Image

ട്രംപിനെതിരേയുള്ള ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് സെനറ്റില്‍ തുടക്കം

Published on 16 January, 2020
ട്രംപിനെതിരേയുള്ള ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് സെനറ്റില്‍ തുടക്കം
വാഷിങ്ടന്‍ : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള ഔപചാരിക നടപടികള്‍ക്കു സെനറ്റില്‍ തുടക്കമായി. ‘വിചാരണക്കോടതി’യായി മാറിയ സെനറ്റിന്റെ അധ്യക്ഷനായി യുഎസ് ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സ് സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് 100 സെനറ്റര്‍മാര്‍ക്കും അദ്ദേഹം സത്യവാചകം ചൊല്ലിക്കൊടുത്തു. നടപടികളുടെ ഭാഗമായി വിചാരണ തുടങ്ങുന്ന കാര്യം വൈറ്റ് ഹൗസിനെ ഔദ്യോഗികമായി അറിയിച്ചു. കുറ്റാരോപണങ്ങള്‍ സംബന്ധിച്ച് നേരിട്ട് വിശദീകരണം നല്‍കാനും അഭിഭാഷകനെ നിയോഗിക്കാനും ട്രംപിനോട് സെനറ്റ് നിര്‍ദേശിച്ചു. പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി വിചാരണ നടപടികളിലേക്ക് 21ന് കടക്കും.

ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭ 2 കുറ്റങ്ങളാണ് ട്രംപിനു മേല്‍ ചാര്‍ത്തിയിട്ടുള്ളത്. ഇതു സംബന്ധിച്ച ഫയല്‍ സ്പീക്കര്‍ നാന്‍സി പെലോസി ഒപ്പിട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റിന് കഴിഞ്ഞ ദിവസം കൈമാറി. ഡെമോക്രാറ്റിക് പാര്‍ട്ടിക്കു വേണ്ടി സെനറ്റില്‍ വാദിക്കുന്നതിനായി നിയോഗിച്ചിട്ടുള്ളത് ആഡം ഷിഫിന്റെ നേതൃത്വത്തിലുള്ള 7 അംഗ പ്രോസിക്യൂഷന്‍ സംഘത്തെയാണ്.

ട്രംപിന്റെ എതിര്‍സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ള മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനെ തേജോവധം ചെയ്യുകയെന്ന ലക്ഷ്യത്തോടെ യുക്രെയ്ന്‍ പ്രസിഡന്റിനെ സ്വാധീനിച്ചെന്നാണ് ആരോപണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക