Image

ആശ്വാസത്തിന്റ ആകാശം സമ്മാനിച്ച് ഫൊക്കാന; ഭവനം പ്രോജക്ട് കേരളത്തിന് സമര്‍പ്പിക്കുന്നു

അനില്‍ പെണ്ണുക്കര Published on 11 January, 2020
ആശ്വാസത്തിന്റ ആകാശം സമ്മാനിച്ച് ഫൊക്കാന; ഭവനം പ്രോജക്ട് കേരളത്തിന് സമര്‍പ്പിക്കുന്നു
ജീവകാരുണ്യം എന്ന വാക്കിന് അമേരിക്കന്‍ മലയാളികള്‍ എന്നുകൂടി അര്‍ത്ഥം വയ്ക്കാം .അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ കൂട്ടായ്മയായ ഫൊക്കാന
ജീവകാരുണ്യം എന്ന മൂല്യത്തിന്റെ പ്രയോക്താക്കളായി അറിയപ്പെടുവാന്‍ തുടങ്ങിയിട്ട് മുപ്പത്തിയാറ് വര്‍ഷം പിന്നിടുന്നു.കണ്ണീരുപ്പ് പുരണ്ട ജീവിതങ്ങള്‍ക്ക് എന്നും താങ്ങും തണലുമായി നിന്ന ഫൊക്കാന 2018ലെ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിച്ച തോട്ടം തൊഴിലാളികള്‍ക്ക് കെട്ടുറപ്പുള്ള നൂറ് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുകയാണ്. സ്‌നേഹത്തിന്റെ ഉറവ വറ്റാത്ത അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ സഹായത്തോടെ മൂന്നാറില്‍ ആദ്യപടിയായി പത്തു വീടുകള്‍ പൂര്‍ത്തിയായി തോട്ടം തൊഴിലാളി കുടുംബങ്ങള്‍ നാളെ മുതല്‍ ഫൊക്കാനാ ഭവനങ്ങളിലേക്ക് പുതിയ ജീവിതത്തിന് തുടക്കം കുറിക്കുകയാണ്.

ഉരുള്‍പൊട്ടലില്‍ ജീവിതം കൈവിട്ടു പോയ കുടുംബങ്ങള്‍ക്ക് ആശ്വാസത്തിന്റെ ക്കകാശം സമ്മാനിക്കുന്ന ഭവനം പ്രോജക്ട് നാടിന് സമര്‍പ്പിക്കുന്നത് കേരള സര്‍ക്കാരിന്റെ സഹായത്തോടെയാണ്. ഫൊക്കാനയുടെ പൂര്‍ണ്ണ സഹകരണത്തോടെ കേരള സര്‍ക്കാരിന്റെ തൊഴില്‍ നൈപുണ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ കേരള വഴി തോട്ടം മേഖലയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കും, സ്വന്തമായി വീടില്ലാത്തവര്‍ക്കും വീടുകള്‍ നിര്‍മ്മിച്ച് നല്‍കുകയും ചെയ്യുന്ന ഭവനം പദ്ധതി.ഈ പദ്ധതിയുടെ ആദ്യഘട്ട വീടുകളുടെ താക്കോല്‍ ദാനമാണ് ജനുവരി പന്ത്രണ്ടിന് മൂന്നാര്‍ നഗരത്തില്‍ നടക്കുക.

അന്യജീവനുതകി സ്വജീവിതം ധന്യമാക്കുന്ന വിവേകികളുടെ ഒരു സംഘം തന്നെയാണ് അമേരിക്കന്‍ മലയാളി സമൂഹമെന്ന് ഇത്തരം പുണ്യ പ്രവര്‍ത്തിയിലൂടെ ഫൊക്കാന നമുക്ക് കാട്ടിത്തരുന്നു. മാനവികതയുടെ വിഭിന്ന ആവിഷ്‌ക്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഫൊക്കാനയുടെ നെറുകയില്‍ ഒരു പൊന്‍ തൂവലാകും ഫൊക്കാനാ ഭവനം പ്രോജക്ട് .

ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി നായര്‍ക്കും, അദ്ദേഹം നേതൃത്വം നല്‍കുന്ന കമ്മറ്റിക്കും ഹൃദയത്തില്‍ തൊട്ട് അഭിമാനിക്കാം ഇതൊരു ചരിത്ര നിമിഷമെന്ന് ..

ഏത് പ്രളയ കാലുഷ്യങ്ങളേയും അതിജീവിക്കുവാന്‍ അശരണരെ പ്രാപ്തരാക്കുന്ന ഒരു സംഘടനയുടെ സ്‌നേഹ സാന്നിദ്ധ്യം കൂടി ഫൊക്കാനയുടെ ഏതൊരു പ്രവര്‍ത്തനത്തിലും നമ്മള്‍ക്ക് കാണാം.

ജനുവരി 12 ന് മൂന്നാര്‍ ടൗണില്‍ നടക്കുന്ന ഭവനം പ്രോജക്ട് സമര്‍പ്പണം ചടങ്ങില്‍ സംസ്ഥാന മന്ത്രിമാരായ ശ്രീ.എം.എം മണി, ശ്രീ.ടി.പി രാമകൃഷ്ണന്‍, അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പി, എസ്.രാജേന്ദ്രന്‍ എം.എല്‍.എ ,അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യജിത്ത് രാജന്‍ ഐ.എ.എസ്, ദേവി കുളം സബ് കളക്ടര്‍ പ്രേം കൃഷ്ണന്‍ ഐ എ എസ്, ഫൊക്കാനാ പ്രസിഡണ് മാധവന്‍ നായര്‍, കണ്ണന്‍ ദേവന്‍ എം.ഡി കെ.എം മാത്യു ഏബ്രഹാം, ഹാബിറ്റാറ്റ് ചെയര്‍മാന്‍ ജി.ശങ്കര്‍ എന്നിവര്‍ മുഖ്യാതിഥികളാകും.
ഫൊക്കാന എക്‌സിക്യുട്ടീവ് അംഗങ്ങള്‍, വിവിധ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി വ്യക്തികള്‍ പങ്കെടുക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങ് നമുക്ക് ഓരോരുത്തര്‍ക്കം സമൂഹത്തോടും, അവിടെയുള്ള അശരണരായവരോടും ഉത്തരവാദിത്വവും സ്‌നേഹവും ഉണ്ടാകേണ്ടതാണെന്നും ബോധ്യമാകുന്ന മാനവികതയുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാകും എന്നതില്‍ സംശയമില്ല.

ഫൊക്കാനയുടെ ഭവനം പ്രോജക്ടിന്
ഇ മലയാളിയുടെ ഹൃദയം നിറഞ്ഞ ആശംസകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക