Image

എന്റെ വൈക്കം 6: കൗതുക കാഴ്ചകളിലെ വര്‍ണ്ണാഭമായ ബാല്യം (ജയലക്ഷ്മി)

ജയലക്ഷ്മി Published on 21 January, 2020
എന്റെ  വൈക്കം 6: കൗതുക കാഴ്ചകളിലെ വര്‍ണ്ണാഭമായ ബാല്യം (ജയലക്ഷ്മി)
പടിഞ്ഞാറെ നടയില്‍ തന്നെയുള്ള വാസു മുതലാളിയുടെ പലചരക്ക് കട അതിനോട് ചേര്‍ന്നുള്ള നക്കരക്കാരുടെ ചായക്കട, അതിനു എതിരെയായി പാളയന്‍ കോടന്മുതലാളിയുടെ പച്ചക്കറിക്കട അവിടെ എല്ലായ്‌പ്പോഴും തിരക്കാവും
നന്നേ വെളുത്ത നിറത്തിലുള്ള ,എപ്പൊഴും ചിരിക്കുന്ന ആളായിരുന്നു അദ്ദേഹം .അമ്പലത്തില്‍ തൊഴുതു പോവുന്ന ആളുകള്‍ എല്ലാം അവിടെ നിന്ന് പച്ചക്കറി വങ്ങും. പച്ചകറി വാങ്ങുന്നതിനിടെ അതിനടുത്തുള്ള കുമാറിന്റെ പച്ചമരുന്നു കട അവിടെ പച്ചമരുന്നുകളുടെ ഗന്ധം തങ്ങി നിന്നിരുന്നു.ആ കടയില്‍ ധാരാളം മയില്‍ പീലികള്‍ വില്‍ക്കാന്‍ വച്ചിട്ടുണ്ടാവും പുസ്തകത്താളിനുള്ളില്‍ വയ്ക്കാന്‍ അവിടെന്നു ഒരു പീലി വാങ്ങണം എന്ന് ഞാന്‍ വാശി പിടിക്കുമ്പോള്‍ അമ്മ പറയും അത് പഴനിക്കു പോകുന്നവര്‍ തട്ടത്തില്‍ വയ്ക്കാന്‍ വാങ്ങുന്നതാണ് സുബ്രഹ്മണ്യ ഭഗവാന്റെ അടയാളം ആണെന്ന് .നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ് ആദ്യമായി ഒരു മയില്‍പ്പീലി കിട്ടുന്നത് അത് ലീന തന്നതാണ്. ലീന കാന്‍സര്‍ വന്നു മരിച്ചു പോയി.ലീനയ്ക്ക് ഒരുപാടു മുടിയുണ്ടായിരുന്നു ഒടുവില്‍ തലയില്‍ മുടിയൊന്നും ഇല്ലാതെ ക്ഷീണിച്ച ഒരു രൂപമായി മാറി.സ്‌കൂളില്‍ നിന്ന് വരി വരിയായി നടന്നാണ് ഞങ്ങള്‍ ലീനയുടെ വീട്ടില്‍ പോയത്.നീണ്ട കണ്ണുകളും പതഞ്ഞ ശബ്ദത്തോടെ സംസാരിക്കുകയും ചെയ്തിരുന്ന ലീന ഇപ്പോഴും  വേദനയായി മനസ്സിലുണ്ട്.

വൈക്കത്തൊരു പൈ ഉണ്ടായിരുന്നു 'യാദവന്‍ പ്രധാനമന്ത്രി' എന്ന് മെല്ലെ പറഞ്ഞു കൊണ്ട് അദ്ദേഹം വൈക്കത്തെ വഴികളിലൂടെ നടന്നു.ഇടക്കെപ്പോഴെങ്കിലും കണക്കിലെ കുറെ സൂത്രവാക്യങ്ങളും.വൈക്കത്തെ മതിലുകളിലെല്ലാം സിനിമയുടെ പേരോ അല്ലെങ്കില്‍ കുറെ കണക്കുകളോ എഴുതി വയ്ക്കുന്ന ഒരു പഞ്ചവര്‍ണ്ണന്‍ എന്ന് വിളിച്ചു പോന്ന ഒരാള്‍ ഉണ്ടായിരുന്നു.
പച്ച ഷര്‍ട്ട് ,ചുവന്ന പാന്റ്,പച്ചയോ ചുവന്നതോ ആയ കണ്ണട ഇതെല്ലാം വച്ചിട്ട് വൈക്കത്തെ വഴികളിലൂടെ നിറഞ്ഞ ചിരിയുമായി പോയിരുന്ന പഞ്ചവര്‍ണ്ണന്‍,പിന്നെ അല്പം മാനസിക വിഭ്രാന്തി ഉള്ള മേരി,കയ്യിലൊരു ഭാണ്ഡ കെട്ടുമായി നടന്നിരുന്ന അന്തര്‍ജ്ജനം എന്ന് വിളിച്ചിരുന്ന ഒരു വയസ്സായ സ്ത്രീ.അമ്പലത്തിന്റെ പരിസരങ്ങളില്‍ തന്നെ ഉണ്ടായിരുന്ന ഇന്നും എനിക്ക് പേരറിയാത്ത പതിഞ്ഞ ശബ്ദത്തില്‍ സംസാരിക്കുന്ന സ്ത്രീ .അമ്പലത്തിലൂടെ കയ്യിലൊരു കിലുക്കവുമായി നടന്നു പോകുന്ന അന്ധനായ വാവ .എല്ലായ്‌പ്പോഴും നമഃശിവായ എന്നോ അല്ലെങ്കില്‍ ഭഗവാനെ കുറിച്ചുള്ള കീര്‍ത്തനങ്ങളോ പാടി വാവ അമ്പലത്തില്‍ തന്നെയുണ്ടാവും

കണ്ടിട്ടുള്ളതില്‍ ഏറ്റവും മനോഹരമായ കാഴ്ച ഏതെന്നു ചോദിച്ചാല്‍ ഇന്നും പറയുവാനുള്ള ഉത്തരം വൈക്കത്തമ്പലത്തിന്റെ താഴികക്കുടത്തില്‍ വീഴുന്ന സൂര്യ പ്രകാശവും,അന്തി വെയിലില്‍ തിളങ്ങുന്ന സ്വര്‍ണ്ണ കൊടിമരവും ആണ്.

ഓര്‍മ്മയിലെ കാഴ്ചകളെ പുറത്തെ കൊണ്ടുവരുമ്പോള്‍ ഇപ്പോഴും അവരെല്ലാം അവിടെയെവിടെയോ ഉണ്ടാവും എന്ന തോന്നലാണ്.കണ്ണുകളില്‍ നിറയെ കൗതുക കാഴ്ചകളുമായി നടന്ന വര്‍ണ്ണാഭമായ ബാല്യം.

എന്റെ  വൈക്കം 6: കൗതുക കാഴ്ചകളിലെ വര്‍ണ്ണാഭമായ ബാല്യം (ജയലക്ഷ്മി)
Join WhatsApp News
Anilkumar 2020-04-01 14:47:42
The way of presentation 🙏👌
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക