Image

യുഎഇ വീസ പുതുക്കാന്‍ ഇനി രാജ്യം വിടേണ്ട, പുതിയ സംവിധാനം

Published on 15 January, 2020
യുഎഇ വീസ പുതുക്കാന്‍ ഇനി രാജ്യം വിടേണ്ട, പുതിയ സംവിധാനം
ദുബായ്:  വീസ കാലാവധി കഴിഞ്ഞോയെന്ന് അറിയാതെയുള്ള ആശയക്കുഴപ്പം മാറ്റാന്‍ എളുപ്പവഴി. ഓണ്‍ലൈനില്‍ ഏതാനും നിമിഷംകൊണ്ട് അറിയാനാകും. പാസ്‌പോര്‍ട്ട് കയ്യില്‍ ഇല്ലെങ്കിലും ഇതിനു കഴിയും. പാസ്‌പോര്‍ട്ട് നമ്പരും പാസ്‌പോര്‍ട്ടിന്റെ കാലാവധി തീരുന്ന തീയതിയും മാത്രം അറിഞ്ഞാല്‍ മതി.

എങ്ങനെ പരിശോധിക്കാം

1. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (എഫ്എഐസി) അതോറിറ്റി വെബ്‌സൈറ്റിലാണ് നോക്കേണ്ടത്. സൈറ്റ്: https://smartservices.ica.gov.ae/echannels/web/client/default.html#/fileValidtiy

2. സൈറ്റിലെ പാസ്‌പോര്‍ട്ട് ഇന്‍ഫര്‍മേഷന്‍ സെലക്ട് ചെയ്യുക. താമസ വീസയെക്കുറിച്ചാണ് അറിയേണ്ടതെങ്കില്‍ തൊട്ടു താഴെ റസിഡന്‍സി സെലക്ട് ചെയ്യണം.

3. തുടര്‍ന്ന് യഥാക്രമം പാസ്‌പോര്‍ട്ട് നമ്പര്‍, കാലാവധി തീരുന്ന തീയതി, ഏതു രാജ്യത്തെ പൗരത്വം എന്നിവ രേഖപ്പെടുത്തണം. ഞാന്‍ റോബട്ട് അല്ല (അയാം നോട്ട് എ റോബട്ട്) എന്നതിലും ക്ലിക് ചെയ്യണം.

4. ഇത്രയും പൂര്‍ത്തിയാക്കി 'സെര്‍ച്ചില്‍' ക്ലിക് ചെയ്താല്‍ വീസ വിശദാശംങ്ങള്‍ ലഭ്യമാകും.

വീസ പുതുക്കാന്‍ രാജ്യം വിടേണ്ട

യുഎഇയില്‍ എത്തുന്ന വിനോദ സഞ്ചാരികളും മറ്റു സന്ദര്‍ശകരും വീസ പുതുക്കാന്‍ രാജ്യം വിടേണ്ടതില്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്.

എന്നാല്‍ 6 മാസത്തില്‍ കൂടുതല്‍ രാജ്യത്തു തങ്ങാന്‍ അനുവദിക്കില്ല. സ്മാര്‍ട് സംവിധാനങ്ങള്‍ വഴി വീസ പുതുക്കാം. ഇതിനായി ഉപഭോക്തൃ സേവന കാര്യാലയങ്ങളില്‍ നേരിട്ട് അപേക്ഷ നല്‍കേണ്ടതില്ലെന്നും വ്യക്തമാക്കി.

താമസ വീസ എങ്ങനെ പുതുക്കാം

1. യുഎഇയില്‍ 2 വര്‍ഷത്തേക്കാണ് താമസ വീസ. ഫ്രീസോണുകളില്‍ 3 വര്‍ഷവും. വീസയോടൊപ്പം എമിറേറ്റ്‌സ് ഐഡിയും പുതുക്കണം.

അവധിയാത്രയും മറ്റും കണക്കിലെടുത്ത് കാലാവധി തീരുന്നതിന് 6 മാസം മുന്‍പുവരെ വീസ പുതുക്കാന്‍ സൗകര്യമുണ്ട്. ഇതിന് എമിഗ്രേഷന്‍ ഓഫിസിലെത്തി അപേക്ഷ നല്‍കണം. വീസ തീരുന്ന സമയത്തും പുതുക്കാന്‍ അപേക്ഷിക്കാം.

2. മെഡിക്കല്‍ പരിശോധനയാണ് ആദ്യം പൂര്‍ത്തിയാക്കേണ്ടത്. ഇതിനൊപ്പം എമിറേറ്റ്ഡ് ഐഡിക്കും തുടര്‍ന്ന് വീസ സ്റ്റാംപിങ്ങിനും അപേക്ഷിക്കാം. അബുദാബിയിലും ദുബായിലും വീസ സ്റ്റാംപ് ചെയ്യും മുന്‍പ് ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം.

ദുബായില്‍ ആരോഗ്യ പരിശോധനയ്ക്ക് ദുബായ് ഹെല്‍ത്ത് അതോറിറ്റി മെഡിക്കല്‍ ഫിറ്റ്‌നസ് സെന്ററുകളിലാണ് ചെല്ലേണ്ടത്. ഫീസ് 320 ദിര്‍ഹം. അബുദാബിയിലാണെങ്കില്‍ അബുദാബി മെഡിക്കല്‍ ഫിറ്റ്‌നസ് സെന്ററുകളില്‍. ഫീസ് 250 ദിര്‍ഹം. മറ്റ് എമിറേറ്റുകളില്‍ മിനിസ്ട്രി ഓഫ് ഹെല്‍ത്ത് ആന്‍ഡ് പ്രിവന്‍ഷന്‍ സെന്ററുകളില്‍. ഫീസ് 110 ദിര്‍ഹം.

3. എമിറേറ്റ്‌സ് ഐഡി പുതുക്കാനുള്ള അപേക്ഷാ നടപടിക്രമങ്ങള്‍ അംഗീകൃത ടൈപ്പിങ് സെന്ററിലാണ് പൂര്‍ത്തിയാക്കേണ്ടത്. എഫ്എഐസി വെബ്‌സൈറ്റ് വഴിയും അപേക്ഷിക്കാം. 2 വര്‍ഷത്തേക്ക് 270 ദിര്‍ഹവും 3 വര്‍ഷത്തേക്ക് 370 ദിര്‍ഹവുമാണ് ഫീസ്.

4. വീസ പുതുക്കണമെങ്കില്‍ തൊഴിലുടമയുടെ വീസയും മറ്റു വിശദാംശങ്ങളും അനിവാര്യമാണ്. തൊഴിലുടമയുടെ പാസ്‌പോര്‍ട്ട്, ഫോട്ടോ എന്നിവയും വേണം. സ്വകാര്യ കമ്പനിയാണെങ്കില്‍ ഫേം കാര്‍ഡ്, ട്രേഡ് ലൈസന്‍സ് , ലേബര്‍ കാര്‍ഡ് എന്നിവയുെട പകര്‍പ്പും ആവശ്യമാണ്. അപേക്ഷകന് 60 വയസ്സില്‍ കൂടുതലുണ്ടെങ്കില്‍ ലേബര്‍ കാര്‍ഡ് പുതുക്കാന്‍ അപേക്ഷിച്ചതിന്റെ രസീതിന്റെ പകര്‍പ്പ് വേണം.

കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യാന്‍

കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യണമെങ്കില്‍ തൊഴില്‍ കരാറിന്റെ പകര്‍പ്പ് സഹിതമാണ് അപേക്ഷിക്കേണ്ടത്. നിക്ഷേപകരാണെങ്കില്‍ കമ്പനി കോണ്‍ട്രാക്ടിന്റെ പകര്‍പ്പാണു വേണ്ടത്.

ജീവനക്കാരന് എത്ര ശമ്പളമുണ്ടെന്നു വ്യക്തമാക്കുന്ന തൊഴിലുടമയുടെ സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, ടെനന്‍സി കോണ്‍ട്രാക്ട്, വൈദ്യുതിജല ബില്‍ എന്നിവയും വേണം.

ദുബായില്‍ 2 വര്‍ഷ വീസയ്ക്ക് 460 ദിര്‍ഹവും അബുദാബിയില്‍ 360 ദിര്‍ഹവുമാണ് ഫീസ്. ടൈപ്പിങ് ചാര്‍ജ് വെറെയും. വീസ സ്റ്റാംപ് ചെയ്തു തപാലില്‍ കിട്ടാന്‍ 35 ദിര്‍ഹം ഫീസും നല്‍കണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക