Image

ലൗ ജിഹാദ്: സിനഡിനെ തള്ളി സത്യദീപം; മെത്രാന്മരുടെ സര്‍ക്കുലര്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നതെന്ന് ഫാ.മുണ്ടാടന്‍

Published on 17 January, 2020
ലൗ ജിഹാദ്: സിനഡിനെ തള്ളി സത്യദീപം; മെത്രാന്മരുടെ സര്‍ക്കുലര്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നതെന്ന് ഫാ.മുണ്ടാടന്‍
കൊച്ചി: കേരളത്തില്‍ ലൗ ജിഹാദ് വളരുന്നെന്ന സിറോ മലബാര്‍ സിനഡ് വിലയിരുത്തലിനെയും പൗരത്വ ഭേദഗതി നിയമത്തില്‍ കെ.സി.ബി.സി. പ്രസിഡന്റും സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ നിലപാടിനെയും വിമര്‍ശിച്ച് എറണാകുളം അങ്കമാലി അതിരൂപതയുടെ മത സാംസ്‌കാരിക വാരികയായ മുഖപത്രം 'സത്യദീപ'ത്തില്‍ ലേഖനം.

ജനാധിപത്യ വ്യവസ്ഥിതിയെയും ബഹുസ്വരതയെയും പ്രതികൂലമായി ബാധിക്കുന്ന പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികളും മത, ജാതി സംഘടനകളും കൃത്യമായ നിലപാടെടുത്തപ്പോള്‍ കത്തോലിക്കാസഭയുടെ നിലപാട് വ്യക്തമായിരുന്നോ എന്നു ലേഖനത്തില്‍ ആരായുന്നു. കേരളത്തില്‍ സഭയ്ക്കു നിലപാട് എന്നൊന്നുണ്ടായിട്ടില്ലെന്ന് 22നു പുറത്തിറങ്ങുന്ന മുഖപത്രത്തിലെ ലേഖനം പറയുന്നു.

തിരുവനന്തപുരം ആര്‍ച്ച് ബിഷപ് ഡോ. സൂസായ്പാക്യവും കേരള ലത്തീന്‍ കത്തോലിക്കാ സഭയും പൗരത്വനിയമ ഭേദഗതിയെ ശക്തമായി എതിര്‍ത്തപ്പോള്‍ സിറോ മലബാര്‍ മെത്രാന്‍ സിനഡിന്റെ നിലപാട് കേന്ദ്ര സര്‍ക്കാരിനുള്ള ഉപദേശത്തില്‍ ചുരുക്കി. പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ച് കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ കേന്ദ്രമായ പി.ഒ.സിയുടെ ഡയറക്ടറുടെ ലേഖനം ജന്മഭൂമി ദിനപത്രത്തില്‍ പ്രത്യക്ഷപ്പെട്ടതും ഗൗരവത്തോടെ കാണണം. ഇതേക്കുറിച്ച് കേരള കത്തോലിക്ക സഭയ്ക്ക് ഏകാഭിപ്രായമോ നിലപാടോ ഇല്ലെന്നും ലേഖനത്തില്‍ അഭിപ്രായപ്പെടുന്നു. 

കത്തോലിക്കാ സഭയ്ക്കു കേരളത്തില്‍ എന്താണു സംഭവിക്കുന്നതെന്നു വിശ്വാസികള്‍ ചോദിക്കുന്നെന്നും ലേഖനത്തിലുണ്ട്. ലൗ ജിഹാദ് സംബന്ധിച്ച വാദങ്ങള്‍ കേരള ഹൈക്കോടതി നേരത്തെ തള്ളിയതാണ്. സുപ്രീം കോടതി നിര്‍ദേശാനുസരണം ദേശീയ അന്വേഷണ ഏജന്‍സിതന്നെ അന്വേഷിച്ചിട്ടും തെളിവു കിട്ടിയിട്ടില്ല. മറ്റൊരു തലത്തില്‍ എത്രയോ ഹിന്ദു, മുസ്ലിം പെണ്‍കുട്ടികളും ആണ്‍കുട്ടികളും പ്രേമത്തിന്റെ പേരില്‍ ക്രൈസ്തവമതം സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ കണക്ക് ആരെങ്കിലും എടുത്തിട്ടുണ്ടോയെന്നും ലേഖനം പരിഹസിക്കുന്നു.

ലൗ ജിഹാദ് വിഷയത്തില്‍ സിറോ മലബാര്‍ സഭ മെത്രാന്‍ സിനഡ് പുറത്തിറക്കിയ സര്‍ക്കുലറിനെ വിമര്‍ശിച്ച് 'സത്യദീപത്തില്‍' ലേഖനമെഴുതിയതില്‍ വിശദീകരണവുമായി ലേഖകനും എറണാകുളം-അങ്കമാലി അതിരൂപത വൈദിക സമിതി സെക്രട്ടറിയുമായ ഫാ. കുര്യാക്കോസ് മുണ്ടാടന്‍. ലേഖനത്തിലൂടെ താന്‍ പ്രകടിപ്പിച്ചത് അതിരൂപതയുടെ വികാരമാണെന്നും കലുഷിതമായ ഈ അന്തരീക്ഷത്തില്‍ സിനഡിന്റെ സര്‍ക്കുലര്‍ എരിതീയിര്‍ എണ്ണയൊഴിക്കുന്നതിന് തുല്യമാണെന്നും ഫാ.മുണ്ടാടന്‍ പ്രതികരിച്ചു.

ലക്ഷക്കണക്കിന് ക്രൈസ്തവ കുട്ടികള്‍ എത്രയോ വര്‍ഷമായി ഗള്‍ഫിലും മറ്റും ഇതര മതസ്ഥരുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നു. സിനഡില്‍ 58 മെത്രാന്മാര്‍ കൂടിയിരുന്ന് പ്രസ്താവന ഇറക്കുമ്പോള്‍ ലക്ഷക്കണക്കിന് വരുന്ന വിശ്വാസികള്‍ പൊതുസമൂഹത്തില്‍ മറ്റു സമുദായങ്ങള്‍ക്കൊപ്പമാണ് ജീവിക്കുന്നത് എന്ന യഥാര്‍ത്ഥ്യം മനസ്സിലാക്കാതെ പോകുന്നു. സിനഡിന്റെ സര്‍ക്കുലര്‍ നിലവില്‍ എരിതീയില്‍ എണ്ണയൊഴിച്ച് കൊടുക്കുന്നതിന് തുല്യമാണ്. ഇവിടെ തീവ്രവാദികള്‍ ഉണ്ടാവാം. തീവ്രവാദികള്‍ ഇല്ലെന്ന് പറയുന്നില്ല. 

ഈ രാജ്യത്ത് ക്രൈസ്തവര്‍ എന്നും സമാധാനത്തിനും ഐക്യത്തിനും സഹിഷ്ണുതയ്ക്കുമാണ് മുന്‍ഗണന നല്‍കിയിട്ടുള്ളത്. ഇപ്പോള്‍ സമൂഹത്തില്‍ ഒരു അസന്തുലീതാവസ്ഥ വന്നിരിക്കുന്നു, സമൂഹത്തില്‍ വര്‍ഗീയമായ ഒരു ധ്രുവീകരണം വന്നിരിക്കുന്നു. അങ്ങനെയൊരു സാഹചര്യത്തില്‍ ഒരു സമുദായ  നേതാവെന്നല്ല, ഒരു സാധാരണക്കാരനായാല്‍ പോലും ഒരു പ്രസ്താവന ഇറക്കുമ്പോള്‍ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതാണ്. ആ സൂക്ഷ്മതയോ സാമാന്യ ബുദ്ധിയോ സിറോ മലബാര്‍ സഭ മെത്രാന്മാര്‍ക്ക് ഇല്ലാതെ പോയതിലുള്ള സങ്കടമാണ് ഞാന്‍ ലേഖനത്തില്‍ പ്രകടിപ്പിച്ചത്. നമ്മുടെ സമുദായത്തിലെ എത്രയോ പേര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നു. എത്രയോ പേര്‍ ഇസ്ലാം വിശ്വാസികളായ മാനേജ്മെന്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നു. എല്ലാ വിഭാഗം വിശ്വാസികളും പരസ്പരം ഇടകലര്‍ന്ന് ജീവിക്കുന്നു. അവിടെയൊക്കെ സ്പര്‍ദ്ധത വളര്‍ത്തുന്ന പ്രസ്താവന നടത്താമോ? 

മെത്രാന്മാര്‍ നടത്തിയ 'ലൗ ജിഹാദ്' പ്രസ്താവനയ്ക്ക് എന്ത് ശാസ്ത്രീയ തെളിവാണുള്ളത്. എന്‍.ഐ.എയും ഹൈക്കോടതിയും അന്വേഷിച്ച് തള്ളിയ കേസാണിത്. തീവ്രവാദികള്‍ ഇല്ലായെന്ന് താന്‍ പറയുന്നില്ല. തീവ്രവാദികള്‍ എല്ലാ സമുദായത്തിലുമുണ്ടായിട്ടുണ്ട്. പക്ഷേ, പൗരത്വ നിയമ ഭേദഗതിയുടെ ഇന്നത്തെ പശ്ചാത്തലത്തില്‍ രാജ്യം മുഴുവന്‍ വര്‍ഗീയമായി ആളിക്കത്തുമ്പോള്‍ അതില്‍ വെള്ളമൊഴിച്ച് അഗ്‌നികെടുതേണ്ടതിനു പകരം എരിതീയില്‍ എണ്ണയൊഴിക്കുന്ന പ്രവര്‍ത്തി ചെയ്യാന്‍ പാടുണ്ടോ? ആ ഒരു ചിന്തയാണ് ലേഖനമെഴുതാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ഫാ.കുര്യാക്കോസ് മുണ്ടാടന്‍ പറഞ്ഞു







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക