Image

താന്‍ പത്തു വര്‍ഷം പുറത്തുനില്‍ക്കാന്‍ കാരണം ദിലീപെന്ന് വിനയന്‍

Published on 16 January, 2020
താന്‍ പത്തു വര്‍ഷം പുറത്തുനില്‍ക്കാന്‍ കാരണം ദിലീപെന്ന് വിനയന്‍
കോഴിക്കോട്: മലയാള സിനിമയില്‍ നിന്നു 10 വര്‍ഷം താന്‍ പുറത്തുനില്‍ക്കാന്‍ കാരണക്കാരന്‍ നടന്‍ ദിലീപാണെന്ന് സംവിധായകന്‍ വിനയന്‍. താന്‍ മാക്ടയുടെ നേതൃത്വത്തിലുണ്ടായിരുന്ന കാലത്ത് 40 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയിട്ട് ഒരു സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ തയാറാകാതിരുന്നപ്പോള്‍ അതു ശരിയല്ലെന്നു കര്‍ശനമായി പറഞ്ഞപ്പോള്‍, മലയാള സിനിമ വ്യവസായത്തില്‍ നിന്നു തന്നെ പുറത്താക്കുമെന്നായിരുന്നു നടന്‍ ദിലീപ് പറഞ്ഞത്. അതിന്റെ തുടര്‍ച്ചയായിരുന്നു തനിക്കെതിരെയുള്ള വിലക്ക്.

പ്രേംനസീര്‍ സാംസ്കാരിക സമിതിയും കണ്ണൂരിലെ എയറോസിസ് കോളജും ചേര്‍ന്നു ഏര്‍പ്പെടുത്തിയ പ്രേംനസീര്‍ ചലച്ചിത്ര രത്‌നം അവാര്‍ഡ് ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു വിനയന്‍. 10 വര്‍ഷത്തെ നിയമ പോരാട്ടത്തിനു ശേഷം അനുകൂല വിധി സമ്പാദിച്ചതിനു ശേഷമാണ് ചലച്ചിത്ര സംഘടനകളുടെ വിലക്ക് മറികടന്നു വീണ്ടും സിനിമ ചെയ്തത്. അപ്പോഴേക്കും 10 വര്‍ഷങ്ങളാണ് നഷ്ടപ്പെട്ടത്. ഒരു കാലത്തും അവാര്‍ഡുകള്‍ക്ക് തന്നെ പരിഗണിക്കാറില്ല. സത്യം വിളിച്ചു പറയുന്നവനെ എന്തിനു അവാര്‍ഡിനു പരിഗണിക്കണമെന്നാണ് അവര്‍ ചിന്തിക്കുക.

അന്നന്നു കാണുന്നവരെ അപ്പാ എന്നു വിളിക്കുന്നവരുടെ മേഖലയാണ് സിനിമ. ഊമപ്പെണ്ണിനു ഉരിയാട പയ്യന്‍ എന്ന സിനിമ ചെയ്യുന്ന കാലത്ത് നടന്‍ ജയസൂര്യയുടെ ചിത്രം നല്‍കാന്‍ പോലും ചലച്ചിത്ര വാരികയെ വിലക്കിയവരാണ് സിനിമ രംഗത്തുള്ളവര്‍. പുതിയവര്‍ വന്നാല്‍ തങ്ങളുടെ അവസരം നഷ്ടപ്പെടുമോയെന്നു ഭയന്ന ചിലരായിരുന്നു ഇതിനു പിന്നില്‍.

മനുഷ്യസ്‌നേഹത്തിന്റെയും വിനയത്തിന്റെയും കാര്യത്തില്‍ നസീറിനു പിന്നില്‍ നടക്കാന്‍ പോലും യോഗ്യതയുള്ള ഒരാളും ഇന്ന് മലയാള സിനിമയിലില്ലെന്നും വിനയന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക