Image

ജനഹൃദയങ്ങളില്‍ വേദനയേകി വിട വാങ്ങിയ സുല്‍ത്താന്‍ (ഓമനില്‍നിന്നു ബിജു, വെണ്ണിക്കുളം)

Published on 12 January, 2020
ജനഹൃദയങ്ങളില്‍ വേദനയേകി വിട വാങ്ങിയ സുല്‍ത്താന്‍ (ഓമനില്‍നിന്നു ബിജു, വെണ്ണിക്കുളം)
മസ്‌ക്കറ്റില്‍വന്നിട്ട് 30 വര്‍ഷം തികയുന്നു. പക്ഷെഇന്ന് വരെ ഇതുപോലൊരു ദിവസം ഞാന്‍ ദര്‍ശിച്ചിട്ടില്ല. ശാന്തമാണ് ഒമാന്‍. വല്ലാത്ത നിശബ്ദത, ഇത് വരെ കാണാത്ത ശാന്തതയും.ആരും നിയന്ത്രിക്കുന്നില്ല, ചെറുകിട ഷോപ്പുകള്‍ മുതല്‍ വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് വരെഅടഞ്ഞു കിടക്കുന്നു. ആരും വന്നു ഭീഷണി പെടുത്തി കട അടപ്പിച്ചതല്ല, ഓരോരുത്തര്‍ക്കും സ്വയം തോന്നിയതാണ്.

സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് .... വിട
ഒമാനില്‍എല്ലാവര്‍ക്കും പ്രിയപ്പെട്ട ഭരണാധികാരിയായി. ഈ നാടിന്റെ ജീവശ്വാസമായിരുന്ന അങ്ങ്, ഏറെക്കാലമിനിയും ജനഹൃദയങ്ങളില്‍ ജീവിക്കും.വികസന കുതിപ്പില്‍ നാടിനേയും, നാട്ടുകാരേയും നെഞ്ചോട് ചേര്‍ത്ത് പിടിച്ച ഒരു സ്‌നേഹ സമ്പന്നനായ രാജാവ്.മരുഭൂമിയോളം തന്നെ മാമലകളും, നീരൊഴുക്കുള്ള അരുവികളും നിറഞ്ഞ നാട്ടിലെ ജനപ്രിയങ്കരനായ സുല്‍ത്താന്‍.

അഞ്ച് പതിറ്റാണ്ടിനപ്പുറത്ത് വികസന ഭൂപടത്തില്‍ ഒട്ടും അടയാളപ്പെടുത്തപെടാത്ത ഒരു നാടിനെ, ലോക രാഷ്ട്രങ്ങള്‍ക്ക് മുന്‍പില്‍ സമാധാനത്തിന്റെ പര്യായപദമായി കെട്ടിപടുക്കുന്നതില്‍ വിജയിച്ച തലയെടുപ്പുള്ള ഒരു രാഷ്ട്രത്തലവന്‍.

ഒമാനില്‍ മാത്രമല്ല, ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയിലും, ഇതര അറബ് മേഖലയിലും സമാധാന ചര്‍ച്ചകള്‍ക്കെന്നും കളമൊരുക്കുവാന്‍ കാണിക്കുന്ന നയതന്ത്ര മികവിന്റെ വിജയം മാത്രം മതി, സുല്‍ത്താന്‍ ഖാബൂസിനെ പേര് ചരിത്രത്തില്‍ തങ്കക്കുറിമാനമാകുവാന്‍. ലോകത്ത് എവിടെ നിന്ന് വന്നു പോകുന്ന സഞ്ചാരിക്കും പറയാനുണ്ടായിരുന്നത്, ഈ നാടിന്റെ മനം കുളിര്‍ക്കുന്ന പ്രശാന്തതയും, വശ്യസുന്ദരമായ പ്രകൃതിഭംഗിയും, അതിനേക്കാള്‍ ഉപരി ഹൃദയപൂര്‍വ്വമുള്ള ആതിഥ്യവും തന്നെയായിരുന്നു.

ഒരു ഭരണാധികാരിയുടെ ദീര്‍ഘ വീക്ഷണത്തിനും നൈപുണ്യത്തിനും ലഭിക്കുന്ന കയ്യൊപ്പുകളായിരുന്നു അതെല്ലാം. അങ്ങയെ സ്‌നേഹിക്കുന്നവര്‍ ഈറനണിഞ്ഞ കണ്ണുകളോടെ പ്രാര്‍ത്ഥന തുടരുകയാണ്. ഒപ്പം പ്രകൃതിയും ഈ വേദനയില്‍ പങ്ക് ചേരുന്നപോലെ. ഖബറടക്കം കഴിയും വരേ വിങ്ങിപ്പൊട്ടി നിന്ന ആകാശവും കണ്ണീരൊഴുക്കുകയാണ്. ജനാധിപത്യവും, രാജാധിപത്യവും അതിന്റെ ലാഭനഷ്ടങ്ങളും കൂട്ടി കിഴിച്ചു ജീവിക്കുന്ന ശരാശരി പ്രവാസികള്‍ക്കും സുല്‍ത്താന്‍ അങ്ങ് ഏറെ പ്രിയപ്പെട്ട രാജാവാണ്. അവരുടെ സ്വപ്നങ്ങള്‍ പൂവണിയാന്‍ അങ്ങയുടെ നാട് നല്‍കിയ അവസരങ്ങളെ ഞങ്ങള്‍ക്കെങ്ങിനെ മറക്കാന്‍ കഴിയും.

കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനയോടെ.
ഒരു രാജ്യംഅന്‍പത് വര്‍ഷത്തോളം ഭരിക്കുക. അതും ശൂന്യതയില്‍ നിന്നും സ്വര്‍ഗം പണിതുകൊണ്ട്. 1970-ല്‍ സുല്‍ത്താന്‍ ഖാബൂസ് ഒമാന്‍ ഭരണം ഏറ്റെടുക്കുമ്പോള്‍ പ്രായം 30. 1972 ലെ കണക്ക് അനുസരിച്ച് അന്ന് രണ്ട് ടാര്‍ റോഡുകള്‍ മാത്രമായിരുന്നു ഒമാനില്‍ ഉണ്ടായിരുന്നത് എന്നു പറഞ്ഞാല്‍ അന്നത്തെ ചിത്രം വ്യക്തം. ഇതില്‍ ഒന്നിന്റെ ദൈര്‍ഘ്യം (തലസ്ഥാനമായ മസ്‌കറ്റില്‍ നിന്നു മത്രയിലേക്ക്) വെറും 5 കിലോമീറ്റര്‍ മാത്രമായിരുന്നു.

2007 ല്‍ ഘോനു ചുഴുലിക്കാറ്റ് ഒമാന്റെ സമ്പദ്ഘടനയെ കടപുഴക്കി എറിഞ്ഞു. എന്നാല്‍ അദ്ദേഹം വീണ്ടും പുതിയൊരു ഒമാനെ സൃഷ്ടിച്ചു.ഇന്ത്യയില്‍ പഠിച്ച സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദിന്റെ ഗുരു ആയിരുന്നു മുന്‍ രാഷട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ്മ. അടുത്ത കാലത്ത് ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ മലയാളി വൈദികന്‍ ടോം ഉഴുന്നാലിന്റെ മോചനം സാധ്യമായത് സുല്‍ത്താന്റെ ഇടപെടല്‍ മൂലമാണ്.

പ്രവാസക്കാലത്ത് പലപ്പോഴും അറിഞ്ഞിട്ടുണ്ട് ഒമാനികള്‍ക്ക് അവരുടെ കണപ്പെട്ട ദൈവമായ സുല്‍ത്താനോട് ഉള്ള സ്‌നേഹം. അല്ലെങ്കിലും കുറച്ചുനാള്‍ ഒമാനില്‍ നിന്നാല്‍ അറിയാതെ സ്‌നേഹിച്ചു പോകും ഒമാനികളെയും അവരുടെ, അല്ല നമ്മുടെ കൂടെയായ പ്രിയ സുല്‍ത്താനെയും.......ആദരാഞ്ജലികള്‍

ഓമനില്‍നിന്നു -ബിജു, വെണ്ണിക്കുളം.
ജനഹൃദയങ്ങളില്‍ വേദനയേകി വിട വാങ്ങിയ സുല്‍ത്താന്‍ (ഓമനില്‍നിന്നു ബിജു, വെണ്ണിക്കുളം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക