Image

സെന്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തിന് എത്തിയത് ഗുണ്ടകളുമായി; മാപ്പ് പറയണമെന്ന് കെ.യു.ഡബ്ല്യു.ജെ

Published on 16 January, 2020
സെന്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തിന് എത്തിയത് ഗുണ്ടകളുമായി; മാപ്പ് പറയണമെന്ന് കെ.യു.ഡബ്ല്യു.ജെ

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനോട് അപമര്യാദയായി പെരുമാറിയ ടി.പി സെന്‍കുമാറിനെതിരെ കെ.യു.ഡബ്ല്യു.ജെ. മാധ്യമ പ്രവര്‍ത്തകന്‍ കടവില്‍ റഷീദിനോട് മോശമായി പെരുമാറിയ സെന്‍കുമാര്‍ മാപ്പ് പറയണമെന്ന് കെ.യു.ഡബ്ല്യു.ജെ തിരുവനന്തപുരം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഗുണ്ടകളുമായാണ് സെന്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തിന് എത്തിയതെന്നും കെ.യു.ഡബ്ല്യു.ജെ വ്യക്തമാക്കി.

സെന്‍കുമാറിന് ഒപ്പമെത്തിയ ഗുണ്ടകള്‍ റഷീദിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇവര്‍ക്കെതിരെ പോലീസ് കേസെടുക്കണമെന്ന് മാധ്യമപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകരുടെ സഹിഷ്ണുത കൊണ്ട് മാത്രമാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരുന്നത്. വാര്‍ത്താ സമ്മേളനം നടത്തുന്നവരും മാധ്യമ പ്രവര്‍ത്തകരും ഒഴികെ ആരും വാര്‍ത്താ സമ്മേളന ഹാളില്‍ പ്രവേശിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു

അനാരോഗ്യം മറന്ന് മാധ്യമപ്രവര്‍ത്തനം നടത്തുന്ന ആളാണ് റഷീദ്. അദ്ദേഹത്തിന് എല്ലാ ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നു. സെന്‍കുമാറിന്റെ നിലവിട്ട പെരുമാറ്റം ഇനി മേലില്‍ മാധ്യമപ്രവര്‍ത്തകരോട് വേണ്ട. ഈ സംഭവത്തെ ഒരിക്കല്‍ കൂടി അപലപിക്കുകയാണെന്നും യൂണിയന്‍ വ്യക്തമാക്കി. 

എസ്.എന്‍.ഡി.പി യൂണിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അഴിമതി ആരോപണം ഉന്നയിക്കാനാണ് സെന്‍കുമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. ഇതിനിടെ രമേശ് ചെന്നിത്തലയുടെ പ്രതികരണത്തെക്കുറിച്ച് ചോദിച്ചതാണ് സെന്‍കുമാറിനെ പ്രകോപിപ്പിച്ചത്. വെള്ളാപ്പള്ളിക്കെതിരെ ആരോപിക്കപ്പെടുന്ന അഴിമതിയില്‍ ഡി.ജി.പി ആയിരിക്കെ സെന്‍കുമാര്‍ എന്ത് ചെയ്തുവെന്ന ചോദ്യവും പ്രകോപിപ്പിച്ചു. ഇതോടെ ചോദ്യം ചോദിച്ചയാള്‍ മാധ്യമപ്രവര്‍ത്തകനാണോ എന്നുംഅല്ലെങ്കില്‍ പുറത്തു പോകണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടു. റഷീദ് മദ്യപിച്ചിട്ടുംണ്ടായെന്ന് ചോദിച്ചും സെന്‍കുമാര്‍ ആക്ഷേപിച്ചു







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക