Image

പൗരത്വ നിയമം; ക്രിസ്‌ത്യാനികള്‍ ഭയപ്പെടേണ്ടന്ന പ്രചാരണമുണ്ട്‌...യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കി പ്രതികരിക്കണം'': മാര്‍ ജോസഫ്‌ പവ്വത്തില്‍

Published on 16 January, 2020
പൗരത്വ നിയമം; ക്രിസ്‌ത്യാനികള്‍ ഭയപ്പെടേണ്ടന്ന പ്രചാരണമുണ്ട്‌...യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കി പ്രതികരിക്കണം'': മാര്‍ ജോസഫ്‌ പവ്വത്തില്‍

പൗരത്വ നിയമ ഭേദഗതിയിലൂടെ മത ന്യൂനപക്ഷങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ്‌ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന്‌ ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. 

ദീപിക ദിനപത്രത്തിലെഴുതിയ `പൗരത്വ നിയമ ഭേദഗതിയും അപകടസൂചനകളും' എന്ന ലേഖനത്തിലാണ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമത്തെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്‌.

 ഇതു കേവലം കുടിയേറ്റക്കാരായ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കു പ്രശ്‌നമാവുന്ന നിയമ ഭേദഗതിയാണെന്നും ക്രിസ്‌ത്യാനികള്‍ പേടിക്കേണ്ടതില്ലെന്നും പ്രചാരണമുണ്ട്‌. 

കുളം വറ്റിക്കുന്നത്‌ പാമ്പുകളെ നശിപ്പിക്കാനാണെന്നും തവളകളും മല്‍സ്യങ്ങളും ഭയപ്പെടേണ്ടെന്നും മറ്റും പ്രചരിപ്പിക്കുമ്പോള്‍ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കി പ്രതികരിക്കാന്‍ നമ്മള്‍ക്കു കഴിയണമെന്നും അദ്ദേഹം ലേഖനത്തില്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.

മുസ്‌ലിം രാജ്യങ്ങളില്‍ മറ്റു മതങ്ങളില്‍ പെട്ടവരെ പീഡിപ്പിക്കുന്നതു ചൂണ്ടിക്കാട്ടിയുള്ള പ്രചാരണവും ശക്തമാണ്‌. മതമൗലികവാദവും ഇതര മതപീഡനങ്ങളും ഏതു രാജ്യത്തായാലും സമൂഹത്തിലായാലും അംഗീകരിക്കാനാവില്ല. എവിടെയാണെങ്കിലും അത്‌ എതിര്‍ക്കപ്പെടുക തന്നെ വേണം. 

വര്‍ഗീയവാദികള്‍ പ്രതിഷേധങ്ങള്‍ തന്നെ അടിച്ചമര്‍ത്താന്‍ ചതുരുപായങ്ങള്‍ പ്രയോഗിക്കുകയാണ്‌. ഭീഷണിപ്പെടുത്തലും ശക്തമാണ്‌. ഭരണഘടനാ മൂല്യങ്ങള്‍ക്കെതിരായ ഇത്തരം നീക്കങ്ങള്‍ എതിര്‍ക്കപ്പെടുക തന്നെ ചെയ്യണം. മുസ്‌ലിം വിശ്വാസികളെ പുറത്താക്കാനാണ്‌ ഈ നിയമം കൊണ്ടുവന്നതെന്നു വിലയിരുത്തപ്പെടുന്നു.

 മതപരമായ വിവേചനം കാട്ടുന്നതാണ്‌ ഈ പൗരത്വ നിയമ ഭേദഗതി എന്നതാണ്‌ എല്ലാ ജനാധിപത്യ വിശ്വാസികളെയും ആകുലപ്പെടുത്തുന്നത്‌. പൗരാവകാശങ്ങള്‍ക്കു മതത്തെ അടിസ്ഥാനമാക്കി ഗ്രേഡ്‌ നിര്‍ണയിക്കുന്നതിലേക്കു പോകുന്ന നിയമനിര്‍മ്മാണമാണു നടന്നിരിക്കുന്നതെന്നു സാമൂഹിക ശാസ്‌ത്രജ്ഞയായ നീരജ ഗോപാല്‍ ജയ നിരീക്ഷിക്കുന്നതും അതുകൊണ്ടു തന്നെ.

 അതായത്‌, നമ്മുടെ ഭരണഘടന ഉറപ്പു തരുന്ന മതനിരപേക്ഷത ഇവിടെ ബലി കഴിക്കപ്പെട്ടിരിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം കാട്ടിയിരിക്കുന്നു. അതു നമ്മുടെ രാഷ്ട്രത്തിന്റെ മഹത്തായ മതേതര സ്വഭാവഘടനയെ തന്നെ തകര്‍ക്കുന്നു. നമ്മുടെ രാജ്യം ഒരു ജനാധിപത്യ രാജ്യത്തില്‍നിന്നു മതാധിപത്യരാജ്യത്തിലേക്ക്‌ പോകുന്നുവെന്നതിന്റെ സൂചനയായിട്ടാണ്‌ ഈ നിയമത്തെ ജനാധിപത്യവിശ്വാസികള്‍ കാണുന്നതും അതിനോടുള്ള പ്രതിഷേധം വ്യക്തമാക്കുന്നതും. തികച്ചും അപകടകരമാണ്‌ ഈ നീക്കം.

 ഇന്ത്യ ജനാധിപത്യത്തില്‍ നിന്നു മതാധിപത്യത്തിലേക്കു ചായുന്നത്‌ കുറച്ചേറെ നാളുകളായി ജനാധിപത്യവിശ്വാസികളെ ആകുലപ്പെടുത്തുന്നുണ്ട്‌. 

മുസ്‌ലിംകള്‍ പാകിസ്ഥാനിലേക്കു പോവണമെന്ന ആക്രോശങ്ങളും ക്രൈസ്‌തവര്‍ യൂറോപ്പിലേക്കു പോവണമെന്ന നിര്‍ദേശവും, ഏത്‌ ഇറച്ചി കഴിക്കണം എന്ന ഭക്ഷണകാര്യത്തില്‍ പോലുള്ള ഇടപെടലുകളും മതന്യൂനപക്ഷങ്ങളുടെ സ്ഥാപനങ്ങളെ പ്രത്യേകിച്ചു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആക്രമിക്കുന്ന പ്രവണതകള്‍ വ്യാപകമായി കൊണ്ടിരിക്കുന്നതും വസ്‌ത്രം നോക്കിയുള്ള വിവേചനവും പ്രചാരണവുമെല്ലാം ഈ മതാധിപത്യത്തിന്റെ സൂചനകളാണ്‌.

ക്രൈസ്‌തവരെ സംബന്ധിച്ചിടത്തോളം നിഷ്‌ഠൂരമായ പീഡനങ്ങള്‍ പലയിടത്തും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്‌. ക്രൂരമായി കൊലചെയ്യപ്പെട്ട ഗ്രഹാം സ്‌റ്റെയിന്‍സിന്റെയും കുഞ്ഞുങ്ങളുടെയും ചിത്രം നമ്മുടെ മുമ്പിലുണ്ട്‌. ഒഡിഷയിലെ കന്ധമാലില്‍ കൊന്നൊടുക്കപ്പെട്ട നൂറോളം ക്രൈസ്‌തവരുടെ ചരിത്രവും മറക്കാന്‍ കഴിയുന്നതല്ല.

 2008 ഓഗസ്റ്റ്‌ മാസം നടന്ന കൂട്ടക്കൊലയ്‌ക്കു പിന്നിലുള്ള ശക്തികള്‍ ആരെന്നു വ്യക്തമാണ്‌. ആയിരത്തോളം പേര്‍ക്ക്‌ അന്ന്‌ മാരകമായി മുറിവേറ്റിരുന്നു. മുന്നൂറു ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ടു. ആറായിരത്തോളം ക്രൈസ്‌തവ ഭവനങ്ങള്‍ തകര്‍ക്കപ്പെടുകയോ അഗ്‌നിക്കിരയാക്കപ്പെടുകയോ ചെയ്‌തു. അരലക്ഷത്തോളം ക്രൈസ്‌തവര്‍ മാസങ്ങളോളം കാട്ടില്‍ കഴിയേണ്ടിവന്നു. അതേക്കുറിച്ചുള്ള അന്വേഷണങ്ങള്‍ ഇഴഞ്ഞു നീങ്ങുകയാണ്‌. 

ഇന്നും അക്രമം നടത്തിയവരെ ഭയന്നാണ്‌ പിന്നോക്കക്കാരായ ക്രൈസ്‌തവര്‍ അവിടെ കഴിയുന്നത്‌. എട്ടു സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തനവിരുദ്ധ നിയമം പാസാക്കി ഭരണഘടനാപരമായ മതപ്രചാരണത്തിനുള്ള അവകാശം പ്രായോഗികമായി നിഷേധിക്കുന്നു. മിഷനറിമാരെ കള്ളക്കേസുകളില്‍ കുടുക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്നു.

ഇന്ത്യയില്‍ ഓരോ 40 മണിക്കൂറിലും ക്രൈസ്‌തവര്‍ക്കെതിരായ അക്രമങ്ങള്‍ അരങ്ങേറുന്നുവെന്നാണ്‌ കണക്കുകള്‍ കാണിക്കുന്നത്‌. കേന്ദ്രത്തില്‍ മതരാഷ്ട്രത്തിന്‌ വേണ്ടി നിലകൊള്ളുന്നവര്‍ അധികാരത്തിലേറിയതിന്‌ ശേഷം ക്രൈസ്‌തവര്‍ക്കെതിരായ അക്രമങ്ങള്‍ 40 ശതമാനം കണ്ട്‌ വര്‍ദ്ധിച്ചുവെന്ന്‌ പഠനങ്ങള്‍ വ്യക്തമാക്കുന്നത്‌. 

2019-ല്‍ മാത്രം 300-ല്‍ കൂടുതല്‍ അക്രമങ്ങള്‍ ക്രൈസ്‌തവര്‍ക്കെതിരായി ഇന്ത്യയില്‍ നടന്നത്‌ യുണൈറ്റഡ്‌ ക്രിസ്‌ത്യന്‍ ഫോറം രേഖപ്പെടുത്തിയിരുന്നു. 

എന്നാല്‍, 40 പൊലീസ്‌ കേസുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്‌തു എന്ന ക്രൂരമായ യാഥാര്‍ത്ഥ്യവും നമ്മുടെ മുമ്പിലുണ്ടെന്നും ലേഖനത്തില്‍ ഓര്‍മ്മിപ്പിക്കുന്നു. മതബദ്ധമായ രാഷ്ട്രം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നവരുടെ അജണ്ടകള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ എല്ലാവര്‍ക്കും കഴിയണം.

രാഷ്ട്രീയപാര്‍ട്ടി എന്നത്‌ അവരുടെ ഏറ്റവും മൃദുവായ മുഖമാണ്‌, അതിന്റെ താഴെയുള്ള ആര്‍എസ്‌എസും ബജ്‌രംഗ്‌ദളും വിഎച്ച്‌പിയും ശ്രീരാമസേനയും ഗോസംരക്ഷണ സേനയും എല്ലാം ചേരുന്ന സംഘപരിവാര്‍ സൃഷ്ടിക്കുന്ന അജണ്ടകള്‍ക്കു വിരുദ്ധമായി പോകാന്‍ പാര്‍ട്ടിക്ക്‌ കഴിയില്ല.

 അതുകൊണ്ടു തന്നെയാണ്‌ `ഓപ്പണ്‍ഡോര്‍' എന്ന സ്വതന്ത്ര സംഘടന ന്യൂനപക്ഷ വിഭാഗങ്ങളുടെ മേലുള്ള കൈയേറ്റം നടക്കുന്ന രാജ്യങ്ങളിലെ കഴിഞ്ഞ കുറച്ചേറെ വര്‍ഷങ്ങളായി സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടും യെമനും ഇറാനും ശേഷം പതിനൊന്നാം സ്ഥാനം ഇന്ത്യക്ക്‌ നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം എഴുതുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക