Image

രിസാല സ്റ്റഡി സര്‍ക്കിള്‍ കലാലയം പുരസ്‌കാരം' സൃഷ്ടികള്‍ ക്ഷണിക്കുന്നു

Published on 08 January, 2020
രിസാല സ്റ്റഡി സര്‍ക്കിള്‍ കലാലയം പുരസ്‌കാരം' സൃഷ്ടികള്‍ ക്ഷണിക്കുന്നു

കവൈറ്റ് സിറ്റി : രിസാല സ്റ്റഡി സര്‍ക്കിള്‍ നടത്തുന്ന പതിനൊന്നാമത് നാഷനല്‍ സാഹിത്യോത്സവിന്റെ ഭാഗമായി കലാലയം സാംസ്‌കാരിക വേദി പ്രവാസി മലയാളികളിലെ എഴുത്തുകാര്‍ക്കായി 'കലാലയം പുരസ്‌കാരം' നല്‍കുന്നു. കഥ, കവിത, പ്രബന്ധം എന്നീ വിഭാഗങ്ങളില്‍ അതാത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഓരോരുത്തര്‍ക്കാണ് പ്രഥമമായി പുരസ്‌കാരം സമ്മാനിക്കുക. കുവൈറ്റില്‍ താമസിക്കുന്ന പ്രവാസികള്‍ മുമ്പ് പ്രസിദ്ധീകരിക്കാത്ത അവരുടെ മൗലിക രചനകളാണ് പുരസ്‌കാരത്തിന് സമര്‍പ്പിക്കേണ്ടത്.

മലയാള സാഹിത്യത്തില്‍ വിവിധ മേഖലകളില്‍ സംഭാവനകള്‍ അര്‍പ്പിച്ച കെഇഎന്‍ കുഞ്ഞഹമ്മദ് ചെയര്‍മാനായുള്ള ജൂറിയായിരിക്കും പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കുക. 2020 ഫെബ്രുവരി ഏഴിനു സാല്‍മിയയില്‍ നടക്കുന്ന കുവൈറ്റ് നാഷനല്‍ സാഹിത്യോത്സവില്‍ പുരസ്‌കാരം സമ്മാനിക്കും.

ഒരാളില്‍ നിന്ന് പരമാവധി ഒരു കഥയും കവിതയും പ്രബന്ധവും മാത്രമേ സ്വീകരിക്കുകയുള്ളൂ. കവിത 40 വരികളിലും കഥ 400 വാക്കുകളിലും പ്രബന്ധം 500 വാക്കുകളിലും കവിയരുത്. കോടതി, സൈന്യം ഹൈജാക്ക് ചെയ്യപ്പെടുന്ന ജനാധിപത്യവും രാജ്യസുരക്ഷയും എന്നതാണ് പ്രബന്ധ വിഷയം. കവിത, കഥ എന്നിവക്ക് വിഷയം നിര്‍ണയിക്കപ്പെട്ടിട്ടില്ല. സൃഷ്ടികള്‍ മുമ്പ് വെളിച്ചം കാണാത്തതോ മറ്റു മത്സരങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ടവയോ ആയിരിക്കരുത്.

കലാലയം പുരസ്‌കാരത്തിലേക്കുള്ള സൃഷ്ടികള്‍ സ്വന്തം ഇമെയിലില്‍ നിന്ന് kalalayamkuwait@gmail.com എന്ന വിലാസത്തിലേയ്ക്ക് 'കലാലയം പുരസ്‌കാരം' എന്ന് സബ്ജക്ട് ലൈനില്‍ എഴുതി മാത്രം സമര്‍പ്പിക്കുക. നാട്ടിലെയും പ്രവാസ ലോകത്തെയും വിലാസം, ബന്ധപ്പെടേണ്ട നമ്പര്‍, സ്വയം പരിചയപ്പെടുത്തിയ ചെറുവിവരണം, എഴുത്തിന് മറ്റു അവാര്‍ഡുകളോ നേട്ടങ്ങളോ ലഭിച്ചിട്ടുണ്ടെങ്കില്‍ അത്, എന്നിവയും സൃഷ്ടിയോടൊപ്പം വയ്ക്കണം. രചനകള്‍ ടൈപ് ചെയ്ത പിഡിഎഫ് ഫോര്‍മാര്‍റ്റിലോ യുനികോഡ് ഫോണ്ടിലോ ആണ് അയക്കേണ്ടത്. 2020 ജനുവരി 31 ന് രാത്രി പതിനൊന്നിനു മുമ്പായി ലഭിക്കുന്ന എന്‍ട്രികള്‍ ആണ് മത്സരത്തിന് പരിഗണിക്കുക.
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 60447925, 60949593

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക