Image

എന്തെങ്കിലും സംഭവിച്ചാല്‍ അധ്യാപകനായിരിക്കും ഉത്തരവാദിയെന്ന്‌ അമ്മ പറഞ്ഞു'; രൂപശ്രീയുടെ മരണത്തില്‍ ദുരൂഹത

Published on 20 January, 2020
 എന്തെങ്കിലും സംഭവിച്ചാല്‍ അധ്യാപകനായിരിക്കും ഉത്തരവാദിയെന്ന്‌ അമ്മ പറഞ്ഞു'; രൂപശ്രീയുടെ മരണത്തില്‍ ദുരൂഹത


കാസര്‍ഗോഡ്‌ മഞ്ചേശ്വരത്ത്‌ അധ്യാപികയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന്‌ ബന്ധുക്കള്‍. അധ്യാപികയെ സഹപ്രവര്‍ത്തകന്‍ ശല്യപ്പെടുത്തിയിരുന്നുവെന്ന്‌ ബന്ധുക്കള്‍ ആരോപിച്ചു. 

രൂപശ്രീയുടെ മരണത്തില്‍ സഹപ്രവര്‍ത്തകന്‌ പങ്കുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. സഹപ്രവര്‍ത്തകനായ അധ്യാപകന്‍ രൂപശ്രീയെ നിരന്തരം ശല്യം ചെയ്‌തിരുന്നതായും മരണത്തില്‍ ഇയാള്‍ക്ക്‌ പങ്കുണ്ടെന്നുമാണ്‌ ബന്ധുക്കളുടെ ആരോപണം.

ദിവസങ്ങളായി അമ്മ ആകെ ഭയത്തിലായിരുന്നുവെന്നും എന്തെങ്കിലും തനിക്ക്‌ സംഭവിച്ചാല്‍ സഹപ്രവര്‍ത്തകനായ അധ്യാപകനായിരിക്കും ഉത്തരവാദിയെന്നും അമ്മ സൂചിപ്പിച്ചിരുന്നുവെന്ന്‌ മകന്‍ കൃതികും പറഞ്ഞു. 

അതേസമയം അന്വേഷണത്തിന്റെ ഭാഗമായി രൂപശ്രീയുടെ സഹപ്രവര്‍ത്തകനായ അധ്യാപകനെ പൊലീസ്‌ ചോദ്യം ചെയ്‌തു. എന്നാല്‌ ഇയാളില്‍ നിന്ന്‌ കൊലപാതകത്തിലേക്ക്‌ വിരല്‍ ചൂണ്ടുന്ന തെളിവുകള്‍ ലഭിച്ചില്ലെന്നാണ്‌ പൊലീസ്‌ പറയുന്നത്‌. 

അധ്യാപികയെ കാണാതാകുന്ന സമയത്ത്‌ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പിന്നീട്‌ പ്രവര്‍ത്തിച്ചിരുന്നതായും പൊലീസ്‌ പറയുന്നു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ മുങ്ങിമരണമാണെന്നാണ്‌ പ്രാഥമിക റിപ്പോര്‍ട്ട്‌.

മഞ്ചേശ്വരം മിയാപദവ്‌ സ്‌കൂളിലെ അധ്യാപികയായ രൂപശ്രീയെ ഈ മാസം പതിനാറിനാണ്‌ കാണാതായത്‌. 

തുടര്‍ന്ന്‌ രൂപശ്രീയുടെ ഭര്‍ത്താവ്‌ ചന്ദ്രശേഖരന്റെ പരാതിയില്‍ പൊലീസ്‌ അന്വേഷണം നടത്തുന്നതിനിടയിലാണ്‌ കുമ്പള കടപ്പറത്ത്‌ അഴുകിയ നിലയില്‍ അധ്യാപികയുടെ മൃതദേഹം കണ്ടെത്തിയത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക