Published on 21 January, 2020
ഭര്‍ത്താവിന്റെ മരണം കൊലപാതകം:  കാമുകനും സ്ത്രീയും  അറസ്റ്റില്‍
മലപ്പുറം: ഒരുവര്‍ഷം മുമ്പ് കാളികാവ് അഞ്ചച്ചവിടിയില്‍ മധ്യവയസ്കന്‍ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കേസില്‍ പ്രതികളായ ഭാര്യയെയും കാമുകനെയും തമിഴ്‌നാട്ടില്‍നിന്ന് പൊലീസ് പിടികൂടി. മരുതത്ത് മുഹമ്മദലിയെയാണ് (50) 2018 സെപ്റ്റംബര്‍ 21ന് ഭാര്യ ഉമ്മുല്‍ സാഹിറയുടെ (42) സഹായത്തോടെ, തൊട്ടടുത്ത ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന പത്തനംതിട്ട ഉന്നക്കാവ് സ്വദേശി ജയ്‌മോന്‍ (37) മദ്യത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയതെന്ന് ജില്ല പൊലീസ് മേധാവി യു. അബ്ദുല്‍ കരീം അറിയിച്ചു. ഭര്‍ത്താവ് മരിച്ചതിന്‍െറ നാലാം നാള്‍ രണ്ട് മക്കളെയും കൂട്ടി കാമുകനൊപ്പം പോവുകയായിരുന്നു സാഹിറ. യുവതിയെ ശിവകാശിയിലെ താമസസ്ഥലത്ത് നിന്നും ജയ്‌മോനെ ദിണ്ഡിഗലില്‍ വെച്ചുമാണ് പിടികൂടിയത്. മക്കളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

അഞ്ചച്ചവിടി മൈലാടിയിലെ ഭാര്യവീട്ടില്‍ കുടുംബത്തോടൊപ്പം കഴിയുകയായിരുന്നു എടക്കര മരുത സ്വദേശിയായ മുഹമ്മദലി. 21ന് വെളുപ്പിന് വീട്ടില്‍വെച്ച് ഇയാള്‍ മരിച്ചത് ഹൃദയാഘാതം മൂലമാണെന്നാണ് നാട്ടുകാരും ബന്ധുക്കളും കരുതിയിരുന്നത്. എന്നാല്‍, സാഹിറയെയും മക്കളെയും ഇവരുടെ കുടുംബത്തോട് അടുപ്പം പുലര്‍ത്തിയിരുന്ന ജയ്‌മോനെയും കാണാതായതോടെ സം!ശയമുണര്‍ന്നു. ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ പരാതികളെത്തുടര്‍ന്ന് സെപ്റ്റംബര്‍ 29ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി. ആന്തരികാവയവങ്ങളുടെ പരിശോധനയില്‍ വിഷം ഉള്ളില്‍ച്ചെന്നാണ് മരണമെന്ന് വ്യക്തമാവുകയായിരുന്നു.

ഇതോടെ, പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി. ശിവകാശിയിലുണ്ടെന്ന വിവരം ലഭിച്ചതോടെ പൊലീസ് വലവിരിച്ചു. കഴിഞ്ഞദിവസം യുവതിയെ കസ്റ്റഡിയിലെടുത്തെങ്കിലും ജയ്‌മോന്‍ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി ദിണ്ഡിഗലില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. വീടിന് മുകളിലിരുന്നാണ് മുഹമ്മദലിയും ജയ്‌മോനും മദ്യപിച്ചത്. കുഴഞ്ഞുവീണ മുഹമ്മദലിയെ സാഹിറയും ജയ്‌മോനും ചേര്‍ന്ന് താങ്ങിയെടുത്ത് കട്ടിലില്‍ കിടത്തുകയായിരുന്നു. വിഷം ചേര്‍ത്തതില്‍ പങ്കില്ലെന്ന് പൊലീസിനോട് ആദ്യം പറഞ്ഞ സാഹിറ പിന്നീട് പദ്ധതി തന്‍േറതായിരുന്നുവെന്ന് സമ്മതിച്ചു. 14ഉം 11ഉം വയസ്സുള്ള ആണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്. മുഹമ്മദലിയുടെ രണ്ടാം ഭാര്യയാണ് സാഹിറ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക