Image

സംയുക്ത ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളും മെത്രാപോലീത്തായുടെ സ്ഥാനാരോഹണ വാര്‍ഷികവും

ജോര്‍ജ് കറുത്തേടത്ത് Published on 08 January, 2020
സംയുക്ത ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളും മെത്രാപോലീത്തായുടെ സ്ഥാനാരോഹണ വാര്‍ഷികവും
അമേരിക്കന്‍ മലങ്കര അതിഭദ്രാസന, നോര്‍ത്ത് ഈസ്റ്റ് റീജിയനിലെ ദേവാലയങ്ങളുടെ സംയുക്ത ക്രിസ്തുമസ്സ്, പുതുവത്സര ആഘോഷങ്ങളും, ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്തായുടെ 16-ാമത് സ്ഥാനാരോഹണ വാര്‍ഷികവും 2020 ജനുവരി 11-ാം തിയ്യതി ന്യൂജേഴ്‌സിയിലെ പാരമസിലുള്ള മോര്‍ അപ്രേം സെന്റര്‍ ഹാളില്‍ വെച്ച് നടത്തപ്പെടുന്നു.

സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പിന്റേയും, മലങ്കര ടിവിയുടേയും സംയുക്ത ആഭിമുഖ്യത്തിലും, ഭദ്രാസന കൗണ്‍സിലിന്റെ സഹകരണത്തിലും നടത്തപ്പെടുന്ന ഈ പ്രോഗ്രാമിന് വിവിധ ഇടവകകളില്‍ നിന്നുമായി, ബഹുമാനപ്പെട്ട വൈദീകര്‍ക്കുപുറമേ, നൂറുകണക്കിന് വിശ്വാസികളും പങ്കുചേരും.

അനുദിനം പ്രശ്‌നങ്ങളാല്‍ സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോക സാഹചര്യങ്ങളില്‍ സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ഐക്യത്തിന്റേയും സന്ദേശമേകുന്ന ക്രിസ്തുമസ് ആഘോഷത്തിലൂടെ സമ്പദ് സമൃദ്ധിയും ഐശ്വര്യ പൂര്‍ണ്ണവുമായ ഒരു പുതുവത്സരം നേര്‍ന്നുകൊണ്ട്, 18- 20 ദേവാലയങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തപ്പെടുന്ന ഈ 'അവ്‌സമരണീയ സംഗമം' വന്‍ വിജയമാക്കുവാന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തുവരുന്നതായി റവ ഫാ ജെറി ജേക്കബ് ശ്രീ ജെയിംസ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

ഈ ചടങ്ങിനോടനുബന്ധിച്ച് തന്നെ ഭദ്രാസന മെത്രാപോലീത്താ, അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്തായുടെ 16-ാമത് സ്ഥാനാരോഹണ വാര്‍ഷികവും സമുചിതമായി ആഘോഷിക്കുന്നു. അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ കീഴില്‍ നോര്‍ത്ത് അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ 60 ഓളം വരുന്ന ദേവാലയങ്ങളിലെ ബഹുമാനപ്പെട്ട വൈദികരും, നൂറുകണക്കിന് വിശ്വാസികളുമടങ്ങുന്ന വിശ്വാസ സമൂഹത്തെ കഴിഞ്ഞ 16 വര്‍ഷക്കാലമായി സത്യ വിശ്വാസത്തിലും, ആത്മീയ നിറവിലും, സുധൈര്യം വഴി നടത്തി ഭദ്രാസനത്തിന്റെ സര്‍വ്വോത്മുഖമായ വളര്‍ച്ചക്കായി, അശ്രാന്ത പരിശ്രമം നടത്തുന്ന അഭിവന്ദ്യ പിതാവിന് ഈ അവസരത്തില്‍ എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നതായി ഭദ്രാസന സെക്രട്ടറി റവ ഫാ പോള്‍ തോട്ടക്കാട്ട് അറിയിച്ചു.

ഈ അനുഗ്രഹീത ചടങ്ങിന് ഭദ്രാസന സെക്രട്ടറി സ്വാഗതമാശംസിക്കും. സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഈസ്‌റ്റേണ്‍ റീജിയന്‍ മെത്രാപോലീത്താ ആര്‍ച്ച് ബിഷപ്പ് 'മാര്‍ ദിവന്നാസ്യോസ്' യൂഹാനോന്‍ കവാക്ക് ആശംസാ സന്ദേശം നല്‍കും. അഭിവന്ദ്യ ഇടവക മെത്രാ പോലീത്തായുടെ മറുപടി പ്രസംഗത്തിന് ശേഷം ഭദ്രാസന ട്രഷറര്‍ ശ്രീ പി ഒ ജേക്കഹ് നന്ദി രേഖപ്പെടുത്തും. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി ആര്‍ ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക