Image

അജ്ഞാത വൈറസ് ചൈനയില്‍ പടരുന്നു; മരണം നാലായി

Published on 21 January, 2020
അജ്ഞാത വൈറസ് ചൈനയില്‍ പടരുന്നു; മരണം നാലായി
ചൈനയില്‍ അജ്ഞാത വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. 89 കാരന്‍ മരിച്ചത് വൈറസ് ബാധയേറ്റതിനെത്തുടര്‍ന്നാണെന്ന് വൂഹാന്‍ മുനിസിപ്പല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു.

സാര്‍സിനോട് (സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം) സമാനമായ ലക്ഷണങ്ങളുള്ള പുതിയ കൊറോണ വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും ചൈനീസ് മെഡിക്കല്‍ അധികൃതര്‍ വ്യക്തമാക്കി. ശ്വാസകോശ വിദഗ്ധനും 2003 ലെ സാര്‍സ് നിയന്ത്രണവിധേയമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്ത ഹോങ് നാന്‍ഷാന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ലോകവ്യാപകമായി രോഗം പടരാന്‍ ഇടയാക്കുന്നതാണിത്. രോഗം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വലിയതോതില്‍ പകരുന്നുവെന്നാണ് നേരത്തെ കരുതിയിരുന്നത്.

വുഹാനിലെ പതിനഞ്ച് ആരോഗ്യപ്രവര്‍ത്തകരിലും ന്യൂമോണിയ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അതില്‍ ഒരാളുടെ സ്ഥിതി ഗുരുതരമാണെന്നും വുഹാന്‍ മുനിസിപ്പല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു.

ഈ മാസമാദ്യം വുഹാന്‍ സന്ദര്‍ശിച്ച 35 കാരനില്‍ രോഗം സ്ഥിരീകരിച്ചതായി ഷാങ്ഹായി അധികൃതര്‍ അറിയിച്ചു. രോഗം സംശയിക്കുന്ന മറ്റ് നാലുപേര്‍ നിരീക്ഷണത്തിലാണ്. തിങ്കളാഴ്ച വൈകീട്ട് വരെ 217 പേരില്‍ വൈറസ് സാന്നിധ്യം ചൈനീസ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 198 കേസുകളും വുഹാനില്‍ നിന്നാണെന്ന് ചൈനീസ് ടെലിവിഷന്‍ അറിയിച്ചു.

ചൈനയിലെ വുഹാനിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. തുടര്‍ന്ന് ബീജിങ്, ഷാങ്ഹായി തുടങ്ങിയ നഗരങ്ങളിലേക്കും പടര്‍ന്നു. ഇരുന്നൂറിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനയ്ക്ക് പുറത്ത് ജപ്പാനിലും തായ്‌ലന്‍ഡിലും ദക്ഷിണകൊറിയയിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക