Image

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാനൊരുങ്ങി പശ്ചിമ ബംഗാള്‍

Published on 21 January, 2020
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാനൊരുങ്ങി പശ്ചിമ ബംഗാള്‍
കൊല്‍ക്കത്ത: കേരളത്തിനും പഞ്ചാബിനും പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാനൊരുങ്ങി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. ജനുവരി 27ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കും. ജനുവരി 27ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് പ്രമേയം അവതരിപ്പിക്കുന്നത്. ഭരണഘടനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനാണ് റിപ്പബ്ലിക് ദിനത്തിന് തൊട്ടടുത്ത ദിവസം തന്നെ പ്രമേയം പാസാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളമാണ് ആദ്യം പ്രമേയം പാസാക്കിയത്. കേരളത്തിന് പിന്നാലെ പഞ്ചാബ് നിയമസഭയും പ്രമേയം പാസാക്കിയിരുന്നു. കേരള, പഞ്ചാബ് നിയമസഭകളെ മാതൃകയാക്കി രാജസ്ഥാന്‍ സര്‍ക്കാരും സി.എ.എയ്ക്കെതിരെ പ്രമേയം പാസാക്കാന്‍ തയ്യാറെടുക്കുകയാണ്. രാജസ്ഥാന് പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളും പ്രമേയം പാസാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ സംയുക്ത പ്രക്ഷോഭത്തില്‍ നിന്ന് മമതാ ബാനര്‍ജി പിന്‍മാറിയിരുന്നു. കോണ്‍ഗ്രസിനും ഇടത് പാര്‍ട്ടികള്‍ക്കും എതിരെ വിമര്‍ശനം ഉന്നയിച്ചാണ് മമത സംയുക്ത പ്രക്ഷോഭത്തില്‍ നിന്ന് പിന്‍മാറിയത്. അതേസമയം സ്വന്തം നിലയ്ക്ക് പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും മമത വ്യക്തമാക്കിയിരുന്നു.









Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക