Image

12 വര്‍ഷത്തെ അന്വേഷണം, ഒടുവില്‍ 10 ലക്ഷം യൂറോയുടെ പുസ്തകം കണ്ടെത്തി

Published on 20 January, 2020
12 വര്‍ഷത്തെ അന്വേഷണം, ഒടുവില്‍ 10 ലക്ഷം യൂറോയുടെ പുസ്തകം കണ്ടെത്തി
ആംസ്റ്റര്‍ഡാം: പത്തുലക്ഷം യൂറോ മൂല്യമുള്ള ഗ്രന്ഥം 12 വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍് ഡച്ച് ആര്‍ട്ട് ഡിറ്റക്ടിവ് ആര്‍തര്‍ ബ്രാന്‍ഡ് കണ്ടെത്തി. പേര്‍ഷ്യന്‍ കവികളിലെ രാജകുമാരന്‍ എന്നറിയപ്പെടുന്ന ഹാഫിസിന്റെ 'ദീവാന്‍ ഓഫ് ഹാഫിസ്' എന്ന പ്രശസ്തമായ കൃതിയുടെ കൈയെഴുത്തുപ്രതിയാണ് കണ്ടെത്തിയത്.

15ാം നൂറ്റാണ്ടില്‍ എഴുതിയ പുസ്തകമാണിത്. 1462-63 കാലയളവില്‍ സ്വര്‍ണംപൂശിയ പേജുകളില്‍ എഴുതപ്പെട്ട ഈ കൃതി പുസ്തക ഡീലറായ ജാഫര്‍ ഖാസിയുടെ കൈവശമായിരുന്നു. 2007ല്‍ ജര്‍മനിയിലെ മ്യൂണിക്കില്‍ വൃദ്ധസദനത്തില്‍ വച്ചു ഖാസി മരണപ്പെട്ടതോടെയാണ് പുസ്തകം കാണാതായത്. ഖാസിയുടെ കന്പ്യൂട്ടര്‍ പരിശോധിച്ചപ്പോള്‍ നൂറുകണക്കിന് കൈയെഴുത്തു പ്രതികള്‍ ഉള്ളതായി കണ്ടെത്തിയെങ്കിലും ഇവ നഷ്ടപ്പെട്ടിരുന്നു.

ഖാസിയുടെ സുഹൃത്ത് തന്നെയായ മറ്റൊരു ഇറാന്‍കാരെന്റ ജര്‍മനിയിലെ വസതിയില്‍നിന്ന് 174 പുരാതന കൃതികള്‍ ജര്‍മന്‍ പോലീസ് കണ്ടെത്തി. 2016ല്‍ ദീവാന്‍ ഓഫ് ഹാഫിസ് കണ്ടെത്തുന്നുവര്‍ക്ക് ജര്‍മന്‍ പൊലീസ് 50000 യൂറോ പ്രതിഫലം പ്രഖ്യാപിച്ചു. ഇതിനിടെ, ഇറാന്‍ രഹസ്യാന്വേഷണ വിഭാഗവും പുസ്തകം കണ്ടെത്താന്‍ രംഗത്തെത്തി. പുസ്തകം കൈവശമുണ്ടായിരുന്നയാള്‍ ഇറാന്‍ അന്വേഷണ സംഘത്തെ ഭയപ്പെട്ട് ആര്‍തര്‍ ബ്രാന്‍ഡിന് വിവരം കൈമാറുകയും ആഴ്ചകള്‍ നീണ്ട പരിശ്രമത്തിനുശേഷം പുസ്തകം സ്വന്തമാക്കുകയായിരുന്നു.

ഇപ്പോള്‍ ആംസ്റ്റര്‍ഡാമിലുള്ള ദീവാന്‍ ഓഫ് ഹാഫിസ് അടുത്തയാഴ്ച ജര്‍മന്‍ പോലീസിന് കൈമാറുമെന്ന് ആര്‍തര്‍ ബ്രാന്‍ഡ് പറഞ്ഞു. ഖാസിയുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് പുസ്തകത്തിന്റെ കൈവശാവകാശം തീരുമാനിക്കുമെന്ന് ജര്‍മന്‍ പോലീസ് പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക