Image

കേരളത്തില്‍ ആരും ഭക്ഷണവും മതവും തമ്മില്‍ കൂട്ടിക്കുഴയ്ക്കാറില്ലെന്ന് മന്ത്രി കടകംപള്ളി

Published on 17 January, 2020
കേരളത്തില്‍ ആരും ഭക്ഷണവും മതവും തമ്മില്‍ കൂട്ടിക്കുഴയ്ക്കാറില്ലെന്ന് മന്ത്രി കടകംപള്ളി
തിരുവനന്തപുരം: ആരുടെയും മതവികാരം വ്രണപ്പെടുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് വിനോദ സഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരളത്തിന്റെ വിനോദ സഞ്ചാരവകുപ്പിന്റെ ട്വിറ്റര്‍ പേജില്‍ കേരള സ്പെഷ്യല്‍ ബീഫ് വിഭവവും രുചിക്കൂട്ടും പങ്കുവെച്ചതിനു പിന്നാലെ ഉയര്‍ന്ന വിവാദത്തിലാണ് മന്ത്രിയുടെ പ്രതികരണം.

കേരളത്തില്‍ ആരും മതവും ഭക്ഷണവും തമ്മില്‍ കൂട്ടിക്കുഴയ്ക്കാറില്ല. ഇതില്‍ വര്‍ഗീയ നിറം നല്‍കാനാണ് ശ്രമം നടക്കുന്നത്. അത് അപലപനീയമാണ്. ബീഫ് എന്നാല്‍ പശുവിറച്ചി മാത്രമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി. പോര്‍ക്ക്, ബീഫ്, മത്സ്യം തുടങ്ങിയ വിഭവങ്ങളൊക്കെ ഇഷ്ടപ്പെടുന്നവരാണ് കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍. പോര്‍ക്ക് ഉള്‍പ്പെടെ നിരവധി ഭക്ഷണ സാധനങ്ങളുടെ ചിത്രങ്ങള്‍ ടൂറിസം വകുപ്പിന്റെ വെബ്സൈറ്റില്‍ ഉണ്ടെന്നും എന്നാല്‍ വര്‍ഗീയത കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ ഇതൊന്നും കണ്ടിട്ടുണ്ടാവില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള ടൂറിസം വകുപ്പ് വെബ്സൈറ്റാണ് കേരളത്തിന്റേത്. ഭക്ഷണവും ടൂറിസവുമായി ബന്ധപ്പെട്ട മറ്റെല്ലാ കാര്യങ്ങളും സോഷ്യല്‍ മീഡിയ ഉപയോഗിച്ച് ടൂറിസം വകുപ്പ് മാര്‍ക്കറ്റ് ചെയ്യാറുമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ബീഫ് ഉലര്‍ത്തിയതിന്റെ ചിത്രവും കുറിപ്പും സഹിതം കേരള ടൂറിസത്തിന്റെ ഔദ്യോഗിക പേജില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പിന്നാലെ വിശ്വഹിന്ദു പരിഷത്ത് ഉള്‍പ്പെടെ വിമര്‍ശവുമായി രംഗത്തെത്തുകയായിരുന്നു.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക