Image

കാല്പാടുകള്‍ (കവിത: മിനി.സി.പി)

Published on 05 January, 2020
കാല്പാടുകള്‍ (കവിത: മിനി.സി.പി)
നിങ്ങളൊരിക്കല്‍പ്പോലും
അനുഭവിക്കാത്ത/
അനുഭവിക്കാനിടയില്ലാത്ത,
ജീവിതങ്ങളെങ്ങനെ
പുലരുന്നുവെന്നറിയാതെ വരുമ്പോള്‍,
ഊഹോപോഹങ്ങളുടെ
ദുര്‍ബ്ബലമായ മറയിലിരുന്ന്,
നിങ്ങള്‍ക്കങ്ങനെ,
ചിന്തിക്കാനും പറയാനുമേ ആവൂ..

കാരണം, അതിജീവനം
ഒരറിയാപ്പാതയാണ്!!
ചിലപ്പോഴത്, ആഴമറിയാത്തൊരു എടുത്തുചാട്ടമാവാം..
നില്‍ക്കുമിടം ഇല്ലാതാവുമ്പോള്‍,
മാത്രം സംഭവിക്കുന്നത്..

പറിച്ചെടുക്കലില്‍ നീറ്റമാറാതെ,
ജീവവേരുകള്‍ പിടയുംനേരം
നാളെ ചെന്നിറങ്ങേണ്ട
അറിയാനഗരത്തിലേക്ക്,
പായാനൊരുങ്ങും
രാത്രിവണ്ടിയിലേക്ക്...

ഉടലിനൊപ്പം പോരാത്ത
മനസ്സിനെ മെരുക്കി,
ഉറച്ച വിടചൊല്ലലില്‍
പതിയെ പാകപ്പെടുവോളം
ഇരുളില്‍ വീണ
മിഴിനീര്‍കണങ്ങളെ പ്രിയമോടെ പെറുക്കിയെടുത്ത്,
പുതിയ പ്രഭാതം
കാതങ്ങള്‍ക്കകലെ
വിടരുമ്പോള്‍,
ഇരുളിനെ വിട്ടെണീക്കണമെന്ന,
ഉള്‍വിളിയുടെ ജാഗ്രതയാണ്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക