Image

കെ.എ.എസ് പരീക്ഷക്കായി സെക്രട്ടേറിയറ്റില്‍ കൂട്ട അവധി: മുഖം കറുപ്പിച്ച്‌ സര്‍ക്കാര്‍, അവധിയെടുത്ത് പരീക്ഷയെഴുതിയാല്‍ അയോഗ്യരാക്കുമെന്ന് മുന്നറിയിപ്പ്

Published on 16 January, 2020
കെ.എ.എസ് പരീക്ഷക്കായി സെക്രട്ടേറിയറ്റില്‍ കൂട്ട അവധി: മുഖം കറുപ്പിച്ച്‌ സര്‍ക്കാര്‍, അവധിയെടുത്ത് പരീക്ഷയെഴുതിയാല്‍ അയോഗ്യരാക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കെ.എ.എസ് പരീക്ഷയെഴുതുന്നതിനായി സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുക്കുന്നതിനെതിരേ സര്‍ക്കാര്‍. പരീക്ഷയ്ക്കായി അവധിയെടുക്കുന്നവരെ അയോഗ്യരാക്കുമെന്ന മുന്നറിയിപ്പുമായി പൊതുഭരണ സെക്രട്ടറി കെ.ആര്‍ ജ്യോതി കുമാര്‍ സര്‍ക്കുലറും ഇറക്കിയിട്ടുണ്ട്. ഇത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയിട്ടുണ്ട്. സെക്രട്ടേറിയറ്റില്‍ മാത്രം അന്‍പത് അസിസ്റ്റന്റുമാരാണ് കെ.എ.എസ് പരീക്ഷ എഴുതാനായി ഇതുവരെ അവധി നല്‍കിയത്.


ജീവനക്കാര്‍ അവധിയെടുത്തത് സെക്രട്ടറിയേറ്റിലെ ദൈനംദിന പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ മാസം 31ന് നിയമസഭ തുടങ്ങാനിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇവരുടെ അഭാവം വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കും. ഇപ്പോള്‍ ലീവിലുള്ളവര്‍ കെ.എ.എസ് പരീക്ഷയെഴുതകയാണെങ്കില്‍ അയോഗ്യരാക്കാന്‍ നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.


സര്‍വിസില്‍ ഇരിക്കെ ജോലിക്ക് വിഘാതം സൃഷ്ടിക്കുന്ന രീതിയില്‍ ലീവെടുത്ത് ജോലിക്ക് ശ്രമിക്കുന്നത് ഈ വിഭാഗം ജീവനക്കാരുടെ സാമൂഹികപ്രതിബദ്ധത ഇല്ലായ്മയെയാണ് ചൂണ്ടിക്കാട്ടുന്നത്. സ്വന്തം ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതുമൂലം പൊതുജനങ്ങള്‍ക്കും വലിയ പ്രയാസമാണുണ്ടാകുന്നത്. ഒഴിവുകളില്‍ പി.എസ്.സിക്ക് പുതിയ ജീവനക്കാരെ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍വാഹമില്ല. പൊതുജനത്തിന് നല്‍കേണ്ട സേവനം സ്വന്തം കരിയറില്‍ മാത്രം മെച്ചപ്പെടുത്തന്ന ഉദ്യോഗസ്ഥരുടെ പ്രവണത നിരുത്സാഹപ്പെടുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക