Image

റോമിലാണ് വിശ്രമ ജീവിതമെങ്കിലും മനസ് ജര്‍മനിയില്‍ തന്നെ :ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ

Published on 16 January, 2020
റോമിലാണ് വിശ്രമ ജീവിതമെങ്കിലും മനസ് ജര്‍മനിയില്‍ തന്നെ :ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ
ബര്‍ലിന്‍ : വത്തിക്കാനോടു ചേര്‍ന്നുള്ള ഒരു ആശ്രമത്തില്‍ വിശ്രമ ജീവിതം നയിക്കുന്ന പോപ്പ് എമിരറ്റസ് ബനഡിക്റ്റ് പതിനാറാമന്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങളില്ലാതെ സുഖമായി കഴിയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം മുന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ച ജര്‍മന്‍ മാധ്യമ പ്രവര്‍ത്തകരാണ് ഈ വിവരം പുറത്തു വിട്ടത്.

ജര്‍മന്‍കാരനും തൊണ്ണൂറ്റിരണ്ടുകാരനുമായ ബനഡിക്റ്റ് പതിനാറാമന്‍ ആരോഗ്യ പ്രശ്‌നം പറഞ്ഞ് 2013 ലാണ് സ്ഥാനത്യാഗം ചെയ്തത്.മുന്‍ മാര്‍പാപ്പക്ക് സഹായിയായി ഇന്നും നിഴല്‍ പോലെ ജര്‍മന്‍കാരനായ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഗണ്‍സ്‌വൈന്‍ (63) കൂട്ടിനുണ്ട് ആശ്രമത്തില്‍.

ഇന്നും ഒരു ജര്‍മന്‍കാരനെ പോലെയാണ് മുന്‍ മാര്‍പാപ്പ റോമില്‍ കഴിയുന്നതെന്ന് ജര്‍മന്‍ വാര്‍ത്ത ലേഖകന്‍ കണ്ടെത്തി. ജര്‍മനിയിലെ മുന്‍ മാര്‍പാപ്പയുടെ ജന്മസ്ഥലമായ ബയേണില്‍ നിന്ന് കൊണ്ടുവന്ന അലങ്കാര വസ്തുക്കള്‍ കൊണ്ട് വസതി അലങ്കരിച്ചിരിക്കുന്നു.

രാവിലെ ആറിന് ഉറക്കമുണര്‍ന്നാല്‍ ഏഴരക്ക് ആശ്രമത്തില്‍ പതിവ് തെറ്റിക്കാതെ ദിവ്യബലി അര്‍പ്പിക്കും. ഭക്ഷണം അധികം ഇപ്പോള്‍ വേണ്ട. സന്ദര്‍ശകരെ അധികം സ്വീകരിക്കാറില്ല. വായനയിലും എഴുത്തിലുമായി സമയം കൂടുതല്‍ ചെലവഴിക്കുന്നു. സായംസന്ധ്യകളില്‍ സഹായിയോടൊപ്പം അല്‍പം നടത്തം.

കാലുകള്‍ നടക്കാന്‍ വഴങ്ങുന്നില്ല എന്ന് ജര്‍മന്‍ മാധ്യമ പ്രവര്‍ത്തകരോട് മുന്‍ മാര്‍പാപ്പ പറഞ്ഞു. സന്ധ്യാ പ്രാര്‍ഥനയും അത്താഴവും കഴിഞ്ഞാല്‍ പതിവ് തെറ്റിക്കാതെ രാത്രി ഒന്‍പതിന് ഉറങ്ങാന്‍ പോകും. റോമിലാണ് വിശ്രമ ജീവിതമെങ്കിലും മനസ് എപ്പോഴും ജര്‍മനിയില്‍ തന്നെ. യാത്ര പറഞ്ഞ ജര്‍മന്‍ മാധ്യമ പ്രവര്‍ത്തകരോട് മുന്‍ മാര്‍പാപ്പ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക