ന്യൂഡല്‍ഹി : എഎപി നേതാവും ദില്ലി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയക്കെതിരെ ആരോപണവുമായി ആം ആദ്മി പാര്‍ട്ടി നേതാവ് .
ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി തന്നോട് 10 കോടി മനീഷ് സിസോദിയ ആവശ്യപ്പെട്ടെന്ന് നാരായണ്‍ ദത്ത് ശര്‍മ ന്യൂസ് ഏജന്‍സിയായ എഎന്‍ഐയോട് വെളിപ്പെടുത്തി.
ബദര്‍പുര്‍ മണ്ഡലത്തില്‍ സീറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സിസോദിയ തന്നെ വിളിച്ചെന്നും രാം സിംഗ് എന്ന നേതാവ് 20 കോടി രൂപ നല്‍കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും നിങ്ങള്‍ എത്ര തരുമെന്നുമായിരുന്നു ചോദ്യം. എത്രയാണ് വേണ്ടതെന്ന് ചോദിച്ചപ്പോള്‍ 10 കോടി വേണമെന്ന് പറയുകയും ചെയ്തതായി അദ്ദേഹം പറയുന്നു.
എന്നാല്‍ തന്റെ കൈയില്‍ പണമുണ്ടായിരുന്നില്ലെന്നും നാരായണ്‍ ദത്ത് പറഞ്ഞു. പണം വാങ്ങിയാണ് എഎപി സീറ്റ് വിതരണം ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചെന്നും ബദര്‍പൂര്‍ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും ആപ് സര്‍ക്കാറിന്റെ അഴിമതി പുറത്തുകൊണ്ടുവരുമെന്നും നാരായണ്‍ ദത്ത് പറഞ്ഞു.