Image

ഇത് ഭാവിയിലേക്കുള്ള ഒരു ചരിത്ര രചന : മന്ത്രി ഇ.പി.ജയരാജന്‍

Published on 13 January, 2020
ഇത് ഭാവിയിലേക്കുള്ള ഒരു ചരിത്ര രചന : മന്ത്രി ഇ.പി.ജയരാജന്‍
തിരുവനന്തപുരം: ഭാവിയിലേക്കുള്ള ഒരു ചരിത്രരചനയാണ്  ഹു ഈസ് ഹു ഓഫ് യുഎഇ മലയാളീസ് എന്ന പേരില്‍ എക്സലന്‍സ് ഗ്ലോബല്‍ തയാറാക്കിയ പുസ്‌തകം എന്ന്  മന്ത്രി ഇ.പി.ജയരാജന്‍.  

പുസ്തകത്തിന്റെ പ്രകാശനം ഹൈസിന്ദ്  ഹോട്ടലില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകം വിശ്വാസ്യത അര്‍പ്പിച്ച സമൂഹമാണ് മലയാളികൾ. മൂന്നരക്കോടി മലയാളികളില്‍ 50 ലക്ഷത്തോളം പേര്‍ ജോലി ചെയ്യുന്നതു വിദേശത്താണ്. മലയാളികളുടെ സാഹചര്യങ്ങളാണ് അവരെ വിദേശ ജോലികളിലേക്ക് ആകര്‍ഷിച്ചത്. ലോകത്തിന്റെ വളര്‍ച്ചയില്‍ തങ്ങള്‍ തല്‍പരരാണെന്ന സന്ദേശമാണ് മലയാളികള്‍ എന്നും നല്‍കിയിട്ടുള്ളത്. യുഎഇ മലയാളികളെ അടുത്തറിയുന്നതിനു ഈ പുസ്തകം സഹായിക്കുമെന്നും,  ഇത്‌ ഭാവിയിലേക്കുള്ള ഒരു  ചരിത്ര പുസ്‌തകമാണ്‌ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഠിനധ്വാനത്തിലൂടെ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയ മലയാളികളുടേത് വലിയ സേവനമാണെന്ന് പുസ്തകത്തിന്റെ ഡിജിറ്റല്‍ കോപ്പി പ്രകാശനം ചെയ്തു പ്രസംഗിച്ച മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. മലയാളികള്‍ക്കു വലിയ മൂല്യമുള്ള ഗ്രന്ഥമാണിതെന്നും അദ്ദേഹം പറഞ്ഞു.

 കഠിനാധ്വാനത്തിലൂടെ യുഎഇയില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് മലയാളി സമൂഹം. മലയാളികളുടെ വിയര്‍പ്പിന്റെ ഗന്ധമുള്ള പുസ്തകമാണിതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ  വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ മലയാളി വ്യവസായി പ്രമുഖരെ  ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. 

ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡണ്ട് Dr.ജോർജ് കാക്കനാടൻ, സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. 

വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച രണ്ടായിരം യുഎഇ മലയാളികളുടെ ലഘു ജീവചരിത്രവും മറ്റു വിവരങ്ങളും ഉള്‍പ്പെടുന്ന റഫറന്‍സ് പുസ്തകമാണ് ഹു ഈസ് ഹു ഓഫ് യുഎഇ മലയാളീസ്. 1000 പേജുകളാണുള്ളത്. വ്യക്തികളുടെ മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒപ്പം യുഎഇയിലെ ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ കോണ്‍സുലേറ്റ്, നോര്‍ക്ക, ഇന്ത്യന്‍ അസോസിയേഷനുകള്‍, മീഡിയ, മെഡിക്കല്‍, ബാംങ്കിംഗ്, ഇന്‍ഷ്വറന്‍സ്, വിദ്യഭ്യാസം, കല, സാംസ്‌കാരികം, സാമൂഹ്യം, സാഹിത്യം തുടങ്ങി 20 വിഭാഗങ്ങളിലെ വിവരങ്ങളും പുസ്തകത്തിലുണ്ട്.

പുസ്തകത്തിന്റെ ചീഫ് എഡിറ്റര്‍ പ്രതാപ് ശ്രീധരന്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ മാനേജിംഗ് എഡിറ്റര്‍ ആന്‍ഡ് പബ്ലിഷർ  പി.സുകുമാരന്‍ പുസ്‌തകത്തിനെ സദസ്സിനു പരിചയപ്പെടുത്തി.  

ഗള്‍ഫ് ഇന്ത്യന്‍സ് ഡോട്ട് കോം മാനേജിംഗ് എഡിറ്റര്‍ വി.എന്‍.പി. രാജ്,  ഹു ഈസ് ഹു ഓഫ് മുംബൈ മലയാളീസ് മാനേജിംഗ് എഡിറ്റര്‍ ഉപേന്ദ്ര കെ.മേനോന്‍,  ഹു ഈസ് ഹു ഓഫ് ബാംഗളൂര്‍ മലയാളീസ്  മാനേജിംഗ് എഡിറ്റര്‍ സി.പി.രാധാകൃഷ്ണന്‍, യുഎച്ച്‌വൈ ജെയിസ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സിഇഒ ജെയിംസ് മാത്യു, തുടങ്ങിയവര്‍ പ്രസംഗിച്ചു. 

ബിസിനസ് രംഗത്തെ പ്രമുഖരായ എം.എ. യുസഫലി, രവി പിള്ള, ഡോ. ആസാദ് മൂപ്പന്‍, ഡോ. സുന്ദര്‍ മേനോന്‍, വി.എന്‍.പി രാജ്, രാജുമേനോന്‍, സുഗതന്‍ ജനാര്‍ദ്ദനന്‍, ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ്, ജയിംസ് മാത്യു, സിദ്ധാര്‍ഥ് ബാലചന്ദ്രന്‍, പി.കെ. സജിത്കുമാര്‍ തുടങ്ങിയവര്‍ രക്ഷാധികാരികളായ സമിതിയുടെ നേതൃത്വത്തിലാണ് പുസ്തകം തയാറാക്കിയത്. 

ഇന്ത്യയിലെയും ഗൾഫിലെയും പ്രധാന എയർ പോർട്ടുകളിലും, പ്രശസ്ത പുസ്തക ശാലകളിലും, ഈ പുസ്‌തകം ഉടൻ ലഭ്യമാക്കും. www.excellenceglobaluae.com,  http://malayali.directory,  എന്നീ വിലാസങ്ങളിൽ  പുസ്തകത്തിന്റ ഡിജിറ്റൽ പതിപ്പും ലഭ്യമാണ്.
ഇത് ഭാവിയിലേക്കുള്ള ഒരു ചരിത്ര രചന : മന്ത്രി ഇ.പി.ജയരാജന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക