Image

അനുഭവക്കുറിപ്പുകള്‍-60 (ജയന്‍ വര്‍ഗീസ്)

ജയന്‍ വര്‍ഗീസ് Published on 06 January, 2020
അനുഭവക്കുറിപ്പുകള്‍-60 (ജയന്‍ വര്‍ഗീസ്)
ഞങ്ങളുടെ ലാന്‍ഡ്‌ലോര്‍ഡ് ആയിരുന്ന പാസ്റ്റര്‍ വീട് വിറ്റു. പെട്ടെന്നായിരുന്നു തീരുമാനം. ഇവിടെ തരക്കേടില്ലാത്ത ജോലികളും, രണ്ടു വീടുകളും, ഉണ്ടായിരുന്ന പാസ്റ്റര്‍ ദന്പതികള്‍ തങ്ങളുടെ സന്പാദ്യങ്ങള്‍ വിറ്റു പെറുക്കി നാട്ടില്‍ പോയി സുവിശേഷ വേല പരിപോഷിപ്പിക്കുന്നതിനാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. എല്‍ദോസിന്റെ ആത്മ മിത്രമായിരുന്ന ഡെന്നിയെ പിരിയുന്നതില്‍ അവനെപ്പോലെ തന്നെ ഞങ്ങള്‍ക്കും ദുഖമുണ്ടായിരുന്നുവെങ്കിലും, മനുഷ്യ ജീവിതത്തില്‍ ഇത്തരം അനുഭവങ്ങള്‍ സര്‍വ സാധാരണമാണെന്നുള്ള ലോക തത്വം ഞങ്ങള്‍ സ്വയമുള്‍ക്കൊള്ളുകയായിരുന്നു. 

( നാട്ടില്‍ മദ്ധ്യ കേരളത്തില്‍ എവിടെയോ സുവിശേഷാലയവുമൊക്കെ സ്ഥാപിച്ചു പ്രവര്‍ത്തിക്കുന്നതിനിടയില്‍ ഞങ്ങള്‍ '  ആന്റി ' എന്ന് വിളിച്ചിരുന്ന പാസ്റ്ററുടെ ഭാര്യ മരണപ്പെടുകയും, നാട് മടുത്ത പാസ്റ്റര്‍ മകനോടൊപ്പം തിരിച്ചു വന്ന് ഫ്‌ലോറിഡയില്‍ സെറ്റിലാവുകയും, അവിടെ വച്ച് മരണമടയുകയും ചെയ്തതായി അറിഞ്ഞു. വിവാഹം കഴിച്ചു കുടുംബവും, കുട്ടികളും ഒക്കെയായി ഡെന്നി ഇപ്പോള്‍ ഫ്‌ലോറിഡയില്‍ താമസിക്കുന്നു. വല്ലപ്പോഴും സ്‌നേഹപൂര്‍വ്വം വിളിക്കാറുമുണ്ട് ഡെന്നി. )

കോട്ടയം കാരനായ സണ്ണി തോമസ് എന്ന മലയാളിയാണ് പാസ്റ്ററുടെ വീട് വാങ്ങിയത്. ഭാര്യയും, മൂന്നു കുട്ടികളും മാതാപിതാക്കളും, മൂന്നു സഹോദരിമാരും അടങ്ങുന്ന സണ്ണിയുടെ വലിയ കുടുംബത്തിന് വീട് മുഴുവനായും വേണ്ടിയിരുന്നു. എങ്കിലും ഞങ്ങളെ തുടര്‍ന്നും താമസിക്കുവാന്‍ സണ്ണി അനുവദിച്ചു. വിവാഹിതരായ സഹോദരിമാരുടെ ഭര്‍ത്താക്കന്മാര്‍ വരുന്ന മുറക്ക് അവര്‍ക്ക് താമസിക്കാനായി അപ്പോള്‍ വീട് ഒഴിഞ്ഞു തരണമെന്ന് സണ്ണി മുന്‍കൂര്‍ പറഞ്ഞിരുന്നു.

ഒരു വര്‍ഷം കൂടി കഴിഞ്ഞു. ഞങ്ങളുടെ ആദ്യ പേരക്കുട്ടിയായി ആശയുടെ മകന്‍ ഷോണ്‍ പിറന്നു. ആശുപത്രിയില്‍ നിന്ന് അമ്മയും, കുഞ്ഞും വന്നത്  'അമ്മ വീട് ' എന്ന നിലയില്‍ ഞങ്ങളുടെ ബേസ്‌മെന്റിലേക്കായിരുന്നു. മുകളിലെ ബാത്ത് റൂമില്‍ നിന്ന് അല്‍പ്പം ലീക്ക് ഒക്കെ ഉണ്ടായിരുന്ന ബേസ്‌മെന്റില്‍ വന്ന് കുട്ടിയെ കാണുന്‌പോള്‍ അമേരിക്കയില്‍ വന്നു നല്ല നിലയില്‍ കഴിയുകയായിരുന്ന പല അച്ചായന്മാരുടെയും മുഖങ്ങളില്‍ ഞങ്ങളോടുള്ള വല്ലാത്ത ഒരു പുച്ഛമായിരുന്നു നിറഞ്ഞു നിന്നിരുന്നത് എന്ന് തോന്നിയിട്ടുണ്ട്. 

മകളും, കുടുംബവും മറ്റൊരു വാടക വീട്ടിലേക്കു താമസം മാറി. കര്‍ശനമായ നിയമങ്ങളും, നിയന്ത്രണവും പുലര്‍ത്തിയിരുന്ന ഒരു വെള്ളക്കാരന്റെ വീടിന്റെ സൈഡ് അപ്പാര്‍ട്‌മെന്റ് ആയിരുന്നു അത്. മരുമകന്‍ നൈറ്റ് ഡ്യൂട്ടി ചെയ്യുകയായിരുന്നു അക്കാലത്ത്. രാത്രികളില്‍ കുട്ടിയുമായി തനിച്ചാവുന്‌പോള്‍ പുറത്തു വാതിലിന്നടുത്തു നിന്ന് ഒരു പേടിപ്പെടുത്തുന്ന ശബ്ദം കേള്‍ക്കുന്നുവെന്നും, അതുമൂലം പേടിച്ചിട്ട് അവള്‍ക്കുറങ്ങാന്‍ കഴിയുന്നില്ലെന്നും, പല ദിവസങ്ങളായി ഇത് തുടരുകയാണെന്നും, ഇക്കണക്കിന് അവള്‍ക്ക് അവിടെ തനിച്ചിരിക്കാന്‍ പേടിയാണെന്നും മകള്‍ പരാതി പറഞ്ഞു. 

ഏതൊരു പ്രശ്‌നങ്ങളെയും ധീരമായി നേരിടുന്നതിനുള്ള ഒരു പരിശീലനം ഞങ്ങളുടെ കുടുംബ പരമായിത്തന്നെ അവള്‍ക്ക് കിട്ടിയിരുന്നുവെങ്കിലും, കുട്ടി കൂടി ഉള്ളത് കൊണ്ട്  ഇതിന്റെ പേരില്‍ അവള്‍ പേടിച്ചു  വിറക്കുകയാണ്. കൂടുതല്‍ വിശദീകരിച്ചപ്പോള്‍ ആളും അനക്കവും അടങ്ങുന്‌പോള്‍ വാതില്‍ക്കല്‍ ' സ് സ് സ് സ് ' എന്നൊരു ശബ്ദമാണ് കേള്‍ക്കുന്നത് എന്ന്  അവള്‍ പറഞ്ഞു. ഏതായാലും അടുത്ത ദിവസം നല്ലൊരു ഫഌഷ് ലൈറ്റുമായി ഞങ്ങളും അവളുടെ അപ്പാര്‍ട്ടുമെന്റില്‍ കൂടി. ശ്വാസം വിടുന്ന ഒച്ച പോലും പുറത്തു കേള്‍പ്പിക്കാതെ, ലൈറ്റുകള്‍ എല്ലാം അണച്ച് വാതില്‍ തുറന്നിട്ടു ഞങ്ങള്‍ കാത്തിരിക്കുകയാണ്. അപ്പോള്‍ അതാ കേള്‍ക്കുന്നു : ' സ് സ് സ് സ് ' എന്ന ശബ്ദം. പെട്ടെന്ന് പൂത്തിറങ്ങി ഞാന്‍ ലൈറ്റ് തെളിച്ചതോടെ ഗാര്‍ബേജ് ക്യാന്‍ മറിച്ചിട്ടുകൊണ്ട് രണ്ടു ജീവികള്‍ ഇരുട്ടിലേക്ക് ഓടി മറഞ്ഞു. 

പുറത്തു സൂക്ഷിച്ചിരുന്ന ഗാര്‍ബേജ് ക്യാനിലാണ് അവള്‍ അന്നന്നത്തെ വേസ്റ്റുകള്‍ സൂക്ഷിച്ചിരുന്നത്. രാത്രികള്‍ തോറും ഇത് തിന്നുവാനായി ' റാക്കൂണ്‍ ' എന്നറിയപ്പെടുന്ന പൂച്ചയെപ്പോലുള്ള ജീവികള്‍ വന്നിരുന്നു എന്നതാണ് സംഗതി. ഈ റാക്കൂണുകള്‍ പരസ്പരം ആശയ വിനിമയം നടത്തുന്ന ശബ്ദമാണ് ' സ് സ് സ് സ് 'എന്ന് കേട്ടിരുന്നത്. ഗാര്‍ബേജ് ക്യാന്‍ അകത്തു സൂക്ഷിക്കുവാനും, പിക്കപ്പ് ദിവസങ്ങളില്‍ മാത്രം പുറത്തു വയ്ക്കുവാനും ഉള്ള സംവിധാനം ഏര്‍പ്പെടുത്തിയതോടെ മകളെ വിറപ്പിച്ചിരുന്ന ആ ശല്യം ഒഴിവായിക്കിട്ടി. 

പെട്ടെന്നാണ് സണ്ണിയുടെ അളിയന്മാര്‍ നാട്ടില്‍ നിന്ന് വരികയാണ് എന്ന വിവരം കിട്ടിയത്. മുന്‍പേ വിവരം അറിയാമായിരുന്നെങ്കിലും, പെട്ടെന്ന് വീടൊഴിയുന്നതിനെപ്പറ്റി ചിന്തിച്ചിരുന്നതേയില്ല. സണ്ണിയുടെ ഇളയ പെങ്ങള്‍ താഴെ ഇറങ്ങി വന്ന്, ആഗസ്റ്റ് മാസം പതിനഞ്ചിന് മുന്‍പ് വീടൊഴിഞ്ഞു തരണം എന്ന് ആവശ്യപ്പെട്ടത്തോടെയാണ് തകൃതിയായ വീടന്വേഷണം ആരംഭിച്ചത്. 

ഒരു വാടക വീടല്ലേ, എന്താ ഇത്ര വിഷമം എന്ന് തോന്നിയേക്കാം. പക്ഷെ അന്വേഷിക്കുന്‌പോളാണ് ഓരോ പ്രശ്‌നങ്ങള്‍ തലയുയര്‍ത്തുന്നത്. നാല് പേര്‍ക്ക് താമസിക്കാന്‍ മൂന്ന് ബെഡ് റൂമുകള്‍ വേണം എന്നാണ് അമേരിക്കന്‍ രീതി. വല്ല മലയാളികളും ഇളവ് അനുവദിച്ചാല്‍ പോലും രണ്ടു ബെഡ്‌റൂം കൂടിയേ തീരൂ എന്നാണ് പൊതുവായ ഒരു രീതി. രണ്ടു ബെഡ്‌റൂമുള്ള അപ്പാര്‍ട്‌മെന്റുകള്‍ തേടി പലേടത്തും പോയി. നമ്മുടെ മലയാളികള്‍ നിവര്‍ത്തിയുണ്ടെങ്കില്‍ ഒരു മലയാളിയെ ഒഴിവാക്കുക തന്നെ ചെയ്യും. അവരുടെ കുടുംബ രഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടാവാന്‍ ഇത് കാരണമാവും എന്നാണു അവരുടെ ന്യായം. വരുന്ന ആള്‍ ജോലിയും കൂലിയും ഇല്ലാത്ത ദരിദ്രവാസി ആണെന്ന് കൂടി അറിഞ്ഞാല്‍ ആ ഭാഗത്തേക്ക് പിന്നെ അടുപ്പിക്കുകയില്ല. മുഖഛായ കൊണ്ട് മലയാളിയെ തിരിച്ചറിയാന്‍ കഴിയുകയും, ഒരു ' ഹായ് ' പറയാം എന്ന് വച്ച് സമീപിച്ചാലും ആള്‍ നിന്ന് തരില്ല.  ഭയങ്കര തിരക്ക് അഭിനയിച്ചു കൊണ്ട് ഇംഗ്ലീഷും പറഞ്ഞു കൊണ്ടായിരിക്കും പിന്നത്തെ ഓട്ടം. മലയാളി എന്നാല്‍ പാരയാണെന്ന് ഒരു ധാരണ മലയാളി തന്നെ വച്ച് പുലര്‍ത്തുന്നതായിരിക്കാം ഇതിനു കാരണം. ( ഇത് എല്ലാ മലയാളികളെയും കുറിച്ചുള്ള വിലയിരുത്തലല്ല എന്ന് കൂടി പറഞ്ഞു കൊള്ളട്ടെ.)

വീടൊഴിയേണ്ട ദിവസം അടുക്കുകയാണ്. അന്വേഷണങ്ങള്‍ എല്ലാം പരാജയപ്പെട്ടു കഴിഞ്ഞു. ഇപ്പോള്‍ താമസിക്കുന്നിടത്തു നിന്ന് നാല് മൈലിലധികം ദൂരമുള്ള ഒരിടത്ത് അപ്പാര്‍ട്‌മെന്റുകള്‍ ഉണ്ട് എന്നറിഞ്ഞു അവിടെ പോയി അന്വേഷിച്ചു. റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സ് നടത്തുന്ന െ്രെപവറ്റ് കന്പനികളില്‍ ഒന്നിന്റെ വകയായിട്ടുള്ള പ്രോജക്റ്റാണ് അത്. നൂറു കണക്കിന് വീടുകളുണ്ട്. ഓരോന്നിലും രണ്ടും, മൂന്നും, നാലും അപ്പാര്‍ട്‌മെന്റുകള്‍ ഉണ്ടാവും. വാടക പൊതുവേ അല്‍പ്പം കൂടുതലാണ്. കൂടാതെ മെയിന്റനന്‍സ് ഫീ എന്ന നിലയില്‍ വാടകയുടെ പകുതിയോളം വരുന്ന തുക മാസം തോറും അടക്കണം. മൂന്നു മാസത്തെ വാടകക്ക് തുല്യമായ തുക സെക്യൂരിറ്റയായി  മുന്‍കൂര്‍ അടക്കണം. ഒക്കെക്കൂടി നമ്മളുണ്ടാക്കുന്ന തുക ഒട്ടുമുക്കാലും കന്പനിക്ക് കൊടുക്കണം  ഇതാണ് വ്യവസ്ഥ.

ഒരു വ്യാഴാഴ്ചയാണ് ഇത് സംഭവിക്കുന്നത്. വ്യാഴ്ചകളില്‍ ഉച്ചക്ക് ഒരു മണിക്കൂര്‍ ലഞ്ച് ബ്രെക്കുണ്ട്. വ്യാഴാഴ്ചളില്‍ ആണ് കന്പനിയില്‍ നിന്ന് ചെക്ക് കിട്ടുന്നത്. അത് മാറിയെടുക്കുന്നതിനും മറ്റുമാണ് അന്ന് കൂടുതല്‍ സമയം അനുവദിച്ചിട്ടുള്ളത്. ഈ ലഞ്ച് സമയം ഉപയോഗപ്പെടുത്തിയാണ് ഞാന്‍ എത്തിയിരിക്കുന്നത്. ഒരു ടൂ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു വച്ചു. സെക്യൂരിറ്റിയുമായി ശനിയാഴ്ച വരാം എന്നുറപ്പു കൊടുത്തിട്ട് സമയത്തിന് എത്തി  കന്പനിയില്‍ ജോലിക്കു കയറി. 

ഗ്യാസ് സ്‌റ്റേഷനിലെ പതിവുറക്കം അന്നുണ്ടായില്ല. ഒരു വലിയ ട്രാപ്പിലാണ് പെട്ടിരിക്കുന്നതെന്ന് സഹ ജോലിക്കാര്‍ മുന്നറിയിപ്പ് തന്നിരുന്നു. ഡ്രഗ്ഗ് അഡിക്ടുകളും, മദ്യസേവക്കാരും ഒക്കെയാണ് പൊതുവേ ഇത്തരം അപ്പാര്‍ട്‌മെന്റുകളിലെ താമസക്കാര്‍ എന്നും, എല്ലാത്തരം അനാശ്യാസങ്ങളുടെയും അരങ്ങായിരിക്കും അവിടം എന്നും ചിലര്‍ പറഞ്ഞു. മാത്രമല്ലാ അവരെപ്പോലെ അവരോടൊപ്പം അടിച്ചു നില്‍ക്കാന്‍ കഴിയുന്നവര്‍ക്കേ അവിടെ പിടിച്ചു നില്‍ക്കാന്‍ കഴിയുകയുള്ളൂവെന്നും, അവരുടെ താല്‍പ്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരെ കായികമായിപ്പോലും നേരിടുവാന്‍ അവര്‍ക്കു മടിയില്ലെന്നും ഒക്കെയായിരുന്നു എനിക്ക് കിട്ടിയ പുതിയ അറിവുകള്‍.

ഏഴു മണിക്ക് തന്നെ ഗ്യാസ് സ്‌റ്റേഷനില്‍ നിന്നിറങ്ങി കന്പനിയിലേക്ക് തിരിച്ചു. വഴിയില്‍ മുഴുവന്‍ അസ്വസ്ഥത കൂട്ടിനുണ്ടായിരുന്നു. കന്പനിയിലെത്തി ജോലിയില്‍ മുഴുകുന്‌പോഴും ആ അസ്വസ്ഥതയുടെ നീറ്റല്‍ അനുഭവപ്പെടുന്നുണ്ടായിരുന്നു. നാളെയാണ് സെക്യൂരിറ്റിയുമായി ചെല്ലാമെന്ന് പറഞ്ഞിരിക്കുന്നത്. മലയാളികളായ സുഹൃത്തുക്കള്‍ പറയുന്നത് അങ്ങോട്ട് പോകരുതെന്നാണ്. 'പോയില്ലെങ്കില്‍ പിന്നെ എങ്ങനെ വീടൊഴിഞ്ഞു കൊടുക്കും '  എന്ന ചോദ്യത്തിന് അവര്‍ക്കു ഉത്തരവുമില്ല. ഇഴഞ്ഞു നീങ്ങിയ സമയം ഉച്ചക്കുള്ള ലഞ്ച് ബ്രെക്കില്‍ എത്തി പിടഞ്ഞു നിന്നു. 

കട്ടിങ് റൂം സ്ഥിതി ചെയ്യുന്ന അഞ്ചാം നിലയുടെ വടക്കു കിഴക്കേ കോണില്‍ പുറത്തേക്കു തള്ളി നില്‍ക്കുന്ന ഒരു ബാല്‍ക്കണിയുണ്ട്. കാറ്റും, വെളിച്ചവും സുഗമമായി ലഭിക്കുന്ന അവിടെ കെട്ടിടത്തിന്റെ നിഴല്‍ ഒരുക്കുന്ന തണലും ഉണ്ട്. സമ്മര്‍ സീസണില്‍ അവിടെയിരുന്നു കാറ്റുകൊണ്ടും, ' ഹഡ്‌സണ്‍ ' നദിയുടെ  അക്കരെയുള്ള യഥാര്‍ത്ഥ ന്യൂ യോര്‍ക്ക്  സിറ്റിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ഉള്‍പ്പടെയുള്ള അംബര ചുംബികളുടെ ഇടനാഴികളില്‍ അരങ്ങേറുന്ന പ്രൗഢ ഗംഭീരങ്ങളായ ജീവിത വഴികളുടെ വിസ്മയ ചിത്രങ്ങള്‍ മനസ്സില്‍ ആവാഹിച്ചു കൊണ്ടുമാണ് ഞാന്‍ ലഞ്ച് കഴിച്ചിരുന്നത്. കൂട്ടിന് ' റോബര്‍ട്ടോ ' എന്ന് പേരുള്ള ഹോണ്ടൂറാസ് കാരന്‍ യുവാവ് എന്നുമുണ്ടാവും. തന്റെ ഇഷ്ട ഗായികയുടെ മനോഹര ചിത്രം പ്രിന്റു ചെയ്തിട്ടുള്ള ടി ഷര്‍ട്ടാണ് റോബര്‍ട്ടോ എന്നും ധരിച്ചിരുന്നത്. ബാക്കിയുള്ളവര്‍ അകത്തെ ലഞ്ച് റൂമില്‍ ഇരുന്നാണ് കഴിപ്പ്. സ്പാനിഷ് സംഗീതം തലയ്ക്ക് പിടിച്ചിട്ടുള്ള റോബര്‍ട്ടോ തന്റെ കൊച്ചു ടേപ്പ് റിക്കോര്‍ഡറില്‍ നിന്നുള്ള സംഗീതം സ്വസ്ഥമായി ആസ്വദിക്കുന്നതിനാണ് ബാല്‍ക്കണി തെരഞ്ഞെടുത്തിട്ടുള്ളത്.  

അന്നത്തെ ലഞ്ച് ഞാന്‍ കഴിച്ചുവെന്ന് വരുത്തിയതേയുള്ളു. വളരെ പ്രയാസപ്പെട്ടിട്ടാണ് ഓരോന്നും തൊണ്ടയില്‍ നിന്ന് താഴോട്ടിറങ്ങുന്നത്. മറ്റൊരു കോണില്‍ സ്വസ്ഥമായിരുന്നു കൊണ്ട് റോബര്‍ട്ടോ തന്റെ ഇഷ്ട ഗായികയുടെ പാട്ട് ആസ്വദിച്ചു കൊണ്ടേയിരിക്കുന്നു. നിസ്സഹായനായി ഒറ്റപ്പെട്ടു പോയ ഒരു പക്ഷിക്കുഞ്ഞിനെപ്പോലെ ഞാന്‍ മേലോട്ട് നോക്കി. അസുലഭമായ സമ്മറിന്റെ ആകര്‍ഷകമായ ഒരു ദിവസം. ഇലച്ചാര്‍ത്തുകള്‍ വാരിപ്പുതച്ച്, പുഞ്ചിരിപ്പൂക്കള്‍ വാരി വിതറി തലയാട്ടി നില്‍ക്കുന്ന മരങ്ങളും, ചെടികളും. താഴെ റോഡിലൂടെ ഒഴുകി നീങ്ങുന്ന വാഹനങ്ങളുടെ ചില്ലുകള്‍ സൂര്യ പ്രകാശം പ്രതിഫലിപ്പിച്ചു കൊണ്ട് കൊച്ചു കൊച്ചു സൂര്യന്മാരെ സൃഷ്ടിക്കുന്നു. ഉച്ചവെയിലിന്റെ ഉഗ്ര രശ്മികള്‍ പ്രസരിപ്പിച്ചു കൊണ്ട് ഉച്ചിക്കു മുകളില്‍ കത്തി നില്‍ക്കുന്ന സൂര്യന്‍. കത്തിക്കാളുന്ന സൂര്യ ബിംബത്തിന്റെ ഉഗ്രത്തിളക്കത്തില്‍ അല്‍പ്പ നേരം എന്റെ കണ്ണുടക്കി നിന്നു. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയും, തൊണ്ടയില്‍ ഗദ്ഗദം വിങ്ങിപ്പൊട്ടുകയും ചെയ്തു. ഗ്രീക്ക് നാടകങ്ങളിലെ  വിഖ്യാത കഥാപാത്രമായ ' ലിയര്‍ രാജാവി ' നെപ്പോലെ ഞാന്‍ സൂര്യനോട് ചോദിച്ചു : 'എന്തുകൊണ്ട്, എന്ത് കൊണ്ട് എനിക്ക് മാത്രം ഒരു വീട് ?' വാചകം പൂര്‍ത്തിയാക്കാന്‍ കഴിയാതെ ഞാന്‍ തേങ്ങിപ്പോയി.

ലഞ്ച് കഴിഞ്ഞു എല്ലാവരും ജോലിക്കു കയറി. സ്‌പ്രെഡ്ഡിങ് ടേബിളില്‍ വിരിച്ചിട്ട ഒരടിയോളം പൊക്കമുള്ള സ്‌പ്രെഡിനു മുകളിലെ  നീല വരകളിലൂടെ എന്റെ കട്ടിങ് മെഷീന്‍ ബ്ലേഡ് മുറിഞ്ഞു കയറിക്കൊണ്ടിരിക്കുകയാണ്. മെഷീന്‍ ഒരു വൃത്തം പൂര്‍ത്തിയാക്കുന്‌പോള്‍ ഒരു ടി ഷര്‍ട്ടിന്റെ ഏതെങ്കിലും ഭാഗത്തിന്റെ മുന്നൂറു പീസുകള്‍ മുറിഞ്ഞു വീഴും. സഹായികള്‍ അത് പാക്ക്  ചെയ്‌യുകയും. റാഗ്‌സ് നീക്കം ചെയ്ത് ടേബിള്‍ വൃത്തിയാക്കി അടുത്ത സ്‌പ്രെഡിന് തയാറെടുക്കുകയും ചെയ്യുന്നു. എനിക്ക് ഒരത്യാവശ്യ ഫോണ്‍ കോള്‍ ഉണ്ടെന്നറിഞ്ഞ് ഡയറക്ടറുടെ ടേബിളില്‍ ചെന്ന് ഞാന്‍ ഫോണ്‍ എടുക്കുന്നു.

മകനാണ്. ' അന്നത്തെ പത്രത്തില്‍ ഒരു വീട് വില്‍ക്കുന്നതിനുള്ള പരസ്യം കണ്ടെന്നും, വില കുറവായതു കൊണ്ട് അവന്‍ വിളിച്ചു ചോദിച്ചുവെന്നും, അഞ്ചു മണിക്ക് വീട് കാണുന്നതിനുള്ള അപ്പോയിന്‍മെന്റ് കിട്ടിയിട്ടുണ്ടെന്നും, ആയതിനാല്‍ ഇന്ന് ഓവര്‍ ടൈം നില്‍ക്കാതെ നേരത്ത വരണമെന്നും '  പറയാനാണ് അവന്‍ വിളിച്ചത്. അന്ന് അല്‍പ്പം നേരത്തെ ഇറങ്ങി വീട്ടില്‍ ചെന്നപ്പോള്‍ അവന്‍ കൂടുതല്‍ വിവരം പറഞ്ഞു. 'രണ്ടു ബെഡ്‌റൂമും അനുബന്ധ സൗകര്യങ്ങളും ബേസ്‌മെന്റും ഉള്ള ഈ വീട് ഒരു അമ്മാമ്മയുടേത് ആയിരുന്നു എന്നും, അവന്റെ പേപ്പര്‍ റൗട്ട് റൂട്ടില്‍ ഉള്ളതാണെന്നും, മുന്‍പ് അമ്മാമ്മ അവന്റെ കസ്റ്റമര്‍ ആയിരുന്നുവെന്നും, ഇപ്പോള്‍ കുറേക്കാലമായി കാണാറില്ലെന്നും, ഒരു ലക്ഷത്തി പതിനഞ്ചായിരം  ഡോളര്‍ ആണ് വിലയിട്ടിരിക്കുന്നതെന്നും, അത് കൊണ്ടാണ് വിളിക്കാന്‍ കാരണമെന്നും അവന്‍ വിശദീകരിച്ചു. ( സമാനമായ വീടിന് അന്നും ഒന്നര ലക്ഷത്തിനു മേല്‍ വിലയുണ്ടായിരുന്നു.) 

ഞങ്ങള്‍ റിയല്‍ എസ്‌റ്റേറ്റ് എജെന്റിന്റെ ഓഫിസിലെത്തി. നാല്‍പ്പതു കാരിയായ റോസ്‌മേരി എന്ന ഒരു യുവതിയാണ് ഏജന്റ്. ഭര്‍ത്താവ് ഫയര്‍ മാന്‍ ആയി ജോലി ചെയ്‌യുന്നു. കുട്ടികളെയും നോക്കി വീട്ടില്‍ ഇരിക്കുന്നതിനിടക്ക് സൈഡ് ബിസ്സിനസ്സായിട്ടാണ് ഈ ഏജന്‍സിപ്പണി ചെയ്യുന്നത്. വീട്ടുടമയായ മിസ് ' സില്‍വസ്ട്രി ' മരണമടഞ്ഞുവെന്നും, ഭര്‍ത്താവോ, മക്കളോ മറ്റവകാശികളോ ഇല്ലാത്തതിനാല്‍ ബന്ധുക്കള്‍ ഏര്‍പ്പെടുത്തിയ ലോയര്‍ ആണ് വീട് വില്‍ക്കുന്നതെന്നും മറ്റുമുള്ള വിവരങ്ങള്‍ റോസ്‌മേരി പറഞ്ഞു. ഒരു ലക്ഷത്തി പതിനഞ്ചായിരം ഡോളര്‍ ചോദിക്കുന്ന വീടിന് ഒരു ലക്ഷത്തി ആറായിരം ഡോളര്‍ ഓഫര്‍ കൊടുത്ത് ഞങ്ങള്‍ മടങ്ങിപ്പോന്നു. ഇങ്ങനെ കിട്ടുന്ന ഓഫറുകള്‍ ഉടമയുമായി ചര്‍ച്ച ചെയ്തിട്ടാണ് വില്‍പ്പന തീരുമാനിക്കപ്പെടുന്നത്. അതിനു നിയമാധിഷ്ഠിതമായ ചില പ്രൊസീജറുകള്‍ ഉണ്ട്. അതെല്ലാം പൂര്‍ത്തിയാക്കികൊണ്ടു മാത്രമേ ഇവിടെ ഒരു പ്രോപ്പര്‍ട്ടിയുടെ ക്രയവിക്രയം നടക്കുകയുള്ളൂ.

രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ റോസ്‌മേരിയുടെ ഓഫീസില്‍ നിന്ന് വിളി വന്നു. ഞങ്ങള്‍ കൊടുത്ത ഓഫറിന് തുല്യമായ മറ്റൊരു ഓഫര്‍ കൂടിയുണ്ടെന്നും, ഇതിനേക്കാള്‍ ഉയര്‍ന്ന ഓഫര്‍ ഉണ്ടെങ്കില്‍ രേഖാമൂലം അറിയിക്കണം എന്നുമായിരുന്നു അറിയിപ്പ്. ഞാനും, എല്‍ദോസും റോസ്‌മേരിയുടെ ഓഫീസിലെത്തി. ആയിരം ഡോളര്‍ കൂടി കൂട്ടിയാല്‍ മതിയെന്ന് അവന്‍ നിര്‍ദ്ദേശിച്ചുവെങ്കിലും, എന്തും വരട്ടെ എന്ന് കരുതി രണ്ടായിരം ഡോളര്‍ കൂട്ടിയുള്ള ഒരു ലക്ഷത്തി എട്ടായിരം ഡോളറിനുള്ള ഓഫര്‍ ഞാന്‍ ഒപ്പിട്ടു കൊടുത്ത് തിരിച്ചു പൊന്നു. 

പിറ്റേ ദിവസം തികച്ചും അവിശ്വസനീയവും, അത്ഭുതകരവുമായ ഒരു സംഭവം നടന്നു. എവിടെ നിന്നോ ഞങ്ങളുടെ നന്പറില്‍ ഒരു ഫോണ്‍ കാള്‍ വന്നു. അങ്ങേത്തലക്കല്‍ ആളുകള്‍ സംസാരിക്കുന്നതിന്റെ ഒച്ചപ്പാടുകള്‍ ഉണ്ട്. ഒരു സ്ത്രീ ശബ്ദം ' യൂ ഹാവ് ദി ഹാവൂസ് ' എന്ന് പറഞ്ഞതിന് ശേഷം ഫോണ്‍ കട്ട് ചെയ്തു. റോസ്‌മേരി വിളിച്ചതാവും എന്നാണു കരുതിയത്. എങ്കില്‍പ്പിന്നെ എന്ത് കൊണ്ട് വിശദ  വിവരം പറഞ്ഞില്ല എന്നോര്‍ത്തു. ഒരു പക്ഷെ ഫോണ്‍ കട്ടായതാവും എന്ന് കരുതി അവരെ തിരിച്ചു വിളിച്ചു. അവര്‍ വിളിച്ചിട്ടില്ല. മാത്രമല്ലാ പുതിയ ഓഫറുകളെക്കുറിച്ച് ലോയറുമായി അവര്‍ ഇതുവരെയും ചര്‍ച്ച ചെയ്തിട്ടുമില്ല. വാങ്ങുന്ന ആളുടെ ക്രെഡിറ്റ് നില, ബാങ്കില്‍ നിന്ന് ലോണ്‍ കിട്ടുവാനുള്ള സാധ്യത എന്നിവയെല്ലാം പരിശോധിച്ച ശേഷമേ വീട് നമുക്ക് വില്‍ക്കണമോ, വേണ്ടയോ എന്ന് ലോയര്‍ തീരുമാനിക്കുകയുള്ളു. നാളെയാണ് അവര്‍ ലോയറെ കാണാന്‍ പോകുന്നത് എന്നും പറഞ്ഞു. ( എന്റെ ഫോണ്‍ നന്പറില്‍ എന്നെ വിളിച്ച് ' യു ഹാവ് ദി ഹാവ്‌സ് ' എന്ന് പറഞ്ഞ ആ സ്ത്രീ ശബ്ദം ആരുടേതായിരുന്നു എന്നത് ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ പട്ടികയില്‍ ഇന്നും അവശേഷിക്കുന്നു ! അവരുടേതായി കോളര്‍ ഐഡിയില്‍ വന്ന നന്പറില്‍ തിരിച്ചു വിളിക്കുന്‌പോള്‍ ആ നന്പര്‍ നിലവിലില്ല എന്ന അറിയിപ്പാണ് കിട്ടിയിരുന്നത്. ) 

രണ്ടാം ദിവസം റോസ്‌മേരിയുടെ കാള്‍ വന്നു. അയ്യായിരം ഡോളറില്‍ കുറയാത്ത തുകയുടെ സര്‍ട്ടിഫൈഡ് ചെക്കുമായി കരാര്‍ ഒപ്പിടാനായി ആഫീസില്‍ എത്തണമെന്നായിരുന്നു നിര്‍ദ്ദേശം. നിശ്ചിത സമയത്തു തന്നെ റോസ് മേരിയുടെ ആപ്പീസിലെത്തുന്‌പോള്‍ വില്പനക്കാരനായ ലോയറും  അവിടെയുണ്ട്. അദ്ദേഹം തയാറാക്കിയ നിശ്ചിത കോണ്‍ട്രാക്ടില്‍ ബന്ധപ്പെട്ട കക്ഷികള്‍ ഒപ്പിട്ടതോടെ അറ്റ്‌ലാന്റിക് മഹാസമുദ്ര തീരത്തെ ഈ അമേരിക്കന്‍ മണ്ണിലെ 104 റൂസ്‌വെല്‍റ്റ് അവന്യൂ എന്ന കൊച്ചു വീട് ഞങ്ങളുടേതായിത്തീരുമല്ലോ എന്ന ആത്മ സംതൃപ്തിയോടെ ഞങ്ങള്‍ സ്വസ്ഥമായി ഉറങ്ങി.

അനുഭവക്കുറിപ്പുകള്‍-60 (ജയന്‍ വര്‍ഗീസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക