Image

വിനോദസഞ്ചാരികളുടെ മരണം; ഗ്യാസ് ഹീറ്റര്‍ ലീക്കാവാം മരണകാരണമെന്ന് നിഗമനം

Published on 21 January, 2020
വിനോദസഞ്ചാരികളുടെ മരണം; ഗ്യാസ് ഹീറ്റര്‍ ലീക്കാവാം മരണകാരണമെന്ന് നിഗമനം

തിരുവനന്തപുരം: നേപ്പാളില്‍ മലയാളികളായ എട്ട് വിനോദസഞ്ചാരികള്‍ മരിച്ച സംഭവത്തില്‍ എംബസി ഡോക്ടറിന്റെ സാന്നിധ്യത്തിലാകും പോസ്റ്റുമോര്‍ട്ടം നടക്കുക. പ്രവീണ്‍ കുമാര്‍ നായര്‍(39), ശരണ്യ(34), ടിബി രഞ്ജിത്ത് കുമാര്‍(39), ഇന്ദു രഞ്ജിത്ത്(35), ശ്രീഭദ്ര(ഒന്‍പത്), അഭിനബ് സൊരയ (ഒന്‍പത്), അബി നായര്‍(ഏഴ്), ബൈഷ്ണബ് രഞ്ജിത്ത്(രണ്ട്) എന്നിവരെയാണ് ദമാനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിക്കകത്തെ ഗ്യാസ് ഹീറ്റര്‍ ലീക്കാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. സമുദ്ര നിരപ്പില്‍ നിന്ന് 2500 അടിയോളം ഉയരത്തിലാണ് സംഘം താമസിച്ചിരുന്ന ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്.


കനത്ത തണുപ്പില്‍ നിന്നും രക്ഷ നേടുന്നതിന് വേണ്ടിയാണ് ഇവര്‍ മുറിക്കുള്ളിലെ ഹീറ്റര്‍ ഓണ്‍ ചെയ്തത്. നാല് മുറികളിലായാണ് ഇവര്‍ താമസിച്ചിരുന്നത്. ഒരു മുറിയില്‍ രണ്ട് ഭാഗങ്ങളിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. രാവിലെ ഇവര്‍ മുറിക്ക് പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നവരാണ് ഹോട്ടല്‍ അധികൃതരെ വിവരമറിയിച്ചത്. ഹോട്ടല്‍ അധികൃതര്‍ എത്തി മുറി തുറന്നപ്പോഴാണ് മലയാളി സംഘത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച രഞ്ജിത്തിന്റെ ഒരു കുട്ടി അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. ഹോട്ടലില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമാണ് ഇവരെ എച്ച്‌എഎംഎസ് ആശുപത്രിയിലെത്തിച്ചത്. ഇവര്‍ തിരുവനന്തപുരം ചെങ്കോട്ടുകോണം, കോഴിക്കോട് കുന്ദമംഗലം സ്വദേശികളാണെന്നാണ് വിവരം. കാഠ്മണ്ഡുവിലെ എച്ച്‌. എ.എം.എസ് ആശുപത്രിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക