Image

മാഞ്ചസ്റ്ററിലെ പരിശുദ്ധ യാക്കോബായ സുറിയാനി സഭക്ക് ഇത് അനുഗ്രഹീത മുഹൂര്‍ത്തം

Published on 15 January, 2020
മാഞ്ചസ്റ്ററിലെ പരിശുദ്ധ യാക്കോബായ സുറിയാനി സഭക്ക് ഇത് അനുഗ്രഹീത മുഹൂര്‍ത്തം

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഇടവക സ്വന്തമായി ദേവാലയം വാങ്ങിയതിന്റെ സന്തോഷത്തിലും ആഹ്‌ളാദത്തിലുമാണ്. പരിശുദ്ധ സഭയും ഇടവകയും യു കെയില്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ ദേവാലയം ആണിത്.

2020 ജനുവരി 12 ന് ഇടവക പെരുന്നാളിനോടനുബന്ധിച്ചു വിശുദ്ധ മൂന്നിേന്മേല്‍ കുര്‍ബാനക്ക് യുകെ പാത്രിയാര്‍ക്കല്‍ വികാരി ഡോ. മാത്യൂസ് മോര്‍ അന്തീമോസ് തിരുമേനി മുഖ്യ കാര്‍മികത്വം വഹിച്ചു. ഇടവക വികാരി ഫാ. ഗീവര്‍ഗീസ് തണ്ടായത്ത്, സഹ വികാരി ഫാ. എല്‍ദോസ് വട്ടപ്പറന്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്നു നടന്ന പെരുന്നാള്‍ റാസ, നേര്‍ച്ചസദ്യ, പൊതുസമ്മേളനം എന്നിവ പെരുന്നാള്‍ അനുഗ്രഹകരമാക്കി.

പൊതു സമ്മേളനത്തില്‍ പുതുതായി വാങ്ങിയ പള്ളിയുടെ താക്കോല്‍ ആംഗ്ലിക്കന്‍ സഭയുടെ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് വിവിയന്‍ മാസ്റ്റേഴ്‌സില്‍ നിന്ന് മാത്യൂസ് മോര്‍ അന്തീമോസ് തിരുമേനി ഏറ്റുവാങ്ങി. വികാരി, സഹ വികാരി, വൈസ് പ്രസിഡന്റ് ജേക്കബ് കോശി, ഇടവക സെക്രട്ടറി ബിജോയ് എലിയാസ്, പള്ളി ട്രസ്റ്റി ആഷന്‍ പോള്‍, കൗണ്‍സില്‍ അംഗം സാജു പാപ്പച്ചന്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, ഇടവക അംഗങ്ങള്‍, ആംഗ്ലിക്കന്‍ സഭ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്നു താക്കോല്‍ തിരുമേനി മാനേജിംഗ് കമ്മിറ്റിക്ക് കൈമാറുകയും ചെയ്തു

പുതിയ ദേവാലയം യാക്കോബായ സുറിയാനി സഭയുടെ ആരാധനക്ക് വേണ്ടുന്ന വിധത്തിലേക്ക് മാറ്റങ്ങള്‍ വരുത്തുവാനുള്ള പണികള്‍ക്കു തുടക്കം കുറിക്കുകയും ചെയ്തു. ദൈവം ഒരുക്കിയ ഈ അനുഗ്രഹ നിമിഷം ഇടവക ജനങ്ങളുടെ പ്രാര്‍ഥനയുടെയും കൂട്ടായ പരിശ്രമത്തിന്റെയും ഫലമാണ് എന്നും ഈ ഒത്തൊരുമയില്‍ താന്‍ അഭിമാനം കൊള്ളുന്നു എന്നും ഡോ. മാത്യൂസ് മോര്‍ അന്തീമോസ് പറഞ്ഞു.

പരിശുദ്ധ സഭ ഇന്ന് ഏറ്റവും വേദനയിലൂടെ കടന്നു പോകുന്ന കാലഘട്ടമാണ്. എന്നാല്‍ ദൈവത്താല്‍ അസാധ്യമായിട്ട് ഒന്നും ഇല്ല. ദൈവം തന്പുരാന്‍ നമ്മുടെ മുന്പില്‍ പുതിയ വഴികള്‍ തുറന്നുതരും എല്ലാവരുംമുട്ടിപ്പായി പ്രാര്‍ഥിക്കണം - തിരുമേനി ഉദ്‌ബോധിപ്പിച്ചു.

പുതിയ ദേവാലയത്തിന്റെ പുതുക്കി പണികള്‍ പൂര്‍ത്തിയാകുന്നതോടെ വിപുലമായ ആഘോഷങ്ങളോടെ മൂറോന്‍ കൂദാശ നടത്തപ്പെടും.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക