Image

ഒറ്റപ്പദവി ഇനി വരുന്നവര്‍ക്ക്; തനിക്കും സുധാകരനും ബാധകമല്ലെന്ന് കൊടിക്കുന്നില്‍

Published on 16 January, 2020
ഒറ്റപ്പദവി ഇനി വരുന്നവര്‍ക്ക്; തനിക്കും സുധാകരനും ബാധകമല്ലെന്ന് കൊടിക്കുന്നില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്ന 'ഒരാള്‍ക്ക് ഒരു പദവി' ചര്‍ച്ചകള്‍ തനിക്കും കെ സുധാകരനും ബാധകമല്ലെന്ന്, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി. ഇനി വരുന്നവര്‍ക്കാണ് ഒറ്റപ്പദവി നിബന്ധന ബാധകമാവുകയെന്ന് കൊടിക്കുന്നില്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.


താനും കെ സുധാകരനുമെല്ലാം ഒരു പാക്കേജിന്റെ ഭാഗമായാണ് കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാര്‍ ആയത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിയമനത്തിന് ഒപ്പമായിരുന്നു തങ്ങളുടെ നിയമനം. ഇപ്പോള്‍ നടക്കുന്ന ഒറ്റപ്പദവി ചര്‍ച്ചകള്‍ തങ്ങള്‍ക്കു ബാധകമല്ല.


കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാര്‍ ആയ തങ്ങള്‍ എംപിമാര്‍ കൂടിയായതിനാല്‍ പദവിയില്‍ തുടരേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചാല്‍ ശരിയാണ്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ വര്‍ക്കിങ് പ്രസിഡന്റുമാരെ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് കൊടിക്കുന്നില്‍ പറഞ്ഞു.


ഒരാള്‍ക്ക് ഒരു പദവി മാനദണ്ഡത്തില്‍ കോണ്‍ഗ്രസിലെ പുനസംഘടനാ ചര്‍ച്ചകള്‍ വഴിമുട്ടിയിരിക്കുകയാണെന്നാണ് സൂചനകള്‍. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇക്കാര്യത്തില്‍ കര്‍ശന നിലപാടു സ്വീകരിക്കുമ്ബോള്‍ എ, ഐ ഗ്രൂപ്പുകള്‍ ഒരുപോലെ എതിര്‍ക്കുകയാണ്. പുനസംഘടനാ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാതെ തന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടിയും കേളത്തിലേക്കു മടങ്ങി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക