Image

സോളാര്‍ കേസ്; കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കാന്‍ വിശദാംശങ്ങള്‍ തേടി ഉദ്യോഗസ്ഥര്‍ വന്നിരുന്നു: സരിതാ നായര്‍

Published on 19 January, 2020
സോളാര്‍ കേസ്; കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കാന്‍ വിശദാംശങ്ങള്‍ തേടി ഉദ്യോഗസ്ഥര്‍ വന്നിരുന്നു: സരിതാ നായര്‍

തിരുവനന്തപുരം: പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിയായ സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട കേസുകളുടെ വിശദാംശങ്ങള്‍ തേടി കേന്ദ്ര ഏജന്‍സികള്‍ തന്‍റെ മൊഴിയെടുത്തെന്ന് സരിത.എസ്.നായര്‍. ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍ തുടങ്ങി അഞ്ചു നേതാക്കള്‍ പ്രതികളായ കേസിന്‍റെ വിശദാംശങ്ങളാണ് ചോദിച്ചത്. കേന്ദ്ര നീക്കത്തിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളെ തകര്‍ക്കലാണെന്നാണ് സൂചന. കേന്ദ്ര ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കേസ് വിവരങ്ങള്‍ ആവശ്യമാണെന്ന് പറഞ്ഞാണ് സരിത.എസ്.നായരെ കേന്ദ്ര ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ സമീപിച്ചത്.


2013ല്‍ കേസ് തുടങ്ങിയ ശേഷം ഇപ്പോഴുള്ള സ്ഥിതിയെന്താണെന്നും അവര്‍ ചോദിക്കുകയുണ്ടായിയെന്നും സരിത പറഞ്ഞു. എത്ര കേസില്‍ എഫ്‌ഐആറുണ്ട്, എത്ര കേസില്‍ 164 രജിസ്റ്റര്‍ ചെയ്തു തുടങ്ങിയ ചോദ്യങ്ങളും ചോദിച്ചു.

കേന്ദ്ര വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയെക്കുറിച്ചും അന്വേഷിച്ചു. സംസ്ഥാനത്ത് എഫ്.ഐ.ആര്‍ ഇട്ട കേസുകളായതിനാല്‍ കേസുകള്‍ കേന്ദ്രത്തിന് ഏറ്റെടുക്കുന്നതിന് തടസങ്ങളുണ്ട്. എന്നാല്‍, കേന്ദ്ര വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ നടപടി എടുക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിക്കാനുള്ള സാഹചര്യം തള്ളിക്കളയാവില്ലെന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്.


 എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട കേസായതിനാല്‍ കേന്ദ്ര ഏജന്‍സിയുടെ ഇടപെടലിനെ രാഷ്ട്രീയ നേതാക്കള്‍ സംശയത്തോടെയാണ് കാണുന്നത്. നിലവില്‍ സംസ്ഥാനത്ത് നടക്കുന്ന അന്വേഷണത്തില്‍ സംതൃപ്തയാണെന്ന് സരിത പറഞ്ഞു.

കേന്ദ്രത്തിനോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. കേരള പൊലീസിന്റെ അന്വേഷണത്തില്‍ സഹകരിച്ചുകൊണ്ടിരിക്കുകയാണ്. അന്വേഷണം പതിയെ ആണെങ്കിലും തൃപ്തികരമാണെന്നും സരിത വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക