Image

മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ച് ഗവര്‍ണ്ണര്‍, സുപ്രീംകോടതിയെ സമീപിച്ചത് ഭരണഘടനാലംഘമെന്ന്

Published on 17 January, 2020
മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ച് ഗവര്‍ണ്ണര്‍, സുപ്രീംകോടതിയെ സമീപിച്ചത് ഭരണഘടനാലംഘമെന്ന്
ന്യൂഡല്‍ഹി  :പൗരത്വനിയമ ഭേദഗതിയെച്ചൊല്ലി സംസ്ഥാന സര്‍ക്കാരിനെതിരേ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്റെ അനുമതിയില്ലാതെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് ഭരണഘടനാലംഘനമാണെന്ന് കുറ്റപ്പെടുത്തിയ ഗവര്‍ണര്‍, ഉത്തരവാദിയായ മുഖ്യമന്ത്രിയില്‍നിന്ന് റിപ്പോര്‍ട്ട് തേടുമെന്നും വ്യക്തമാക്കി. ഗവര്‍ണര്‍ക്കെതിരേ മുഖ്യമന്ത്രി വ്യാഴാഴ്ച ഉന്നയിച്ച പരോക്ഷ വിമര്‍ശനത്തിനടക്കം അക്കമിട്ട് മറുപടി പറഞ്ഞാണ് ഡല്‍ഹിയില്‍ അദ്ദേഹം സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചത്.

ഭരണഘടനയും സര്‍ക്കാരിന്റെ പ്രവര്‍ത്തനച്ചട്ടവും (റൂള്‍ ഓഫ് ബിസിനസ്) ഉദ്ധരിച്ചായിരുന്നു ഗവര്‍ണറുടെ മറുപടി. നിയമവ്യവസ്ഥയുള്ള സമൂഹമാണ് നിലനില്‍ക്കുന്നതെന്നും പൊതുഭരണവും സര്‍ക്കാരിന്റെ പ്രവര്‍ത്തനവും ഏതെങ്കിലും വ്യക്തിയുടെയോ പാര്‍ട്ടിയുടെയോ ഭ്രമങ്ങള്‍ക്കനുസരിച്ച് കൊണ്ടുപോകാനാകില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഓര്‍ഡിനന്‍സ് സംവിധാനം രാഷ്ട്രീയതാത്പര്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ അനുവദിക്കില്ല. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുവിഭജന ഓര്‍ഡിനന്‍സില്‍ താന്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് നിവാരണമുണ്ടാകാതെ അംഗീകാരം നല്‍കില്ല.

തന്നെ വന്നുകണ്ട രണ്ടുമന്ത്രിമാരോട് ഓര്‍ഡിനന്‍സ് സംബന്ധിച്ച സംശയങ്ങള്‍ ചോദിച്ചു. എന്നാല്‍, അവര്‍ മറുപടി നല്‍കുന്നതിനുപകരം മാധ്യമങ്ങള്‍ക്ക് വാര്‍ത്തനല്‍കുകയാണ് ചെയ്തത്. അവര്‍ക്ക് ഇഷ്ടമുള്ളതുപ്രവര്‍ത്തിക്കാം. എന്നാല്‍, അതില്‍ ചട്ടലംഘനമുണ്ടെങ്കില്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക