Image

പൗരത്വ ഭേദഗതി ബില്‍; ബെര്‍മിംഗ്ഹാം ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ പ്രതിഷേധിച്ചു

Published on 13 January, 2020
പൗരത്വ ഭേദഗതി ബില്‍; ബെര്‍മിംഗ്ഹാം ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ പ്രതിഷേധിച്ചു

ബെര്‍മിംഗ്ഹാം: പൗരത്വ ഭേദഗതി ബില്ലിനെതിരെ ബെര്‍മിംഗ്ഹാം ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ പ്രതിഷേധം തീര്‍ത്ത് ഇന്ത്യന്‍ വംശജര്‍. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളായ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ , സമീക്ഷ യുകെ , ചേതന , ക്രാന്തി എന്നീ സംഘടനകളാണ് പ്രതിഷേധസംഗമത്തിനു നേതൃത്വം കൊടുത്തത് .

മതനിരപേക്ഷത ഉയര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ ഭരണഘടനാതത്വങ്ങള്‍ക്കു വിരുദ്ധമായ CAA / NRC എന്നീ കരി നിയമങ്ങള്‍ക്കെതിരെ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധത്തില്‍ ഇംഗ്ലണ്ടിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിനു പ്രവാസികള്‍ ബെര്‍മിംഗ്ഹാമിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ ഒത്തുചേര്‍ന്നു സമീക്ഷ യുകെയുടെ നേതൃത്വത്തില്‍ നടന്ന മനുഷ്യചങ്ങലയില്‍ കണ്ണികളായി.

ഇന്ത്യക്കാരെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കാന്‍ ഇന്ത്യ ഭരിക്കുന്ന ഹിന്ദുത്വ ഫാസിസിസ്റ്റ് ശക്തികളെ അനുവദിക്കില്ല എന്ന് ഉറക്കെപറഞ്ഞുകൊണ്ടും ഇന്ത്യയിലെ പൊരുതുന്ന വിദ്യാര്‍ഥി യുവജന പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ടുമാണ് ജനാധിപത്യവിശ്വാസികളായ ഇന്ത്യന്‍ പ്രവാസിസമൂഹം മനുഷ്യചങ്ങല തീര്‍ത്തത്.

ഇന്ത്യന്‍ ദേശിയ പതാകയും പ്ലക്കാര്‍ഡുകളും ഏന്തി ആവേശകരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് ഇംഗ്ലണ്ടില്‍ ജോലിയെടുക്കുന്നവരും വിദ്യാര്‍ഥികളുമായ പ്രവാസി ഇന്ത്യന്‍ സമൂഹം പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്തത് . മലയാളത്തിലും പഞ്ചാബിയിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി പ്രതിഷേധക്കാര്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ കൂടിനിന്നവരെയും കാഴചക്കാരെയും ഒരുപോലെ ആവേശം കൊള്ളിച്ചു .

എഐസി സെക്രട്ടറി ഹര്‍സെവ് ബൈന്‍സ്, ഐ ഡബ്ല്യുഎ സെക്രട്ടറി ജോഗിന്ദര്‍ ബൈന്‍സ്, സിഐടിയു ട്രാന്‍സ്പോര്‍ട് വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി ലക്ഷ്മയ്യ എന്നിവര്‍ CAA യെ കുറിച്ചും, NRC യെ കുറിച്ചും ഇംഗ്ലീഷിലും ഹിന്ദിയിലും വിശദീകരിച്ചു.

സമീക്ഷ ദേശിയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി പ്രതിഷേധപരിപാടികളുടെ ആവശ്യകതയെ കുറിച്ചു വിശദീകരിച്ചു. സമീക്ഷ ദേശീയ പ്രസിഡന്റ് സ്വപ്ന പ്രവീണ്‍, മലയാളം മിഷന്‍ യുകെ സെക്രട്ടറി എബ്രഹാം കുരിയന്‍, എസ്എഫ്‌ഐ ജില്ലാകമ്മിറ്റി അംഗം അര്‍ജുന്‍, സീമ സൈമണ്‍ തുടങ്ങിയവര്‍ പ്രതിഷേധ സംഗമത്തില്‍ മുദ്രാവാക്യങ്ങള്‍ ചൊല്ലിക്കൊടുക്കുകയും മനുഷ്യചങ്ങലയില്‍ കണ്ണികളാവും ചെയ്തു .

റിപ്പോര്‍ട്ട്: ബിജു ഗോപിനാഥ്


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക