Image

കേരള ക്രിസ്ത്യന്‍ സെമിത്തേരി ഓര്‍ഡിനന്‍സ് ഗുണ-ദോഷ വശങ്ങള്‍

ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം Published on 14 January, 2020
കേരള ക്രിസ്ത്യന്‍ സെമിത്തേരി ഓര്‍ഡിനന്‍സ് ഗുണ-ദോഷ വശങ്ങള്‍
മൃതദേഹത്തോട് യാതൊരുവിധത്തിലുള്ള അവഗണനയും പാടില്ല എന്നും, ആരെങ്കിലും മൃതശരീരത്തോടു ഏതെങ്കിലും തരത്തിലുള്ള അവമതിപ്പ് ഉണ്ടാക്കുന്ന രീതിയില്‍ പെരുമാറിയാല്‍ അത് ക്രിമിനല്‍ കുറ്റമാണെന്നും ഉത്തമബോധ്യമുള്ള നാടാണ് കേരളം. അടുത്തകാലത്തായി ശവസംസക്കാരശുശ്രൂഷകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ടു ചില പരാതികളും, അനിഷ്ടസംഭവങ്ങളും ഉയര്‍ന്നുവരുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ് അത് ദുഃഖകരവുമാണ്. ഈ ഭൂമിയില്‍ പിറന്നുവീഴുന്ന ഓരോ മനുഷ്യനും അവരുടെ
നിയതമായ അവകാശങ്ങള്‍ ഹനിക്കപ്പെടാതിരിക്കുവാന്‍ ഓര്‍ഡിനന്‍സ് നിര്‍മ്മിക്കുന്നതിലേക്ക് സാഹചര്യങ്ങള്‍ കൊണ്ടെത്തിച്ചു. മൃതദേഹം സംസ്‌ക്കരിക്കുന്നതും, മരണാനന്തരചടങ്ങുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട തടസങ്ങള്‍ ഒഴിവാക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിലുള്ള ഒരു ഓര്‍ഡിനന്‍സ് കേരള സര്‍ക്കാര്‍ കൊണ്ടുവന്നത് എന്നാണ് അവകാശപ്പെടുന്നത്.

ഈ ഓര്‍ഡിനന്‍സ് മൂലം ഉണ്ടായിട്ടുള്ള ഗുണ-ദോഷ വശങ്ങള്‍ എന്തൊക്കെയാണ്

ഈ ഓര്‍ഡിനന്‍സ് പ്രകാരം

2. a)'സെമിത്തേരി'' എന്നതുകൊണ്ട് ഉദ്ദേശിച്ചരിക്കുന്നത് മൃതസംസ്‌ക്കാരത്തിനായി വേര്‍തിരിക്കപ്പെട്ടിരിക്കുന്ന സ്ഥലം എന്നാണ്. അതുകൊണ്ട് മൃതസംസ്‌ക്കാരകര്‍മ്മങ്ങള്‍ക്കായി ഉപയോഗിക്കുന്ന എല്ലാ സ്ഥലങ്ങളും ''സെമിത്തേരി'' എന്ന പദത്തിന്റെ പരിധിയില്‍ വരും. അത് കോണ്‍ക്രീറ്റ് വാള്‍ട്ടിലൂടെയുള്ള സംസ്‌ക്കാരമാണെങ്കിലും, ചാരമായി മാറുന്ന തരത്തിലാണെങ്കിലും, മൃതശരീരം കുഴിച്ചിടുന്ന തരത്തിലാണെങ്കിലും ''സെമിത്തേരി'' എന്ന നിര്‍വ്വചനത്തിന്റെ പരിധിയില്‍ വരും.

b)'ക്രിസ്ത്യന്‍'' എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത് യേശു ക്രിസ്തുവിനെ ദൈവപുത്രനായി അംഗീകരിക്കുന്നതവരും, മാമോദീസ സ്വീകരിച്ചവരും, ബൈബിളില്‍ വിശ്വസിക്കുന്നവരുമാണ്.

c) 'ഇടവക'' എന്ന പദം അര്‍ത്ഥമാക്കുന്നത് ആരാധനക്കുവേണ്ടി കുടുംബങ്ങള്‍ ഒരു പള്ളിയുടെ പേരിലോ, പ്രാര്‍ത്ഥനാലയത്തിന്റെ പേരിലോ ഒരുമിച്ചു കൂടുന്ന സ്ഥലം എന്നതാണ്.

3. (1)മാന്യമായി ശവസംസ്‌കാരം നടത്തുവാനുള്ള അവകാശം ഇതിലൂടെ ലഭ്യമാക്കുന്നു. ഒരു ഇടവകയില്‍ ഉള്‍പ്പെട്ടിട്ടുളള കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും തങ്ങളുടെ പൂര്‍വ്വികരെ മറവുചെയ്തിരിക്കുന്ന സിമിത്തേരികളില്‍ തങ്ങളുടെയും ശരീരം മറവുചെയ്യുന്നതിനള്ള അവകാശം ലഭ്യമാകും.

Explanation
'കുടുംബാംഗം'' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സിമിത്തേരിയില്‍ മറവുചെയ്തിട്ടുള്ള വ്യക്തിയുടെ വംശപരമ്പരയില്‍പെട്ട ആളുകള്‍ എല്ലാവരും ഉള്‍പ്പെടുന്ന രീതിയിലാണ്. (Descendants of all persons who have been buried in that cemetery. ഇപ്പോള്‍ സെമിത്തേരിയില്‍ ശവസംസ്‌കാരം നടത്തിയിട്ടുള്ളവരുടെയും ഇനി നടത്തുവാന്‍ പോകുന്നവരുടെയും പിന്തലമുറക്കാര്‍ എല്ലാവര്‍ക്കും അവകാശമുണ്ടാകും. ചുരുക്കത്തില്‍ എല്ലാ സെമിത്തേരികളും പൊതു ശ്മശാനങ്ങള്‍ ആയി മാറും

ഇതുമൂലം ജാതി-മത ഭേദമെന്യേ ആര്‍ക്കും തങ്ങളുടെ പൂര്‍വ്വികര്‍ മറവുചെയ്യപ്പെട്ടിട്ടുള്ള സെമിത്തേരിയില്‍ ഇത്തരത്തില്‍ പിന്‍തലമുറക്കാര്‍ക്ക് അവകാശം ഉന്നയിക്കാവുന്നതാണ്.

(2)മരണപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് ദേവാലയത്തിലോ, സിമിത്തേരിയിലോ, മരണാന്തര ചടങ്ങുകള്‍ വേണ്ടെന്നു വെയ്ക്കാവുന്നതും മറ്റു ഏതെങ്കിലും സ്ഥലങ്ങളില്‍, അവരവരുടെ താല്പര്യാനുസരണമുള്ള പുരോഹിതന്റെ നേതൃത്വത്തില്‍ സംസ്‌ക്കാരകര്‍മ്മങ്ങള്‍ നടത്താവുന്നതും ആണ്.

ഈ നിയമപ്രകാരം മൃതശരീരം മറവുചെയ്യാന്‍ അവകാശമുള്ള സാഹചര്യത്തെ ആരെങ്കിലും തടയുകയോ, തടയുവാന്‍ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നത് ഒരു വര്‍ഷം വരെ തടവോ, 10000/-രൂപപിഴയോ ചുമത്തപ്പെടുന്ന ക്രിമിനല്‍ കുറ്റമാണ്. മാത്രമല്ല, പോലീസിന് നേരിട്ട് അറസ്റ്റ് ചെയ്യാവുന്നതരത്തിലുള്ളതും, എന്നാല്‍, ജാമ്യം കിട്ടാവുന്നതും, ഒത്തുതീര്‍പ്പാകാവുന്നതുമായ കുറ്റം കൂടിയായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.

ഈ ഓര്‍ഡിനന്‍സിന്റെ 6 -വകുപ്പ് പ്രകാരം മൃതശരീരം മറവു ചെയ്യുന്നതുമായി ബന്ധപ്പെട്ട് ശവസംസ്‌കാര രജിസ്റ്റര്‍ ഇടവക വികാരി സൂക്ഷിക്കേണ്ടാണ്. ദേവാലയത്തിലെ ഒരു സ്ഥിരം രേഖയായി ഈ രജിസ്റ്റര്‍ സൂക്ഷിക്കുകയും, നിയമാനുസൃതം അപേക്ഷിക്കുന്ന ആളുകള്‍ക്ക് അതിന്റെ പകര്‍പ്പ് നിശ്ചിത ഫീസ് ഈടാക്കി കൊടുക്കുകയും ചെയ്യണം.

''വികാരി'' എന്നാല്‍ ''പുരോഹിതന്‍/ പാസ്റ്റര്‍/ ശവസംസ്‌കാര ശുശ്രൂഷ നടത്തുന്ന ആള്‍ എന്ന് അര്‍ഥം

1. മൃതുദേഹം വച്ചുകൊണ്ടുള്ള വിലപേശലിന് ഇനി അവസരം ഇല്ലാതാകും.
2. ഇടവക അംഗത്തിന്റെയും അയാളുടെ പിന്തലമുറക്കാരുടെയും അവകാശം സംരക്ഷിക്കപ്പെടും.
3. സഭ മാറിപോയാലും മാതൃദേവാലയത്തില്‍ സംസ്‌കാരം നടത്തുവാനുള്ള അവകാശം ലഭ്യമാകും.
4. മതമോ/സഭയോ/ഇടവകയോ മാറിയാലും തങ്ങളുടെ പൂര്‍വീകര്‍ കബറടങ്ങിയിരിക്കുന്ന സെമിത്തേരിയില്‍ മൃതുദേഹങ്ങള്‍ സംസ്‌കരിക്കാം.
5. സെമിത്തേരികള്‍ ഇടവക അംഗങ്ങള്‍ക്ക് വേണ്ടിമാത്രമാണ് എന്ന ധാരണക്ക് മാറ്റമുണ്ടാകും.
6. വിവാഹത്തിലൂടെ മറ്റു സഭകളിലേക്കും മതങ്ങളിലേക്കും മാറിപോയവര്‍ക്ക് ആവശ്യമെങ്കില്‍ തങ്ങളുടെ പൂര്‍വികരുടെ സെമിത്തേരിയില്‍ കബറടങ്ങുവാനുള്ള അവകാശം ഉണ്ടാകും.
7. മിശ്രവിവാഹം കഴിച്ചു മാറിപോയവര്‍ക്കും തങ്ങളുടെ പൂര്‍വികരുടെ സെമിത്തേരിയില്‍ കബറടങ്ങുവാനുള്ള അവകാശം ഉണ്ടാകും.
8. ഇടവകയുടെ സെമിത്തേരി എന്നത് പൊതുസെമിത്തേരിയായി മാറും (ഇപ്പോള്‍ അമേരിക്ക തുടങ്ങി വിദേശരാജ്യങ്ങളില്‍ പൊതുസെമിത്തേരികളാണ് ഉള്ളത്.
9. ''ഫ്യൂണറല്‍ ഹോം'' എന്ന സംവിധാനത്തിലേക്ക് ഭാവിയില്‍ മാറാം. വിദേശരാജ്യങ്ങളില്‍ ഒരാള്‍ മരിച്ചുകഴിഞ്ഞാല്‍ പിന്നീടുള്ള എല്ലാ കാര്യങ്ങളും നിര്‍വഹിക്കുന്നത് ഫ്യൂണറല്‍ ഹോം ആണ്.
10. മരണാനന്തര ചടങ്ങുകള്‍ അതാതു മതവിശ്വാസമനുസരിച്ചു നടത്താം.
കേരള ക്രിസ്ത്യന്‍ സെമിത്തേരി ഓര്‍ഡിനന്‍സ് ഗുണ-ദോഷ വശങ്ങള്‍കേരള ക്രിസ്ത്യന്‍ സെമിത്തേരി ഓര്‍ഡിനന്‍സ് ഗുണ-ദോഷ വശങ്ങള്‍
Join WhatsApp News
Vayanakkaran 2020-01-15 01:01:07
ഇത് ഓർത്തഡോക്സുകാരെ മുട്ടുമടക്കിക്കാൻ പാത്രിയർക്കീസ് വിഭാഗം കളിച്ച കളിയല്ലേ ഈ മൃതദേഹം വച്ചുള്ള കലാപരിപാടി! സഭാവഴക്കിൽ എല്ലാരും ഓർത്തഡോക്സുകാർക്കിട്ടു പണികൊടുക്കാൻ അഹമഹമിയ മറുവിഭാഗത്തിനെ പിന്തുണക്കുകയായിരുന്നല്ലോ. അങ്ങനെയാണ് ഓർഡിനൻസ് ഉണ്ടായിക്കിയത്. ഇപ്പോൾ എല്ലാര്ക്കും എട്ടിന്റെ പണി കിട്ടി! നന്നായിരിക്കുന്നു. എല്ലാ മതവിഭാഗങ്ങളെയും നിരോധിക്കാമെങ്കിൽ അത്രയും നല്ലത്. നാട് നന്നാകും!
ഈനാം പീച്ചിക്കു മരപ്പട്ടി കൂട്ട് 2020-01-15 14:53:57
ഓർത്തഡോക്സ്കാരെ പൂട്ടാൻ  അനേക വർഷങ്ങൾ ആയി പാട്രിയാർക് പല കുതന്ത്രങ്ങൾ കാണിച്ചു. പലതും അവർക്കു തന്നെ തിരിച്ചടി കിട്ടി.  
മറ്റു സഭക്കാരെ ചാക്കിട്ടു പിടിക്കാൻ  എക്കുമെനിസം എന്ന തട്ടിപ്പും വളരെകാലമായി നടക്കുന്നു. ഒരുത്തനു തന്നെ മേജർ ആർച്ചു ബിഷപ്പ്, കർദിനാൾ, കാതോലിക്കാ എന്നിങ്ങനെ പേരുകൾ,  ഭൂമി തട്ടിപ്പിൽ പ്രതിയും അങ്ങനെ സ്വന്തം കണ്ണിൽ വലിയ കൊള്ളി ഇരിക്കെ  പാട്ര്യാർക് വിഭാഗവുമായി ഗൂഢാലോചന നടത്തി  ചർച് ആക്റ്റ്  നടപ്പിലാക്കിയാൽ ഓർത്തഡോക്സ് കാരെ പൂട്ടാം എന്നിവർ വ്യാമോഹിച്ചു. ഇപ്പോൾ ഇവർക്ക് എല്ലാം തിരിച്ചടി. ചർച് ആക്റ്റിൽ പറയുന്നവ അനുസരിച്ചു ആണ്  ഓർത്തഡോക്സ് സഭ അനേകം വർഷങ്ങൾ ആയി  ഭരണം നടത്തുന്നത്.  അതിനാൽ ഓർത്തഡോക്സ് സഭക്ക് ഒരു കുഴപ്പവും ഉണ്ടാകില്ല. 
 നിങ്ങൾ വിതച്ചത് നിങ്ങൾ കൊയ്യുക.  നിങ്ങൾ കുഴിച്ച കുഴികളിൽ നിങ്ങൾ തന്നെ വീഴട്ടെ! 
Joseph 2020-01-15 17:39:48
ഫാദർ ജോൺസൺ പുഞ്ചക്കോണത്തിന്റെ ലേഖനം, സെമിത്തേരി പ്രശ്‍നം സംബന്ധിച്ചുള്ള  കേരളസർക്കാർ പാസാക്കിയ  പുതിയ ഓർഡിനൻസിനെ സംബന്ധിച്ച് സാമാന്യ വിവരണം നൽകുന്നു. ഇങ്ങനെ  ഒരു നിയമം പാസാക്കിയ  പിണറായി സർക്കാരിനെ അഭിനന്ദിക്കുക തന്നെ വേണം. 

ഒരിടത്ത് ക്രിസ്ത്യൻ എന്ന നിർവചനം കൊടുക്കുന്നു. മറ്റൊരിടത്ത് മതം മാറിയാലും ശവസംസ്ക്കാരം നിഷേധിക്കാൻ പാടില്ലെന്നുമുണ്ട്. ഹിന്ദുവായി മരിക്കുന്നവരെയും  പൂർവികരുടെ ശവക്കോട്ടയിൽ മറവു ചെയ്യാം. 

('ക്രിസ്ത്യന്‍'' എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത് യേശു ക്രിസ്തുവിനെ ദൈവപുത്രനായി അംഗീകരിക്കുന്നതവരും, മാമോദീസ സ്വീകരിച്ചവരും, ബൈബിളില്‍ വിശ്വസിക്കുന്നവരുമാണ്.)

മുകളിൽ ബ്രാക്കറ്റിനുള്ളിൽ  കൊടുത്തിരിക്കുന്ന നിയമം അനുസരിച്ച്,  ക്രിസ്തുവിൽ വിശ്വസിക്കാത്ത മതം മാറിയ ഹിന്ദുവിനെയും ഇടവക സെമിത്തേരിയിൽ അടക്കാമെന്നുള്ള  നിയമം പരസ്പ്പര വിരുദ്ധമായി കാണുന്നു. 

 ഭൂരിഭാഗം ക്രിസ്ത്യാനികളും ക്രിസ്തുവിനെ  ഒരു നല്ല മനുഷ്യനായി  വിശ്വസിക്കുന്നു.  ശവം മറവു ചെയ്യണമെങ്കിൽ 'ദൈവപുത്രൻ' എന്നുകൂടി വിശ്വസിക്കണമെന്നുള്ളത്  നിയമത്തിന്റെ അപാകതയാണ്. യുക്തിക്ക് ചേരുന്നതുമല്ല. കാനോൻ നിയമം അനുസരിച്ച് ക്രിസ്ത്യാനിയാകാൻ മാമ്മോദീസ മാത്രം മുങ്ങിയാൽ മാത്രം മതി.   പണമുള്ളവനു  കള്ളുകുടിയാകാം, പെണ്ണുപിടിയാകാം. അവനു പാപമില്ല. സെമിത്തേരിയിൽ പത്തു നിലയിൽ വേണമെങ്കിലും  ശവകുടീരം അവനുവേണ്ടി പണിതുണ്ടാക്കാം. 

ശവം വെച്ചുള്ള വിലപേശലുകൾ ഏറ്റവും കൂടുതൽ നടത്തിയിട്ടുള്ളത് ഓർത്തോഡോക്‌സുകാരല്ല. തോമ്മാശ്ലീഹായുടെ പൈതൃകം  അവകാശപ്പെട്ടു നടക്കുന്ന സീറോ മലബാർ കത്തോലിക്ക പുരോഹിതർ തന്നെയാണ്! അത്തരം  കുപ്പായ മനുഷ്യാധമന്മാർക്ക്  ഈ നിയമം ഒരു തിരിച്ചടി തന്നെയാണ്.   

പ്രസിദ്ധ സാഹിത്യകാരനായ എം.പി. പോളിന്റെ ശവശരീരം വെച്ച് പള്ളിയിൽ അടക്കാതെ ഇവന്മാർ കളിച്ച കളി ചരിത്രംപോലും മാപ്പ് കൊടുക്കില്ല. ഒരുകാലത്ത്, കമ്മ്യൂണിസ്റ്റായി പ്രവർത്തിച്ചാൽ   പുരോഹിതർ ശവസംസ്ക്കാരത്തിൽ പങ്കുചേരാതെ ശവം  തെമ്മാടിക്കുഴിയിൽ മറവു ചെയ്യുമായിരുന്നു.   രണ്ടു വർഷം മുമ്പ് ശബരി മലയിൽ പോയിയെന്ന കാരണത്താൽ  പാലായിലുള്ള ഒരു പാവപ്പെട്ടവന്റെ ശവസംസ്ക്കാരം ഫാദർ നരീക്കാട്ടെന്ന  പുരോഹിതൻ നിഷേധിച്ചപ്പോൾ കേസും വഴക്കുമായി വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. പാവപ്പെട്ടവനായ അയാളുടെ മൃതദേഹം വീട്ടുമുറ്റത്തു  മറവു ചെയ്യേണ്ടി വന്നു.  ദിവസവും പള്ളിയിൽ പോവുന്ന ഒരു പാവപ്പെട്ട സ്ത്രീ മരിച്ചപ്പോൾ അവരുടെ ഭർത്താവ് ദുർമ്മാർഗ്ഗിയും കള്ളുകുടിനെന്നും  പറഞ്ഞുകൊണ്ട്  ശവം അടക്കാൻ സമ്മതിക്കാത്ത എന്റെ ഇടവകപ്പള്ളിയിലെ ഒരു വികാരിയെയും ഓർമ്മ വരുന്നു. 

ശവത്തിനു വില പറയുന്ന ശവം തീനികൾ വസിക്കുന്ന കേരളത്തിലെ പുരോഹിതർക്ക് മനുഷ്യബോധം ഉണ്ടാവാൻ കമ്മ്യുണിസ്റ്റുകാരനായ പിണറായി സർക്കാരിന്റെ നിയമം വേണ്ടി വന്നു. 
Catholic 2020-01-15 18:06:36
ഭൂരിഭാഗം ക്രിസ്ത്യാനികളും ക്രിസ്തുവിനെ ഒരു നല്ല മനുഷ്യനായി വിശ്വസിക്കുന്നു. ശവം മറവു ചെയ്യണമെങ്കില്‍ 'ദൈവപുത്രന്‍' എന്നുകൂടി വിശ്വസിക്കണമെന്നുള്ളത് നിയമത്തിന്റെ അപാകതയാണ്. യുക്തിക്ക് ചേരുന്നതുമല്ല. കാനോന്‍ നിയമം അനുസരിച്ച് ക്രിസ്ത്യാനിയാകാന്‍ മാമ്മോദീസ മാത്രം മുങ്ങിയാല്‍ മാത്രം മതി. 
------
ജോസഫ് എന്ന പേരില്‍ നിന്നു താങ്കള്‍ ക്രിസ്തീയ കുടുംബത്തില്‍ ജനിച്ചു എന്നു മനസിലാക്കുന്നു.എവിടെ നിന്നാണു വേദപാഠം പഠിച്ചത്?
ക്രിസ്തുവിനെ ദൈവപുത്രനായി കണക്കാക്കാത്തവര്‍ ക്രിസ്ത്യാനി അല്ല. ഉദാ. യഹോവ സാക്ഷികല്‍, മോര്‍മ്മണ്‍സ്. ബാക്കി എല്ലാ വിഭാഗവും ക്രിസ്തുവിനെ ദൈവപുത്രനായി അംഗീകരിക്കുന്നു. താങ്കള്‍ പറയും പോലെ 'ഒരു നല്ല മന്‍ഷ്യന്റെ' പേരില്‍ പള്ളി ഒന്നും ആവശ്യമില്ല. മനുഷ്യര്‍ എത്രയോ ത്യാഗങ്ങള്‍ ക്രിസ്തുവിന്റെ പേരില്‍ സഹിക്കുന്നു. 11 ശ്ലീഹന്മാരും മരണം വരിക്കുകയായിരുന്നു. ഒരു നല്ല മനുഷ്യനു വേണ്ടിയല്ല അത്
പിന്നെ ശബരിമലയില്‍ പോയ ക്രിസ്ത്യാനി എങ്ങനെ ക്രിസ്ത്യാനി ആകും? ഒന്നാം പ്രമാണം എന്താണ്? ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്. ശബരിമലയില്‍ പോകുന്നവര്‍ അങ്ങോട്ടു പോകുക. യേശുദാസ് അടക്കം. രണ്ടു വള്ളത്തിലും എന്തിനു കാലു ചവിട്ടുന്നു? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക