Image

ബി.ജെ.പി. യുടെ കോര്‍പ്പറേറ്റ് ഫണ്ടിംഗ് (വെള്ളാശേരി ജോസഫ്)

Published on 17 January, 2020
ബി.ജെ.പി.  യുടെ കോര്‍പ്പറേറ്റ് ഫണ്ടിംഗ്  (വെള്ളാശേരി ജോസഫ്)
2014 - ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. ഏതാണ്ട് മുപ്പതിനായിരം കോടി ചിലവാക്കി എന്നാണ് ചരിത്രകാരനായ വില്യം ദാൽറിമ്ബിൾ പറയുന്നത്. അദ്ദേഹത്തിൻറ്റെ വാക്കുകളിലൂടെ: "Estimated to have cost $4.9bn – perhaps the second most expensive ballot in democratic history after the US presidential election in 2012 – it brought Narendra Modi to power on a tidal wave of corporate donations. Exact figures are hard to come by, but Modi’s Bharatiya Janata party (BJP), is estimated to have spent at least $1bn on print and broadcast advertising alone. Of these donations, around 90% comes from unlisted corporate sources, given in return for who knows what undeclared promises of access and favours. The sheer strength of Modi’s new government means that those corporate backers may not be able to extract all they had hoped for, but there will certainly be rewards for the money donated." പരസ്യത്തിനും, പത്രക്കാരെ കയ്യിലെടുക്കാനും വേണ്ടി  ഏതാണ്ട്  പതിനായിരം കോടി ചിലവാക്കി എന്നാണ് ദാൽറിമ്ബിൾ -  ൻറ്റെ കണക്കു കൂട്ടൽ. അതുകൊണ്ട് തന്നെ ബി.ജെ.പി. സർക്കാർ ഭരണത്തിൽ കേറിയതിനു ശേഷം കൊർപ്പറേറ്റുകളെ സഹായിക്കുന്നു എന്ന വാദത്തിൽ കഴമ്പുണ്ട്.  

ബി.ജെ.പി. - യുടെ ഈ കോർപ്പറേറ്റ് ഫണ്ടിങ് മനസ്സിലാക്കണമെങ്കിൽ ആധുനിക മുതലാളിത്തത്തെ കുറിച്ച് മനസിലാക്കണം. ആധുനിക മുതലാളിത്തം എന്നത് ബാങ്ക് ക്യാപ്പിറ്റലും ഇൻഡസ്ട്രിയൽ ക്യാപ്പിറ്റലും കൂടിച്ചേരുന്ന ഫിനാൻസ് ക്യാപ്പിറ്റലിലൂടെ സൃഷ്ടിക്കപ്പെടുന്ന ഒരു വമ്പൻ 'പ്രോസസ്' ആണ്. 'മാടമ്പി' സിനിമയിൽ മോഹനലാൽ "നിൻറ്റെയൊക്കെ ആചാര്യന്മാർ പറയുന്ന ഫിനാൻസ് ക്യാപ്പിറ്റൽ' ആണ് ഞാൻ കൈകാര്യം ചെയ്യുന്നതെന്ന്" കമ്യൂണിസ്റ്റ് സഖാക്കളോട് പറയുന്നത് വെറുമൊരു ഡയലോഗല്ല. 'മാടമ്പി' സിനിമയിൽ കാണിക്കുന്ന 'ബ്ലെയിഡ് ബാങ്കിങ്' കൂടാതെ ബിൽ ഗെയ്‌റ്റ്‌സിനെ പോലെയും, മലയാളി വരുൺ ചന്ദ്രനെ പോലുള്ള കുറെ പേരുടെ ടെക്നോളജിക്കൽ ഇൻവെൻഷൻ മൂലം വരുന്ന മുതലാളിമാരും ആധുനിക ക്യാപ്പിറ്റലിസത്തിൻറ്റെ തന്നെ ഭാഗമായ ഇലക്രോണിക്ക്- ഡിജിറ്റൽ യുഗത്തിൽ ഉണ്ട്. മുതലാളിത്തത്തിൽ ഭരണ കൂടമെന്നത് ക്യാപിറ്റലിൻറ്റെ സംരക്ഷകർ ആണ്. ക്യാപ്പിറ്റലിസ്റ്റ് പ്രക്രിയ സുഗമമായി നടക്കാൻ ക്രമസമാധാന പാലനം ഭംഗിയായി നടക്കേണ്ടതുണ്ട്. അതാണ്‌ പലപ്പോഴും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ ചെയ്യുന്നത്. തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ ധാരാളം പണം ഇക്കാലത്ത് വേണം. ക്യാപ്പിറ്റലിസ്റ്റുകൾ രാഷ്ട്രീയക്കാർക്ക് പണം കൊടുക്കുന്നു; രാഷ്ട്രീയക്കാരാകട്ടെ മുതലാളിമാർക്ക് സംരക്ഷണവും ഒരുക്കുന്നു. ഈ രണ്ടു കൂട്ടരും പരസ്പര സഹായ സഹകരണ സംഘങ്ങൾ പോലെയാണ് ഒരു ക്യാപ്പിറ്റലിസ്റ്റ് പ്രക്രിയയിൽ പ്രവർത്തിക്കുന്നത്. സാധാരണക്കാരിൽ നിന്നും, ട്രെയ്‌ഡർമാരിൽ നിന്നും ധനസമാഹരണം വഴി സൃഷ്ടിക്കപ്പെടുന്ന ബാങ്ക് ക്യാപ്പിറ്റൽ ആണ് ആധുനിക മുതലാളിത്തത്തിന് അടിത്തറ ഒരുക്കുന്നത്. നിക്ഷേപ സമാഹരണത്തിലൂടെ മൂലധനം എത്തിക്കുന്ന പൈപ്പ്‌ലൈൻ  ആയി മാറുന്നു ക്യാപ്പിറ്റലിസ്റ്റ് സമൂഹത്തിൽ ബാങ്കുകൾ. എന്ന് വെച്ചാൽ വമ്പൻ മുതലാളിമാർക്ക് അനുയോജ്യമായ ആവശ്യം അനുസരിച്ച് മൂലധനം എത്തിക്കാനാണ് ബാങ്കുകൾ. അല്ലാതെ അവിടെ ഡിപ്പോസിറ് ചെയ്യുന്നവർക്ക് ലാഭം ഉണ്ടാക്കൽ അല്ല ബാങ്കിൻറ്റെ ദൗത്യം.

സമീപ കാലത്ത് ബാങ്ക് ക്യാപ്പിറ്റലിലെ തിരിമറി കണ്ടമാനം പെരുകിയത് ബി.ജെ.പി. സ്വകാര്യ മൂലധന ശക്തികളിൽ നിന്ന് പണം പറ്റിയത് കൊണ്ടാണെന്ന് ആർക്കും അനുമാനിക്കാം. ബി.ജെ.പി. ഭരിക്കുമ്പോൾ കണ്ടമാനം കിട്ടാക്കടങ്ങൾ പെരുകിയത് കോർപ്പറേറ്റുകളോടുള്ള വിധേയത്ത്വം മൂലമാണ്. കിട്ടാക്കടങ്ങൾ ഇപ്പോൾ ബാങ്കിങ് വ്യവസ്ഥയെ സാരമായി ബാധിക്കുന്നു. 'നോൺ പെർഫോമിംഗ് അസറ്റ്സ്' (NPA) എന്ന് വിളിപ്പേരുള്ള കിട്ടാക്കടങ്ങൾ പല പബ്ലിക്ക് സെക്റ്റർ ബാങ്കുകളിലായി ഭീമമായ തുകകളാണ്. മൂന്നു മാസം അടവില്ലെങ്കിൽ ലോൺ നോൺ പെർഫോമിംഗ് ആകും. പക്ഷെ മൂന്നാം മാസം ബാങ്ക് ഒരു ഗഡു വായ്പ്പാ തിരിച്ചടവ് തുക ലോൺ ആയി കൊടുക്കും. അതെ തുക ഒരു വായ്പ്പ ഗഡു കിട്ടിയതായി കാണിക്കും. അങ്ങനെ വായ്പ്പ ഡീഫോൾട് ലിസ്റ്റിൽ പെടാതെ രക്ഷപെടും. കസ്റ്റമറാകട്ടെ ഒരു പൈസ പോലും അടച്ചിട്ടുമില്ല. ഈ റോൾ ഓവർ വർഷങ്ങളായി തുടർന്നു; പബ്ലിക്ക് സെക്റ്റർ ബാങ്കുകളുടെ കടം കൂടി കൂടി വന്നു. സമീപ കാലത്ത് ബാങ്കിങ് സെക്റ്ററിൽ ഒരു 'ക്രൈസിസ്' രൂപപ്പെടാൻ തുടങ്ങിയപ്പോൾ മാത്രമാണ് മാധ്യമങ്ങളിൽ ഇതിനെ കുറിച്ചുള്ള വാർത്തകൾ വരാൻ തുടങ്ങിയത്. മൂന്നാം ക്വാർട്ടറിൽ പോലും വായ്പയുടെ ഗഡു തിരിച്ചടയ്ക്കാതെ കടക്കാർ നാടുവിടാൻ തുടങ്ങിയപ്പോഴാണ് മാധ്യമങ്ങൾ ഭീകരമായ ഈ തട്ടിപ്പ് തിരിച്ചറിഞ്ഞത്. ഇന്ത്യയിൽ മൂന്ന് ക്വാർട്ടർ ഇൻട്രസ്റ്റ് അടച്ചില്ലെങ്കിൽ 'നോൺ പെർഫോമിംഗ് അസറ്റ്സ്' ആകും. അങ്ങനെ നോക്കുമ്പോൾ ബഹു ഭൂരിപക്ഷം കിട്ടാക്കടങ്ങളും ബി.ജെ.പി. - യുടെ നെത്ര്വത്ത്വത്തിലുള്ള കേന്ദ്ര സർക്കാരിൻറ്റെ ലോൺ തന്നെ.

റിസർവ് ബാങ്കിൻറ്റെ വെബ്‌സൈറ്റിൽ നിന്നും സാമ്പത്തിക വിദഗ്ധയായ ഡോക്ടർ മേരി ജോർജ് ചൂണ്ടിക്കാട്ടുന്നത് 2014 മുതലാണ് കിട്ടാക്കടത്തിൽ വൻ വളർച്ച ഉണ്ടായതെന്നാണ്. പൊതുമേഖലാ ബാങ്കുകളുടെ മാത്രം കണക്കെടുത്താൽ, ഇപ്പോൾ കിട്ടാക്കടം ആകെ വായ്‌പയുടെ 12 ശതമാനം വരും എന്നും അവർ ചൂണ്ടി കാണിക്കുന്നു. റിസർവ് ബാങ്ക് തന്നെ തരുന്ന രൂപരേഖ അനുസരിച്ച് 80 ശതമാനം കിട്ടാക്കടവും 400 കോർപറേറ്റ് ഭീമൻമാരുടെ പേരിലാണ്. അതിൽത്തന്നെ 12 കമ്പനികൾ 5000 കോടിക്കുമേൽ കിട്ടാക്കടത്തിൻറ്റെ അധിപന്മാരുമാണ്. അക്കൂട്ടത്തിലാണ് 9,000 കോടിയിലധികം വായ്പയെടുത്തു മുങ്ങിനടക്കുന്ന വിജയ് മല്യ, 13,000 കോടിയിലധികവുമായി ഒളിവിൽ പോയ നീരവ് മോദി തുടങ്ങിയവരുടെ പേരുകൾ ഉള്ളത്. ജതിൻ മേഹ്ത്താ, വിജയ് മല്യ, നീരവ് മോഡി, ചോംസ്കി, കോത്താരി തുടങ്ങിയവർ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ശേഷം രാജ്യം വിടുന്ന സാഹചര്യം എങ്ങനെ ഉണ്ടായി? ബാങ്കുകളെ കബളിപ്പിച്ച വിജയ് മല്ലയ്യ എങ്ങനെ ലുക്ക് ഔട്ട് നോട്ടിസ്  ഉള്ളപ്പോൾ ഇന്ത്യ വിട്ടു എന്ന് ചോദിച്ചാൽ അധികാര സ്ഥാപനങ്ങളുമായുള്ള അടുത്ത ബന്ധം തന്നെ എന്നുറപ്പിച്ച് പറയേണ്ടി വരും. ബാങ്കുകളെ കബളിപ്പിച്ച് കോടികൾ തട്ടിയ എല്ലാ പ്രമുഖ വ്യവസായികളുടെയും വിവരങ്ങൾ പ്രധാനമന്ത്രിയുടെ ഓഫിസിൽ അറിയിച്ചിരുന്നു എന്ന് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞതും, കേന്ദ്ര സർക്കാരിൽ നിന്ന് ഇത്തരക്കാർക്കെതിരെ ഒരു നടപടിയും ഉണ്ടായില്ലാ എന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ പറഞ്ഞതും ഇതിനോട് ചേർത്തു വായിക്കണം.  അദാനിയുമായി അടുത്ത ബന്ധമുള്ള ചിലരും സാമ്പത്തിക തട്ടിപ്പു നടത്തിയതിനു ശേഷം രാജ്യം വിട്ടു എന്ന് പറയുമ്പോഴും ഇവരുടെ ഒക്കെ രാഷ്ട്രീയ ബന്ധമാണ് തെളിഞ്ഞു വരുന്നത്. ചുരുക്കം പറഞ്ഞാൽ ഇന്നത്തെ കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ കക്ഷിയോട് വളരെ അടുപ്പമുള്ള ഒരു ചെറിയ കൂട്ടം ആളുകളാണ് ഇന്ത്യയുടെ സാമ്പത്തിക രംഗവും ഭരിക്കുന്നത്.  

ഈ സമ്പത്തിൻറ്റെ വിളയാട്ടം സമീപ കാലത്തെ ബി.ജെ.പി. - യുടെ രാഷ്ട്രീയത്തിൽ ഉടനീളം കാണാം. കർണാടകത്തിലും ഗോവയിലും മേഖാലയത്തിലും ഒക്കെ പണം കൊടുത്തു തന്നെയാണ് ബി.ജെ.പി. എം.എൽ.എ.-മാരെ വിലക്ക് വാങ്ങിയത്. കർണാടകത്തിൽ ഒരു എം.എൽ.എ.-ക്ക് 200 കോടി ഓഫർ ചെയ്തു എന്ന ആരോപണം പരസ്യമായി തന്നെ ചിലർ ഉന്നയിച്ചതാണ്. ചില ദേശീയ ചാനലുകളിൽ ഈ വാർത്ത വന്നിരുന്നു; ബി.ജെ.പി. - യുടെ സ്വാധീനമാകണം പിന്നീട് ഈ വാർത്ത അപ്രത്യക്ഷമായി. താഴെത്തട്ടിൽ എത്ര പ്രവർത്തനം നടത്തിയാലും കാശിന് കാശ് തന്നെ വേണം. പോസ്റ്റർ ഒട്ടിക്കാനും, നോട്ടീസ് ഇറക്കാനും, ജാഥ നടത്താനും ഒക്കെ കാശിറക്കണം. ഒരുതരം 'ഇവൻറ്റ് മാനേജ്മെൻറ്റാണ്' ബി.ജെ.പി. - യുടേത് എന്നാണ് ഇതെഴുതുന്നയാൾക്ക് തോന്നിയിട്ടുള്ളത് - അത് ശബരിമല വിഷയത്തിലായാലും, രാമ ക്ഷേത്രത്തിൻറ്റെ കാര്യത്തിലായാലും, നോട്ടു നിരോധനത്തിൻറ്റെ കാര്യത്തിലായാലും. അവരുടെ വിപുലമായ സംഘടനാ സംവിധാനം ഉപയോഗിച്ച് ജന മനസുകളെ സ്വാധീനിക്കാൻ അവർക്ക് നന്നായി അറിയാം. അവർക്കതിന് പണവും, റിസോഴ്സസും ഉണ്ട്. ബ്രട്ടീഷുകാർക്കെതിരെ സാധാരണക്കാരെ ഗാന്ധിയൊക്കെ അണിനിരത്തിയത് പോലെ ബി.ജെ.പി. - ക്കെതിരെ ജനങ്ങളെ അണിനിരത്തുവാൻ ഇന്നത്തെ കോൺഗ്രസിനും, ഇടതു പക്ഷത്തിനും ആവുന്നില്ല. ഇവിടെ പ്രശന്ങ്ങളില്ലെന്നല്ല; പ്രശനങ്ങളുണ്ട്. പക്ഷെ ചെറുകിട കർഷകരേയും , അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളേയും അണിനിരത്തി മഹാ ഭൂരിപക്ഷം ജനതക്ക് വേണ്ടി പൊരുതാൻ ഇന്നത്തെ കോൺഗ്രസിനും, ഇടതു പക്ഷത്തിനും ആവുന്നില്ല. പണം പരസ്യമായി സപ്ലൈ ചെയ്തായിരുന്നു കഴിഞ്ഞ 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ പല രാഷ്ട്രീയ പാർട്ടികളും വോട്ട് പിടിച്ചത്. ഡി.എം.കെ. സ്ഥാനാർഥി വോട്ടർമാരെ പണംകൊടുത്തു സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് തമിഴ്നാട്ടിലെ വെല്ലൂർ ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പാണെങ്കിൽ രാഷ്ട്രപതി റദ്ദാക്കി. മഹാരാഷ്ട്രയിലെ പൽഘറിൽ ഉപതെരഞ്ഞെടുപ്പിനിടെ വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ച ബി.ജെ.പി. പ്രവർത്തകരെ ശിവസേന പ്രവർത്തകർ പിടികൂടിയതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതൊക്കെ പത്ര മാധ്യമങ്ങളിലൂടെ പുറത്തു വന്ന പണാധിപത്യത്തിൻറ്റെ ചെറിയൊരു അംശം മാത്രം.

മതത്തിലും, രാജ്യസ്നേഹത്തിലും ഊന്നിയ ബി.ജെ.പി. പ്രചാരണം ചെറുക്കുക എളുപ്പമല്ല; പ്രത്യേകിച്ച് ഇന്ത്യയെ പോലെ ശക്തമായ മതബോധം ഉള്ള രാജ്യത്ത്. ശബരിമല വിഷയത്തിൽ കേരളത്തിൽ പോലും നാം ശക്തമായ  മതബോധം കണ്ടതാണ്. 'ജയ് ശ്രീറാം' വിളിയോടെ പ്രധാന മന്ത്രി തന്നെ ബംഗാളിലൊക്കെ മതബോധത്തിൽ ഊന്നിയ പ്രചാരണം നയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പി. -  യുടെ പോക്കറ്റിലുള്ളപ്പോൾ ഇത്തരം 'ജയ് ശ്രീറാം' വിളിയൊന്നും തിരഞ്ഞെടുപ്പ് കാലത്തെ 'കോഡ് ഓഫ് കോണ്ടക്റ്റ്' - നെതിരാണെന്നുള്ള ഒരു മുന്നറിയിപ്പും, അതിന്മേലുള്ള നടപടിയുമൊന്നും തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. പ്രഗ്യ സിങ് ഠാക്കൂറും, യോഗി ആദിത്യനാഥും ഉൾപ്പെടെയുള്ള അനേകം ബി.ജെ.പി. നേതാക്കളും മതപരമായ വികാരമാണ് ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ മിക്ക തിരഞ്ഞെടുപ്പ് റാലികളിലും ഉയർത്തിയത്. ബി.ജെ.പി.- യുടെ മതത്തിലും, രാജ്യസ്നേഹത്തിലും ഊന്നിയ വോട്ടുകൾ ഒന്നിക്കുമ്പോൾ നാനാവിധ പ്രതിപക്ഷ വോട്ടുകൾ ഭിന്നിച്ചു ആർക്കും ഇല്ലാതെ പോകുന്നു. ഇതിൻറ്റെഎല്ലാം കൂടെ നന്നായി പണവും ഒഴുകുന്നു. 839.03 കോടി രൂപയാണ് 2019 ലോകസഭാ തിരഞ്ഞെടുപ്പ് കാലയളവിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പിടിച്ചെടുത്തത്. 294.41 കോടിരൂപയുടെ മദ്യവും, 1270.36 കോടി രൂപയുടെ മയക്കുമരുന്ന് അടക്കമുള്ള ലഹരി പദാർത്ഥങ്ങളും, 986.76 കോടി വിലവരുന്ന സ്വർണം ഉൾപ്പെടെയുള്ള ലോഹങ്ങളും, 5.56 കോടിയുടെ മറ്റ് വസ്തുക്കളുമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പിടിച്ചെടുത്തത് എന്നാണ് വാർത്താഏജൻസികൾ  റിപ്പോർട്ട് ചെയ്തത്. ഇത് തിരഞ്ഞെടുപ്പിൽ ഒഴുകിയ പണത്തിൻറ്റേയും ലഹരിയുടേയും വളരെ കുറഞ്ഞ അളവാണ് എന്ന് ആർക്കാണ് അറിയാത്തത്? പണം കൈപ്പറ്റി ലോക്സഭാ തിരഞ്ഞെടുപ്പിന് പ്രചാരണം നടത്താൻ ബോളിവുഡ് താരങ്ങൾ തയ്യാറാണെന്നുള്ള   റിപ്പോർട്ടും ഇതിനിടയിൽ വന്നിരുന്നൂ.കോബ്ര പോസ്റ്റ് നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തൽ. 38 സെലിബ്രിറ്റികളാണ് പണം വാങ്ങി സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടത്താൻ തയ്യാറായത്. ഇവരിൽ സംവിധായകരും അഭിനേതാക്കളും ഗായകരും ഒക്കെ ഉൾപ്പെടുന്നു.

സുധാകർ റെഡ്ഢി പരസ്യമായി പറഞ്ഞത് 50 കോടി ഒരു ലോക്സഭാ തിരഞ്ഞെടുപ്പിൽ ചിലവാകുമെന്നാണ്. കേരളത്തിൽ രാഘവനാണെങ്കിൽ 20 കോടി ചിലവാകുമെന്നു ഒളിക്യാമറയിലൂടെ പറഞ്ഞതായി മാധ്യമങ്ങളിൽ വന്നിരുന്നു. എത്ര ജനകീയതയുണ്ടെങ്കിലും ഇന്നത്തെ രാഷ്ട്രീയത്തിൽ ജയിച്ചു കയറണമെങ്കിൽ പണം വേണം. ബി.ജെ.പി. - ക്കാണെങ്കിൽ കോർപ്പറേറ്റ് ഫണ്ടിങ് വേണ്ടുവോളമുണ്ട്. മറ്റു പാർട്ടികളെക്കാളും അനേകം മടങ്ങാണ് അവരുടെ കയ്യിലുള്ള പണം. ആ പണം വെച്ചവർ രാഷ്ട്രീയം കളിക്കുന്നു.

ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളുടെ ഫണ്ടിങ്ങിനെ കുറിച്ച് 'അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക്ക് റിഫോമ്സ്' തയാറാക്കിയ റിപ്പോർട്ടിനെ കുറിച്ചുള്ള വാർത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വന്നിരുന്നൂ. കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ പണമെത്തിയത് 'അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക്ക് റിഫോമ്സിൻറ്റെ' റിപ്പോർട്ട് പ്രകാരം ബി.ജെ.പി. - ക്കാണ്. 2410 .08 കോടി രൂപയാണ് ബി.ജെ.പി. - ക്ക് ഒഴുകിയെത്തിയത്. ഇതിൽ 1450.89 കോടി രൂപാ ബി.ജെ.പി. സമാഹരിച്ചത് ഇലക്ക്ട്രൽ ബോണ്ടിലൂടെയാണ്. ഈ കണക്കൊക്കെ യഥാർത്ഥത്തിൽ ഒഴുകുന്ന പണത്തിൻറ്റെ ചെറിയൊരു അംശം മാത്രം. ബി.ജെ.പി. - യുടെ കോർപ്പറേറ്റ് ഫണ്ടിങ് എത്രമാത്രമാണെന്നുള്ളത് ആ പാർട്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാർ തന്നെ പുറത്തുവിട്ടാൽ മാത്രമേ ശരിക്കുള്ള കണക്കുകൾ പൊതുജനസമക്ഷം എത്തുകയുള്ളൂ. ഇന്നത്തെ അവസ്ഥയിൽ അത് സംഭവിക്കുമെന്ന് കരുതാനും നമുക്ക് വയ്യാ.

(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്.  ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)
ബി.ജെ.പി.  യുടെ കോര്‍പ്പറേറ്റ് ഫണ്ടിംഗ്  (വെള്ളാശേരി ജോസഫ്)
Join WhatsApp News
VJ Kumr 2020-01-19 19:56:25
വൻശക്തികൾക്കൊപ്പം ഇന്ത്യയും ; ശത്രുക്കളെ വിറപ്പിക്കാൻ ഇന്ത്യയുടെ ആണവ ബാലിസ്റ്റിക് മിസൈൽ, കടലിലെ പരീക്ഷണം വിജയം. കെ - 4 മിസൈൽ ഇന്നലെ 1500 കിലോമീറ്റർ പരിധിയിലാണ് പരീക്ഷിച്ചത്. Read more: https://keralakaumudi.com/news/news. php?id=228344&u=national
VJ Kumr 2020-01-20 10:48:48
(1) 1000 കോടിയിലേറെ രൂപയുടെ അഴിമതി; റോബര്‍ട്ട്‌ വാദ്രയുമായി ബന്ധം; പ്രവാസി വ്യവസായി സി സി തമ്‌ബി ഡെല്‍ഹിയില്‍ അറസ്റ്റില്‍ Read more: https://www.emalayalee.com/varthaFull.php?newsId=203176 (2) രാജ്യത്തെ 63 ശതകോടീശ്വരരുടെ സമ്പത്ത്‌ കേന്ദ്ര ബജറ്റിനേക്കാള്‍ കൂടുതല്‍; ഓക്‌സ്‌ഫാം ഇന്ത്യ സി.ഇ.ഒ Read more: https://www.emalayalee.com/varthaFull.php?newsId=203173
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക