Image

ദീപികയുടെ ജെഎന്‍യു സന്ദര്‍ശനം! നടിയെ പിന്തുണച്ചും വിമര്‍ശിച്ചും ട്വിറ്റര്‍ ഹാഷ്ടാഗുകള്‍

Published on 08 January, 2020
ദീപികയുടെ ജെഎന്‍യു സന്ദര്‍ശനം! നടിയെ പിന്തുണച്ചും വിമര്‍ശിച്ചും ട്വിറ്റര്‍ ഹാഷ്ടാഗുകള്‍

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യാദാര്‍ഡ്യം പ്രഖ്യാപിച്ചുളള ദീപിക പദുകോണിന്റെ സന്ദര്‍ശനം കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥിക്കൊപ്പമാണ് താനെന്നാണ് ദീപിക പ്രഖ്യാപിച്ചത്. നടിയുടെ എറ്റവും പുതിയ ചിത്രം ഛപ്പക്ക് റിലീസിങ്ങിനൊരുങ്ങുന്ന സമയത്താണ് ദീപികയുടെ അപ്രതീക്ഷിത സന്ദര്‍ശനം.


തുടര്‍ന്ന് നടിക്കെതിരെ ബിജെപി അടക്കമുളളവര്‍ രംഗത്തെത്തിയിരുന്നു. ദീപികയുടെത് സിനിമയ്ക്കായുളള പ്രമോഷനാണെന്നും നടിയുടെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്നുമായിരുന്നു ബിജെപിയുടെ ആഹ്വാനം. ദീപികയെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. സംഭവത്തെ തുടര്‍ന്ന് #isupportdeepika,#boycottchhapaak #shameonbollywood തുടങ്ങിയ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി മാറിയിരുന്നു.


സംവിധായകരായ അനുരാഗ് കശ്യപ്, നിഖില്‍ അദ്വാനി തുടങ്ങിയവര്‍ ദീപികയെ പിന്തുണച്ചുകൊണ്ടായിരുന്നു രംഗത്തെത്തിയത്. ദീപികയുടെ ജെഎന്‍യു സന്ദര്‍ശനത്തിന്റെ ചിത്രം അനുരാഗ് കശ്യപ് ട്വിറ്ററില്‍ പ്രൊഫൈല്‍ പികായി വെക്കുകയും ചെയ്തിരുന്നു. ദീപികയുടെ സന്ദര്‍ശനത്തെ അഭിനന്ദിച്ച്‌ ചപ്പക്കിലെ സഹതാരം വിക്രാന്ത് മസൈയും എത്തി.


അതേസമയം തന്നെ ബോയ്‌കോട്ട് ഛപ്പക്ക് എന്ന പേരിലും ഹാഷ്ടാഗുകള്‍ നിരവധിയായി ട്വിറ്ററില്‍ വരുന്നു. രണ്ട് ദിവസം മുന്‍പ് ജെഎന്‍യുവില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘം നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ദീപിക എത്തിയത്. വൈകീട്ട് ഏഴരയോടെയാണ് നടി ജെഎന്‍യുവില്‍ എത്തിയത്. ഏകദേശം 15 മിനിറ്റോളം അവര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചെലവഴിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച താരം അക്രമത്തില്‍ പരിക്കേറ്റ സ്റ്റുഡന്‍സ് യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനോടും മറ്റ് വിദ്യാര്‍ത്ഥികളോടും സംസാരിച്ച ശേഷമാണ് ക്യാമ്ബസില്‍ നിന്ന് മടങ്ങിയത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക