Image

ജനസംഖ്യാ നിയന്ത്രണം എത്രയും വേഗം തീരുമാനം എടുക്കേണ്ട വിഷയം: മോഹന്‍ ഭഗവത്

Published on 17 January, 2020
ജനസംഖ്യാ നിയന്ത്രണം എത്രയും വേഗം തീരുമാനം എടുക്കേണ്ട വിഷയം: മോഹന്‍ ഭഗവത്
മൊറാദാബാദ് (യു.പി): ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടുവരണമെന്ന് ആര്‍.എസ്.എസ്. രാജ്യത്ത് ശരിയായ വികസനം സാധ്യമാകണമെങ്കില്‍ രണ്ട് കുട്ടികള്‍ മതി എന്ന് വ്യവസ്ഥ ചെയ്യുന്ന നിയമം കൊണ്ടുവരണമെന്ന് ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത് ആവശ്യപ്പെട്ടു. മൊറാദാബാദില്‍ നാല് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം മൊറാദാബാദ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജില്‍ നടന്ന യോഗത്തില്‍ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

ജനസംഖ്യാ നിയന്ത്രണം എത്രയും വേഗം തീരുമാനം എടുക്കേണ്ട വിഷയമാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണ്. ഈ നിര്‍ദ്ദേശത്തിന് ഏതെങ്കിലും ഒരു മത വിഭാഗവുമായി ബന്ധമില്ല. എല്ലാവര്‍ക്കും ബാധകമായിരിക്കണമെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി. 40 പേരോളം വരുന്ന മുതിര്‍ന്ന സംഘ നേതാക്കളെയാണ് അദ്ദേഹം അഭിസംബോധന ചെയ്തത്. ഇന്ത്യ വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യമാണ്. പക്ഷേ അനിയന്ത്രിതമായ ജനസംഖ്യ വികസനത്തിന് ഗുണകരമാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച നിലപാടും മോഹന്‍ ഭാഗവത് വ്യക്തമാക്കി. ക്ഷേത്ര നിര്‍മാണത്തിനായി ട്രസ്റ്റ് രൂപവത്കരിച്ച് കഴിഞ്ഞാല്‍ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തില്‍ നിന്ന് സ്വയം വിട്ടുനില്‍ക്കുമെന്നും മോഹന്‍ ഭഗത് കൂട്ടിച്ചേര്‍ത്തു. മഥുരയും കാശിയും ആര്‍എസ്എസിന്റെ അജണ്ടയിലില്ലെന്ന് വ്യക്തമാക്കിയ മോഹന്‍ ഭഗത്. ദേശീയ പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ചു. എന്നാല്‍ ഈ വിഷയത്തില്‍ ജനങ്ങള്‍ക്കിടിയില്‍ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക