Image

2020: സാമ്പത്തിക-സാങ്കേതിക രംഗം എങ്ങോട്ട്? (ജോസഫ് പൊന്നോലി)

Published on 12 January, 2020
2020: സാമ്പത്തിക-സാങ്കേതിക രംഗം എങ്ങോട്ട്? (ജോസഫ് പൊന്നോലി)
2020 ല്‍ ലോകം ഒരു സാമ്പത്തിക മാന്ദ്യത്തിലേയ്ക്കാണോ പോകുന്നത് എന്നുള്ള ചോദ്യം നമ്മുടെ മുമ്പില്‍ ഉത്തരത്തിനു വേണ്ടി കാത്തിരിക്കുന്നു.

2019 ലെ അപ്രതീക്ഷിതമായ രണ്ടു സംഭവവികാസങ്ങള്‍ ആയിരുന്നു ഏപ്രില്‍ ഒന്നാം തീയതി പാരീസിലെ നോട്രാഡാം കത്തീഡ്രല്‍ തീപിടിത്തത്തില്‍ നശിച്ചതും സെപ്തംബര്‍ ഒന്നാം തീയതി ഡോറിയന്‍ ചുഴലിക്കാറ്റ് ബഹമാസ് ദ്വീപില്‍ ഉണ്ടാക്കിയ നാശനഷ്ഠങ്ങളും ജീവാപായങ്ങളും. ഇവ മുന്‍കൂട്ടിക്കണ്ടു നാശ നഷ്ടങ്ങള്‍ ഇല്ലാതാക്കാന്‍ വിദഗ്ധര്‍ക്ക് സാധിച്ചില്ല. 2008-2009 ല്‍ ആഗോള വ്യാപകമായി സംഭവിച്ച സാമ്പത്തിക പ്രതിസന്ധിയും സാമ്പത്തിക വിദഗ്ധരുടെ പ്രവചനങ്ങള്‍ അസ്ഥാനത്തു ആക്കി.

പ്രവചനം നടത്തുന്നതിനെക്കുറിച്ച് സാമ്പത്തിക വിദഗ്ദ്ധന്‍ ജോണ്‍ കെന്നത്ത് ഗാല്‍ബ്രയത്ത് പറഞ്ഞത് ഇപ്രകാരമാണ്: 'രണ്ടു തരത്തിലുള്ളവര്‍ പ്രവചനം നടത്തുന്നു. ഒന്നുകില്‍ അവര്‍ പ്രവചിക്കുന്നതിനെക്കുറിച്ച് അവര്‍ക്ക് അറിയില്ല. അല്ലെങ്കില്‍ അറിയില്ലെന്ന് അവര്‍ക്കറിയില്ല'. അതുകൊണ്ട് ഒരു പ്രവചനം നടത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.

ഒക്ടോബര്‍ 2019 ല്‍ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐ.എം. എഫ്) പുറപ്പെടുവിച്ച World Economic Outlook റിപ്പോര്‍ട്ട് പ്രകാരം 2008-2009 ലെ സാമ്പത്തിക പ്രതിസന്ധിക്കുശേഷം ലോകം സാമ്പത്തിക മാന്ദ്യം തരണം ചെയ്ത് മുന്നോട്ടു പോയെങ്കിലും ആഗോള വളര്‍ച്ചാനിരക്ക് 2019 ല്‍ 3 ശതമാനം മാത്രമായിരുന്നു. ഇതു 2011 നു ശേഷം ഏറ്റവും കുറഞ്ഞ വളര്‍ച്ചയായിരുന്നു. 2020 ല്‍ 3.4 % ആയി കൂടുമെന്നാണ് വിലയിരുത്തല്‍. വികസിത രാജ്യങ്ങളിലെ സാമ്പത്തിക വളര്‍ച്ച 1.7% മാത്രമായിരിക്കും. ആഗോള തലത്തില്‍ സാമ്പത്തിക ക്ഷയം വ്യക്തമാകുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഗോള്‍ഡ്മന്‍ സാക്‌സ് , ബ്ലൂംബര്‍ഗ് പഠനങ്ങളും IMF നിഗമനങ്ങളെ സാധൂകരിക്കുന്നു.

സാമ്പത്തിക രംഗത്ത് 2019 ലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ലോക സാമ്പത്തികമേഖലയിലെയും ധനവിപണി രംഗത്തെയും അസ്ഥിരത വ്യക്തമാണ്. 2020 ലും സാമ്പത്തിക വിപണി അസ്ഥിരത കാണിക്കുന്നുണ്ട് എന്നുള്ളത് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. 2009 നു ശേഷമുള്ള സാമ്പത്തിക ചക്രം (economic cycle) പത്തു വര്‍ഷത്തോളം നീണ്ട കാലം ഓഹരി വിപണിയില്‍ വളര്‍ച്ചയാണ് കാഴ്ച വച്ചത്. തുടര്‍ന്നുള്ള തളര്‍ച്ചയുടെ ചക്രം വിദൂരമല്ല എന്ന സൂചനയാണ് കാണുന്നതു്. വിപണി രംഗം ഒരു തിരുത്തല്‍ ഘട്ടത്തിലാണ് എന്ന് കരുതേണ്ടിയിരിക്കുന്നു.

ലോകമെമെമ്പാടുമുള്ള രാഷ്ട്രീയ സംഭവവികാസങ്ങള്‍ സാമ്പത്തികരംഗത്തെ പ്രതികൂലമായി ബാധിക്കും എന്നുള്ള കാര്യം നാം വിസ്മരിച്ചുകൂടാ. ചൈനയുടെ അഭൂത പൂര്‍വ്വമായ സാമ്പത്തിക സാങ്കേതിക വളര്‍ച്ചയും, അമേരിക്കയും ചൈനയും തമ്മിലുള്ള വ്യവസായ വിപണി രംഗത്തെ ടാരിഫ് (ചുങ്ക) തര്‍ക്കങ്ങള്‍, പശ്ചിമേഷ്യാ രാജ്യങ്ങളിലെ യുദ്ധസമാനമായ കലുഷിതമായ അന്തരീക്ഷം, ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷങ്ങള്‍, ലാറ്റിന്‍ അമേരിക്കയിലെ സാമ്പത്തിക തകര്‍ച്ച, ഇങ്ങനെയുള്ള ഭൂരാഷ്ട്രതന്ത്ര പ്രശ്‌നങ്ങളും അവയുടെ അപകട സാദ്ധ്യതകളും സാമ്പത്തിക രംഗത്തെയും ബാധിക്കും എന്ന് കരുതേണ്ടിയിരിക്കുന്നു.

ആഗോള തലത്തില്‍ കാലാവസ്ഥാ വ്യതിയാനങ്ങള്‍ സാമ്പത്തിക രംഗത്തെയും പ്രതികൂലമായി ബാധിക്കും എന്നുള്ള കാര്യവും പരിഗണിക്കേണ്ടിയിരിക്കുന്നു. 2019 ല്‍ ആമസോണ്‍ വനങ്ങളില്‍ സംഭവിച്ച വന്‍ തീപിടിത്തം തുടങ്ങി താപമാറ്റം മൂലം ഭൂമിയുടെ ധൃവ മേഖലയിലെ മഞ്ഞുകട്ടി ഉരുകുന്നതും ജനജീവിതത്തെയും സാമൂഹ്യ സാമ്പത്തിക വ്യവഹാരങ്ങളേയും ബാധിക്കും എന്നു കരുതേണ്ടിയിരിക്കുന്നു. 2020 നവംബറില്‍ നടക്കാന്‍ പോകുന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പ് ആഗോള സാമ്പത്തിക വിപണികള്‍ സസൂഷ്മം നിരീക്ഷിക്കുന്നുണ്ട് എന്നും നാം മറക്കാതിരിക്കുക.

ഈ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും എന്തു ചെയ്യാന്‍ കഴിയും? അവരുടെ നിക്ഷേപങ്ങളുടെ വിലയിടിവ് എങ്ങനെ കുറയ്ക്കുവാന്‍ സാധിക്കും? ഇങ്ങനെയുള്ള പ്രതികൂല സാഹചര്യങ്ങള്‍ തരണം ചെയ്യുവാന്‍ നിക്ഷേപകര്‍ അവലംബിക്കേണ്ട മാര്‍ഗം കൂടുതല്‍ സുരക്ഷിതമായ നിക്ഷേപങ്ങളിലേക്ക് തങ്ങളുടെ സമ്പാദ്യവും ആസ്തിയും മാറ്റുക എന്നുള്ളതാണ്. വിഭിന്നങ്ങളായ നിക്ഷേപ മാര്‍ഗ്ഗം (portfolio diversification) നഷ്ടം കുറയ്ക്കാന്‍ സഹായിക്കും. ക്യാഷ് (രൊക്കപ്പണം) ട്രഷറി മുനിസപ്പല്‍ ബോണ്ടുകള്‍, index funds അഥവാ മ്യൂച്ച്വല്‍ ഫണ്ടുകള്‍, value stocks ഇവയാണ് അഭികാമ്യം. ഓഹരികളില്‍ നിക്ഷേപിക്കുന്നവര്‍ ഓരോ ഓഹരിയും വിലയിരുത്തേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് growth stocks. ജോലികള്‍ നഷ്ടപ്പെടുന്നവര്‍ക്ക് കുറഞ്ഞതു് ആറു മാസക്കാലം ജോലി പോയാല്‍ ജീവിക്കാനുള്ള സമ്പാദ്യം കരുതിയിരിക്കണം.

സാങ്കേതിക രംഗം

സാങ്കേതിക രംഗത്തെ മാറ്റങ്ങളും സംഭവ വികാസങ്ങളും സാമ്പത്തിക രംഗത്തെ എങ്ങനെ ബാധിക്കും എന്നു ചിന്തിക്കുന്നതും നല്ലതായിരിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (ക്രിത്രിമ ബുദ്ധി), റോബോട്ടിക്‌സ് , മെഷീന്‍ ലേണിംഗ്, ക്വാന്റം കമ്പ്യൂട്ടിംഗ് , 3 ഡി പ്രിന്റിംഗ് , ബ്ലോക് ചെയിന്‍ ടെക്‌നോളജി, ബിഗ് ഡേറ്റ ഈ രംഗങ്ങളിലെല്ലാം 2019 ല്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ച ആഗോള തലത്തില്‍ ഉണ്ടായി. ചൈനയില്‍ തന്നെ 1 ബില്യന്‍ ഡോളര്‍ നിക്ഷേപമുള്ള യൂണിക്കോണ്‍സ് വളരെയധികം കൂടി.

വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ കാഴ്ചപ്പാടില്‍ ലോകം ഇന്ന് നാലാം വ്യാവസായിക യുഗത്തിലാണ്. അടുത്ത ദശാബ്ദം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നാളുകള്‍ ആയിരിക്കും എന്നാണ് കരുതപ്പെടുന്നത് Open AI, Deep Mind എന്നീ programs eSports രംഗങ്ങളിലെ മികവുറ്റ കളിക്കാരെ തോല്പിക്കുകയുണ്ടായി. സ്വയം ഓടിക്കുന്ന കാറുകള്‍ ട്രക്കുകള്‍ ഒരു യാഥാര്‍ത്ഥ്യമായിരിക്കുയാണ്.

മെഡിക്കല്‍ രംഗത്ത് രോഗ നിര്‍ണ്ണയത്തിനു deep learning algorithm ഡോക്ടര്‍മാരെപ്പോലെ തന്നെ Lung cancer tumor കള്‍ മെഡിക്കല്‍ ഇമേജുകള്‍ പരിശോധിച്ച് കണ്ടുപിടിച്ചു എന്നത് പ്രാധാന്യം അര്‍ഹിക്കുന്നു. CRISPR gene editing വിപ്ലവകരമായ മാറ്റങ്ങള്‍ മെഡിക്കല്‍ മേഖലയില്‍ ഉണ്ടാക്കും എന്നു സംശയമില്ല.

ഗൂഗിള്‍ , മൈക്രോസോഫ്ട് AI രംഗത്ത് വൈദഗ്ദ്യം വളര്‍ത്തിയെടുത്ത് മുന്‍പന്തിയിലാണ്. അഞ്ചു വര്‍ഷത്തിനകം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാമ്പത്തിക രംഗത്ത് ഒരു സ്വാധീന ശക്തിയായി മാറും എന്നാണ് വിലയിരുത്തല്‍.

2019 ല്‍ ഗൂഗിള്‍ ക്വാന്റം കമ്പ്യൂട്ടിംഗ് മേഖലയില്‍ സുപ്രധാനമായ നേട്ടം കൈവരിച്ചതും എടുത്തു പറയേണ്ടതാണ്. Crypto Currency, block chains ബാങ്കിംഗ് മേഖലയില്‍ കൂടുതല്‍ ഉപയോഗപ്പെട്ടു വരുകയാണ്. നിര്‍മ്മാണ രംഗത്ത് റോബോട്ടുകളും 3D printing ഉം വിപ്ലവങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. കൃഷി രംഗത്തും vertical farms, hydroponics എന്നീ സാങ്കേതിക വിദ്യകളും ഡ്‌റോണുകളുടെ ഉപയോഗവും പല മാറ്റങ്ങളും വരുത്തുന്നുണ്ട്.

ആശങ്കകള്‍

Open AI ഉപയോഗിച്ച് വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിക്കാനും പരസ്യപ്പെടുത്താനും സാധിക്കും എന്നുള്ളതു് ആശങ്ക ജനിപ്പിക്കുന്നു. Deep fakes സോഫ്ട് വെയര്‍ ഉപയോഗിച്ച് പ്രസിദ്ധരായ വ്യക്തികളെ തേജോവധം ചെയ്യാന്‍ സാധിക്കും എന്നതും ആശങ്കയ്ക്ക് വക നല്‍കുന്നു.

ഒരു തലമുറയെ തന്നെ സ്മാര്‍ട്ട്‌ഫോണുകള്‍, ടി.വി. ഗെയിമുകള്‍ എന്നിവയിലുള്ള ആസക്തിയും അടിമത്വവും മൂലം സാമൂഹ്യ വിരുദ്ധരാക്കുന്നു എന്നാണ് മനശാസ്ത്രഞ്ജരുടെ വിലയിരുത്തല്‍ . ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതാണ്. ടെലി കമ്മ്യൂണിക്കേഷന്‍ രംഗത്ത് 5G യുടെ ആവിര്‍ഭാവത്തോടെ കൂടുതല്‍ ഗുണങ്ങളും ദോഷങ്ങളും നമ്മള്‍ പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു.

പുതുതായി ആവിര്ഭവിക്കുന്ന സാങ്കേതിക വിദ്യകളുടെ വളര്‍ച്ചയില്‍ പല ജോലികളും ഇല്ലാതാവാന്‍ സാധ്യതയുണ്ട് എന്ന കാര്യം നാം വിസ്മരിച്ചു കൂടാ. പുതിയ മേഖലകളില്‍ പ്രാവീണ്യം നേടേണ്ടത് അത്യാവശ്യമായി വരുന്നു. ലോകം ഇന്ന് സൈബര്‍ യുദ്ധ മേഖലയിലേക്ക് നീങ്ങുന്നതും ആശങ്കക്ക് വക നല്‍കുന്നു. പുതിയ ഡിജിറ്റല്‍ സംസ്‌കാരം മാനവ സംസ്‌കാരം ഇല്ലാതാക്കുമോ അതോ മെച്ചപ്പെടുത്തുമോ എന്ന് നാം നോക്കി കാണേണ്ടിയിരിക്കുന്നു. 
2020: സാമ്പത്തിക-സാങ്കേതിക രംഗം എങ്ങോട്ട്? (ജോസഫ് പൊന്നോലി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക